Kerala
കോടതി മാറ്റം ആവശ്യപ്പെട്ട് ശ്രീറാം; കെ എം ബഷീര്‍ കൊലപാതക കേസില്‍ വിചാരണ മാറ്റി
പ്രതിയുടെ അഭിഭാഷകന് കോടതിയുടെ വിചാരണ നടക്കുന്ന ഒന്നാം നിലയിലേക്ക് കയറാന്‍ കഴിയാത്ത അവശത. കോടതി മാറ്റം ആവശ്യപ്പെട്ട് പ്രതി ശ്രീറാം ഹരജി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് വിചാരണ മുടങ്ങിയത്.
തിരുവനന്തപുരം | സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ മദ്യലഹരിയില്‍ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ വിചാരണ മുടങ്ങി. പ്രതിയുടെ അഭിഭാഷകന്‍ അഡ്വ. ബി രാമന്‍പിള്ളക്ക് നിലവില്‍ കേസ് പരിഗണിക്കുന്ന വഞ്ചിയൂര്‍ കോടതിയിലെ ഒന്നാം നിലയിലെ വിചാരണ കോടതിയിലേക്ക് ഗോവണി പടികള്‍ കയറാന്‍ സാധിക്കാത്ത വിധത്തിലുള്ള അവശതയുള്ളതിനാല്‍ കോടതി മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് ശ്രീറാം ഹരജി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് വിചാരണ മുടങ്ങിയത്.
കോടതി മാറ്റ ഹരജി പരിഗണിക്കാന്‍ അധികാരപ്പെട്ട തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി അവധിയിലായതിനാലാണ് ഹരജി തീര്‍പ്പാകാത്തത്. പാലക്കാട് ജില്ലാ ജഡ്ജി നസീറയെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയായി ഹൈക്കോടതി നിയമിച്ചിരുന്നുവെങ്കിലും നിയുക്ത ജഡ്ജി തിരുവനന്തപുരത്ത് ചാര്‍ജെടുക്കാതെ അവധിയില്‍ പ്രവേശിക്കുകയായിരുന്നു.
ബ്രിട്ടീഷ് കാലഘട്ടത്തില്‍ പണികഴിപ്പിച്ച ‘എച്ച്’ മോഡല്‍ ഓടിട്ട രണ്ടുനില കെട്ടിടത്തിന്റെ ഒന്നാം നിലയിലെ വിചാരണ കോടതിയിലേക്ക് ഗോവണി പടികള്‍ കയറാന്‍ സാധിക്കാത്ത അവശതയുള്ളതിനാല്‍ കോടതി മാറ്റം വേണമെന്ന പ്രതിയുടെ ഹരജിയില്‍ തീര്‍പ്പു കല്‍പ്പിക്കും വരെയാണ് സാക്ഷിവിസ്താരം മാറ്റിവെച്ചത്. തുടര്‍ന്ന് കേസ് 19 ന് പരിഗണിക്കാനായി മാറ്റി. സാക്ഷി സമന്‍സ് റദ്ദാക്കിയ കോടതി നേരത്തേ അയച്ച സമന്‍സുകള്‍ തിരികെ വിളിപ്പിച്ചു.
കേസില്‍ ഡിസംബര്‍ രണ്ടിന് വിചാരണ തുടങ്ങാന്‍ കോടതി നേരത്തെ ഷെഡ്യൂള്‍ ചെയ്തിരുന്നു. ഡിസംബര്‍ രണ്ടു മുതല്‍ 18 വരെയായി 95 സാക്ഷികളെ വിസ്തരിക്കാനാണ് കോടതി ഉത്തരവിട്ടിരുന്നത്. വിവിധ തീയതികളിലായി 95 സാക്ഷികള്‍ ഹാജരാകാനും കോടതി ഉത്തരവിടുകയും ഇവര്‍ക്ക് സമന്‍സ് അയക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ പി അനില്‍കുമാര്‍ ആണ് പ്രതിയെ വിചാരണ ചെയ്യാന്‍ ഉത്തരവിട്ടത്. ഇതിനിടെയാണ് കോടതി നടപടികള്‍ നീട്ടിക്കൊണ്ടുപോകുന്ന രീതിയിലുള്ള പ്രതിയുടെ നടപടികള്‍.
നേരത്തെ വിചാരണ കോടതിയിലും നടപടികള്‍ നീട്ടിക്കൊണ്ടുപോകുന്നതിനായി പ്രതി ഒട്ടേറ തടസ്സവാദങ്ങളും സാങ്കേതിക പ്രശ്നങ്ങളും ഉന്നയിച്ചിരുന്നു. തുടര്‍ന്ന് സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടെ വിളിച്ചുവരുത്തി കോടതി പ്രതി ഉന്നയിച്ച വിഷയങ്ങളില്‍ വ്യക്തത വരുത്തിയിരുന്നു.