Organisation
ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം: സര്‍ക്കാര്‍ ജനങ്ങളെ വിഡ്ഢികളാക്കുന്നു- എസ് എസ് എഫ്
കേസിലെ പ്രതികളെ ഒരിക്കലും രക്ഷപ്പെടാന്‍ അനുവദിക്കില്ല എന്ന് കെ എം ബഷീര്‍ കൊല്ലപ്പെട്ട സമയത്ത് മുഖ്യമന്ത്രി ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയതാണ്. ഇത് പാലിച്ചില്ല.
പാലക്കാട് | മദ്യപിച്ച് വാഹനമോടിച്ച് സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച സര്‍ക്കാര്‍ നടപടി മനുഷ്യത്വ രഹിതമാണെന്ന് എസ് എസ് എഫ് പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. കേസിലെ പ്രതികളെ ഒരിക്കലും രക്ഷപ്പെടാന്‍ അനുവദിക്കില്ല എന്ന് കെ എം ബഷീര്‍ കൊല്ലപ്പെട്ട സമയത്ത് മുഖ്യമന്ത്രി ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയതാണ്. ഇത് പാലിച്ചില്ല എന്ന് മാത്രമല്ല ഉന്നത സ്വാധീനം ഉപയോഗിച്ച് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച കൊടും കുറ്റവാളിയെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ അധികാരമുള്ള ജില്ലാ കലക്ടറായി നിയമിച്ച നടപടി സര്‍ക്കാരിന്റെ ക്രൂര വിനോദവും അതിനെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ നിലപാട് ജനങ്ങളെ അപഹസിക്കലുമാണെന്നും സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.
ശ്രീറാമിനെ കലക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ ജില്ലാ പ്രാസ്ഥാനിക കുടുംബം നാളെ നടത്തുന്ന കലക്ടറേറ്റ് മാര്‍ച്ച് വിജയിപ്പിക്കുന്നതിന് മുഴുവന്‍ എസ് എസ് എഫ് ഡിവിഷന്‍, സെക്ടര്‍, യൂണിറ്റ് കമ്മിറ്റികളും പ്രവര്‍ത്തകരും സജീവമായി രംഗത്തിറങ്ങണമെന്ന് സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു. പ്രസിഡന്റ് റഫീഖ് കാമില്‍ സഖാഫി പാണ്ടമംഗലം, ജനറല്‍ സെക്രട്ടറി കെ എം ശഫീഖ് സഖാഫി മപ്പാട്ടുകര, ഹാഫിള് അബ്ബാസ് സഖാഫി ഒറ്റപ്പാലം, സയ്യിദ് യാസീന്‍ അല്‍ ജിഫ്രി പ്രസംഗിച്ചു.