kmj
ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം പിൻവലിക്കണം: കേരള മുസ്‌ലിം ജമാഅത്ത്
ഈ സാഹചര്യത്തില്‍ സത്യസന്ധതയെയും നീതിയെയും ചോദ്യം ചെയ്യുന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി ശ്രീറാം വെങ്കിട്ടരാമന്റെ നിയമനംം വേഗത്തില്‍ പുനഃപരിശോധിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരം | കൊലപാതക കേസില്‍ വിചാരണ നേരിടുന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ അധികാരമുള്ള തസ്തികയില്‍ നിയമിച്ച നടപടി പുനഃപരിശോധിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നടപടി നിയമ വ്യവസ്ഥിതിയെയും പൊതുസമൂഹത്തെയും കൊല്ലപ്പെട്ട സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിന്റെ കുടുംബത്തെയും വെല്ലുവിളിക്കുന്നതാണെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ വിശദീകരിച്ചു.
ഔദ്യോഗിക സ്ഥാനത്തിരുന്ന് മദ്യപിച്ച് കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നടപടികള്‍ തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ പുരോഗമിക്കുന്നതിനിടെയാണ് സര്‍വീസ് ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴയില്‍ ജില്ലാ കലക്ടറായി നിയമിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നിയമിച്ച എ ഡി ജി പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിനൊടുവില്‍ കൊലപാതകക്കുറ്റം ചുമത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമന്‍ നിയമ വ്യവസ്ഥിതിയില്‍ നിന്ന് ഒളിച്ചോടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഇത്തരമൊരു വ്യക്തിയെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ അധിമാരമുള്ള ജില്ലാ കലക്ടര്‍ പദവിയില്‍ അവരോധിക്കുന്നത് കുറ്റവാളികളെ പ്രോത്സാഹിക്കുന്ന നയമായാണ് വിലയിരുത്തപ്പെടുക. ഒപ്പം നിയമ ലംഘകര്‍ക്കും തെളിവ് നശിപ്പിക്കുന്നവര്‍ക്കും ഒത്താശ ചെയ്യുന്ന രീതിയിലുള്ള നടപടി പൊതുജനങ്ങളുടെ സര്‍ക്കാറിലുള്ള വിശ്വാസത്തെ ഇല്ലാതാക്കും. ഈ സാഹചര്യത്തില്‍ സത്യസന്ധതയെയും നീതിയെയും ചോദ്യം ചെയ്യുന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം വേഗത്തില്‍ പുനഃപരിശോധിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.