sreeram venkittaraman
കേരള മുസ്ലിം ജമാഅത്തിൻ്റെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ശ്രീറാമിനെ കലക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി
ശനിയാഴ്ച കേരള മുസ്ലിം ജമാഅത്ത് ജില്ലാ കലക്ടറേറ്ററുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും വൻ പ്രതിഷേധ മാർച്ചും ധർണയും നടത്തിയിരുന്നു.
തിരുവനന്തപുരം | സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ മദ്യപിച്ച് വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി. കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടന്ന ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. വി ആര്‍ കൃഷ്ണ തേജയാണ് പുതിയ ആലപ്പുഴ കലക്ടര്‍.
കേരള പത്രപ്രവര്‍ത്തക യൂനിയനും വന്‍ പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയിരുന്നത്. കോണ്‍ഗ്രസും മുസ്ലിം ലീഗും ശ്രീറാമിനെ ബഹിഷ്‌കരിക്കുകയും ചുമതലയേല്‍ക്കുന്ന ദിവസം യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി വീശുകയും ചെയ്തിരുന്നു. സിവിൽ സപ്ലൈസ് വകുപ്പിലേക്കാണ് ശ്രീറാമിനെ മാറ്റിയത്.
കഴിഞ്ഞയാഴ്ചയാണ് ഐ എ എസ് തലത്തിലെ അഴിച്ചുപണിയുടെ ഭാഗമായി ശ്രീറാമിനെ ആലപ്പുഴ കലക്ടറാക്കിയത്. എന്നാൽ, ഇതിനെതിരെ അന്നുതന്നെ കേരള മുസ്ലിം ജമാഅത്തും മാധ്യമസമൂഹവും പൊതുജനങ്ങളും കനത്ത പ്രതിഷേധമാണ് ഉയർത്തിയത്. സൈബറിടങ്ങളിൽ ഹാഷ്ടാഗുകൾ ഉപയോഗിച്ചും പ്രതിഷേധമുയർന്നു. ശനിയാഴ്ച കേരള മുസ്ലിം ജമാഅത്ത് ജില്ലാ കലക്ടറേറ്ററുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും വൻ പ്രതിഷേധ മാർച്ചും ധർണയും നടത്തിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ശ്രീറാം ചുമതലയേറ്റത്.