sahityotsav 2023
എസ് എസ് എഫ് കാസർകോട് ജില്ലാ സാഹിത്യോത്സവ് സമാപിച്ചു; കുമ്പള ഡിവിഷൻ ജേതാക്കൾ
സമാപന സംഗമം റശീദ് സഅദി പൂങ്ങോടിൻ്റെ അധ്യക്ഷതയിൽ രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു.
ഉളിയത്തടുക്ക | ‘വൈവിധ്യങ്ങളൊഴുകുന്ന പാട്ടുഭാഷകൾ’ എന്ന പ്രമേയത്തിൽ മുപ്പതാം കാസർകോട് ജില്ലാ സാഹിത്യാത്സവ് ഉളിയത്തടുക്ക ഹർക്ക് വില്ലയിൽ സമാപിച്ചു. മൂന്ന് ദിവസമായി നടന്ന കലാ സാഹിത്യ മത്സരങ്ങളിൽ കുമ്പള ഡിവിഷൻ 623 പോയിൻ്റ് നേടി ഓവറോൾ ചാമ്പ്യന്മാരായി. 472 പോയിൻ്റ് നേടി മഞ്ചേശ്വരം ഡിവിഷനും 447 പോയിൻ്റോടെ ബദിയഡുക്ക ഡിവിഷനും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
കാമ്പസ് വിഭാഗത്തിൽ എൽ ബി എസ് എൻജിനീയറിംഗ് കോളജ് പൊവ്വൽ ചാമ്പ്യൻഷിപ്പ് ട്രോഫിയും മാലിക് ദീനാർ കോളജ് ഓഫ് ഫാർമസി സീതാംങ്കോളി, സി കെ നായർ ആർട്സ് & മാനേജ്മെൻ്റ് കൊളജ് പടന്നക്കാട് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കലാപ്രതിഭയായി കുമ്പള ഡിവിഷനിലെ ഉമറുൽ ഫാറൂഖിനേയും സർഗപ്രതിഭയായി ബദിയഡുക്ക ഡിവിഷനിലെ സനീർ ഗോളിയഡുക്കയേയും തിരഞ്ഞടുത്തു.
സമാപന സംഗമം റശീദ് സഅദി പൂങ്ങോടിൻ്റെ അധ്യക്ഷതയിൽ രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങൾ കല്ലക്കട്ട പ്രാർഥന നടത്തി. സി എൻ ജാഫർ സാദിഖ് ആയിരുന്നു അനുമോദന പ്രഭാഷണം. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം, കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി ട്രോഫി വിതരണം ചെയ്തു. അടുത്ത വർഷത്തെ സാഹിത്യോത്സവിന് ഉപ്പള ഡിവിഷൻ വേദിയാകും.