ssf golden fifty
സമ്മേളന സംസ്കാരത്തിന് പുതുവഴി സൃഷ്ടിച്ച് എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റിക്ക് പ്രൗഢോജ്വല സമാപനം
വിദ്യാർഥികളുടെ വിദ്യാഭ്യാസ, കരിയർ ഭാവിയും ധൈഷണിക വികാസവും മുഖ്യ ആശയമായി സ്വീകരിച്ചായിരുന്നു ഒരാഴ്ചയായി കണ്ണൂരിൽ സമ്മേളനം നടന്നത്.
കണ്ണൂർ| എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി സമാപിച്ചത് സമ്മേളന സംസ്കാരത്തിന് പുതുവഴി തീർത്ത്. ക്രിയാത്മകതയുടെ മാതൃകയും വൈവിധ്യങ്ങളുടെ സൗന്ദര്യവുമാണ് ഗോൾഡൻ ഫിഫ്റ്റിയെ വേറിട്ടുനിർത്തിയത്. വിദ്യാർഥികളുടെ വിദ്യാഭ്യാസ, കരിയർ ഭാവിയും ധൈഷണിക വികാസവും മുഖ്യ ആശയമായി സ്വീകരിച്ചായിരുന്നു ഒരാഴ്ചയായി കണ്ണൂരിൽ സമ്മേളനം നടന്നത്. വിദ്യാഭ്യാസ കരിയർ എക്സ്പോ, ദേശീയ പുസ്തകോത്സവം, സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങളിൽ പഠന, സംവാദ സമ്മേളനങ്ങൾ എന്നിവ ഗോൾഡൻ ഫിഫ്റ്റിയുടെ മുഖമുദ്രയായി. അമ്പതാം വാർഷിക സമാപനത്തിൽ 50 ആശയ സമ്മേളനങ്ങളും സംഘടിപ്പിച്ചു.
ഉപരിപഠന, തൊഴിൽ മേഖലകളിലേക്ക് ദിശാബോധം നൽകുന്നതിനായി 80 വിഭാഗങ്ങളിലായി 250 കരിയർ വിദഗ്ധർ പങ്കെടുത്ത എഡുസൈൻ കരിയർ എക്സ്പോ സമ്മേളനത്തിന്റെ മുഖ്യ ആകർഷണമായിരുന്നു. രണ്ട് ലക്ഷത്തോളം പേർ കരിയർ എക്സ്പോയിലെ ഗൈഡൻസ് ഡെസ്കുകളിൽ സേവനവും വിവരങ്ങളും തേടിയെത്തി. രാഷ്ട്രീയം, സാമൂഹികം, കല, സാഹിത്യം, മതം തുടങ്ങിയ വിഭാഗങ്ങളിൽ പഠനങ്ങൾ, സംവാദങ്ങൾ, പ്രഭാഷണങ്ങൾ എന്നിവ ഉൾപെടുത്തിയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 50 സമ്മേളനങ്ങൾ നടന്നത്. ദീപു എസ് നായർ, പിഎൻ ഗോപീകൃഷ്ണൻ, രാഹുൽ റെഡ്ഡി (മൈക്രോസോഫ്റ്റ്), ഡോ. കെഎം അനിൽ, കെകെ ബാബുരാജ്, സുകുമാരൻ ചാലിഗദ്ധ, വിനിൽപോൾ, ഗോപിനാഥ് രവീന്ദ്രൻ, സനീഷ് ഇളയിടത്ത്, ടിഎം ഹർഷൻ, പികെ സുരേഷ്കുമാർ, ആർ രാജഗോപാൽ, രാജീവ് ശങ്കരൻ, എം ലിജു, വികെ സനോജ്, ഡോ. എൻ എൻ മുസ്ഥഫ, ഡോ. ശ്യാംകുമാർ, ഡോ. കെഎ നുഐമാൻ, ഡോ. പി ശിവദാസൻ തുടങ്ങിയ പ്രഗത്ഭരാണ് വിവിധ സമ്മേളനങ്ങളിൽ പ്രസംഗിച്ചത്.
വിവിധ പ്രസാധകരുടെതായി 5,000ലധികം പുസ്തകങ്ങളുടെ ശേഖരവുമായി നടന്ന ദേശീയ പുസ്തകോത്സവം സമ്മേളനത്തിലെ മുഖ്യ ആകർഷണമായിരുന്നു. സ്ത്രീകളും കുട്ടികളുമുൾപ്പെടെ ആയിരങ്ങളാണ് പുസ്തകമേളയിലെത്തി പുസ്തകങ്ങൾ സ്വന്തമാക്കിയത്. പുസ്തകോത്സവത്തോടനുബന്ധിച്ച് എസ് എസ് എഫ് പ്രസാധന സംരംഭമായ ഐ പി ബിയുടെ 50 പുസ്തകങ്ങളുടെ പ്രകാശനവും നടന്നു. പുസ്തകമേളയിൽ സാഹിത്യ സംവാദങ്ങൾ, പുസ്തക ചർച്ചകൾ, സാംസ്കാരിക സംസാരങ്ങൾ എന്നിവയും നടന്നു. സംസ്ഥാനത്തെ 120 ഡിവിഷൻ കമ്മിറ്റികളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട ആയിരം വിദ്യാർഥികൾ പങ്കെടുത്ത സംസ്ഥാന പ്രതിനിധി സമ്മേളനവും ഗോൾഡൻ ഫിഫ്റ്റിയുടെ ഭാഗമായി നടന്നു. വിവിധ സാമൂഹിക പഠന സെഷനുകളും ചർച്ചകളും പ്രതിനിധി സമ്മേളനത്തിൽ നടന്നു.
പ്രതിനിധികൾക്കു പുറമേ കണ്ണൂർ ജില്ലയിൽനിന്നുള്ള പ്രതിനിധികൾൾ വിവിധ ഉപ സമ്മേളനങ്ങളിൽ പങ്കെടുത്തു. നമ്മൾ ഇന്ത്യൻ ജനത പ്രമേയത്തിൽ ഒരു വർഷം നീണ്ടുനിന്ന ഗോൾഡൻ ഫിഫ്റ്റി പരിപാടികൾക്കാണ് സമാപനമായത്. ഒരു വർഷത്തിനിടെ പ്രമേയം മുന്നോട്ടു വെക്കുന്ന രാജ്യത്തിന്റെ ജനാധിപത്യ, മതേതര, ദേശീയ സന്ദേശങ്ങളെ ആസ്പദിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
ജവഹർ സ്റ്റേഡിയത്തിലെ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ സാക്ഷിയാക്കി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ ഗോൾഡൻ ഫിഫ്റ്റി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.സമസ്ത പ്രസിഡന്റ് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്്ലിയാർ അധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നിർവഹിച്ചു. സയ്യിദ് ഇബ്്റാഹിം ഖലീൽ അൽബുഖാരി, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ, പൊന്മള അബ്ദുൽ ഖാദിർ മുസ്്ലിയാർ, പേരോട് അബ്ദുർറഹ്മാൻ സഖാഫി, സയ്യിദ് ത്വാഹാ സഖാഫി, ഡോ. അബ്ദുൽ ഹകീം അസ്ഹരി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി പ്രസംഗിച്ചു. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഫിർദൗസ് സുറൈജ് സഖാഫി, സി ആർ കെ മുഹമ്മദ് എന്നിവർ നയപ്രഖ്യാപനം നടത്തി. സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കുറ, വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി, അബു ഹനീഫൽ ഫൈസി തെന്നല, വി പി എം ഫൈസി വില്ല്യാപ്പള്ളി, സംബന്ധിച്ചു. ഡോ. അബൂബക്കർ സ്വാഗതവും റശീദ് നരിക്കോട് നന്ദിയും പറഞ്ഞു. രിസാല വാരികയുടെ ഡിജിറ്റൽ പ്രസിദ്ധീകരണമായ രിസാല അപ്‌ഡേറ്റിന്റെ പ്രകാശനവും കാന്തപുരം നിർവഹിച്ചു.
കഴിഞ്ഞ 23 ന് ധർമപതാക വാനിലുയർത്തിയതോടെ തുടക്കം കുറിച്ച ഗോൾഡൻ ഫിഫ്റ്റി സമ്മേളനം വൈവിധ്യങ്ങളായ സമ്മേളനങ്ങൾക്ക് ശേഷമാണ് ഇന്നലെ വൈകീട്ട് തിങ്ങിനിറഞ്ഞ ഐതിഹാസിക സമ്മേളനത്തോടെ സമാപിച്ചത്. കണ്ണൂരിലെ അഞ്ച് വേദികളിലായി അമ്പതോളം സെഷനുകളാണ് മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ചത്. പ്രതിനിധി സമ്മേളനത്തിൽ രണ്ടായിരത്തോളം പേർ പങ്കെടുത്തു. രാജ്യത്തിന്റെ വർത്തമാനം, പൗരന്റെ ഭാവി, ദേശീയ വിദ്യാഭ്യാസ നയം, ഭരണകൂടം, മാധ്യമങ്ങൾ, ജനാധിപത്യം, അംബേദ്കറിന്റെ രാഷ്ട്ര സങ്കൽപ്പങ്ങൾ, മതേതര കേരളം: ആകുലതകൾ, ആശ്വാസങ്ങൾ, ചരിത്രത്തിന്റെ നിറംമാറ്റങ്ങൾ; വ്യാജ നിർമിതികളുടെ ബദലുകൾ തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടു. നമ്മൾ ഇന്ത്യൻ ജനത എന്ന പ്രമേയത്തിന്റെ വിവിധ തലങ്ങൾ ചർച്ച ചെയ്യുന്ന അമ്പത് സെഷനുകളാണ് കഴിഞ്ഞ നാല് ദിനങ്ങളിലായി കണ്ണൂർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയത്.
ദിനേശ് ഓഡിറ്റോറിയം, കാൾടെക്‌സ്, കലക്്ടറേറ്റ് മൈതാനം, പോലീസ് മൈതാനം, നെഹ്‌റു കോർണർ, സ്റ്റേഡിയം കോർണർ എന്നിങ്ങനെ ആറ് കേന്ദ്രങ്ങളിൽ നടന്ന വിവിധ പരിപാടികൾ ശ്രവിക്കാനെത്തിയത് നൂറുകണക്കിനാളുകളാണ്. വേദികളിലെ ഓരോ സെഷനും പങ്കാളിത്തം കൊണ്ട് ചെറു സമ്മേളനങ്ങളായി മാറി. പോലീസ് മൈതാനിയിൽ നടന്ന പുസ്തകലോകം സന്ദർശിക്കാൻ എത്തിയവരുടെ എണ്ണം ഇതിനകം അമ്പതിനായിരം കടന്നതായാണ് സംഘാടകരുടെ വിലയിരുത്തൽ. നാല് ദിനങ്ങൾ കണ്ണൂരിനെ ഇളക്കിമറിച്ചതിന്റെ ആത്മവിശ്വാസവുമായാണ് മഹാസമ്മേളനം സമാപിച്ചത്.