Articles
എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി; ദശാബ്ദി, ഹിദായത്ത് നഗര്‍
ഒരു വിദ്യാര്‍ഥി പ്രസ്ഥാനം എന്ന നിലയില്‍ നിന്ന് എസ് എസ് എഫിനെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റാന്‍ ഈ സമ്മേളനം കാരണമായി. രിസാല ദശാബ്ദി വാര്‍ഷികത്തിന്റെ സംഭാവനയായിരുന്നു. അന്ന് മാസിക ആയാണ് രിസാല ഇറങ്ങിയിരുന്നത്.
വിദ്യാര്‍ഥിത്വത്തിന്റെ ധാര്‍മിക ജീവിതത്തെ ചിന്തേരിട്ട് മിനുക്കിയ വിപ്ലവ പടയണിക്ക് അമ്പതാണ്ട് അടയാളപ്പെടുത്തി കണ്ണൂരില്‍ കൊടികളുയര്‍ന്നു കഴിഞ്ഞു. നമ്മള്‍ ഇന്ത്യന്‍ ജനതയെന്ന സുദൃഢ ആശയം ഊട്ടിയുറപ്പിക്കാന്‍ നാടിന്റെ നാനാതുറകളില്‍ നിന്നുമുള്ള വിദ്യാര്‍ഥി ജനത കണ്ണൂരില്‍ നിറയും. സുന്നി പ്രസ്ഥാനത്തിന് അഭിമാനം കൊള്ളാവുന്ന മഹാസംഗമത്തിനാണ് ആ ദേശം സാക്ഷിയാകാന്‍ പോകുന്നത്. അമ്പതാണ്ട് കെങ്കേമമാക്കാനുള്ള അക്ഷീണ പ്രയത്നത്തിന് ഊര്‍ജദായനിയാകും പ്രഥമ ദശാബ്ദി സമ്മേളനത്തെ സംബന്ധിച്ച സ്മരണകള്‍. എസ് എസ് എഫിന്റെ ചരിത്രത്തിലെ പ്രഥമ സംസ്ഥാന സമ്മേളനമായിരുന്നു കോഴിക്കോട് ഹിദായത്ത് നഗറില്‍ 1983 ഡിസംബര്‍ 22, 23, 24 തീയതികളില്‍ അരങ്ങേറിയ ദശാബ്ദി.
ഒരു വിദ്യാര്‍ഥി പ്രസ്ഥാനം എന്ന നിലയില്‍ നിന്ന് എസ് എസ് എഫിനെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റാന്‍ ഈ സമ്മേളനം കാരണമായി. സാഹിത്യ പരിപാടികള്‍, പുസ്തക പ്രസാധനം, വിദ്യാഭ്യാസ സെമിനാറുകള്‍, സിമ്പോസിയങ്ങള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരു വര്‍ഷം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നത്. രിസാല ദശാബ്ദി വാര്‍ഷികത്തിന്റെ സംഭാവനയായിരുന്നു. അന്ന് മാസിക ആയാണ് രിസാല ഇറങ്ങിയിരുന്നത്. വ്യവസ്ഥാപിത രീതിയില്‍ സംഘടന അവിരാമം കുതിക്കുന്നതിന്റെ തെളിവ് കൂടിയായിരുന്നു ഈ സമ്മേളനം. അതിന് മുമ്പ് ചില പ്രതിസന്ധികളെ സംഘടന നേരിട്ടിരുന്നുവല്ലോ. ഒരു ബഹുമുഖ പ്രസ്ഥാനമാകുമ്പോള്‍ ഇത്തരം പ്രതിസന്ധികള്‍ സ്വാഭാവികമാണ്. എന്നാല്‍, അതിനെ അഭിമുഖീകരിക്കുന്ന, അതിജീവിക്കുന്ന രീതിയാണ് പ്രധാനം. സമീപനത്തിലെ കണിശതയെ ആശ്രയിച്ചിരിക്കും മുന്നോട്ടുള്ള പ്രയാണം. അത്തരം പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിട്ട ഊര്‍ജത്തിലാണ് ജനലക്ഷങ്ങള്‍ ഹിദായത്ത് നഗറില്‍ ഒത്തുകൂടിയത്. ദശാബ്ദിക്ക് മുമ്പ് ഓരോ യൂനിറ്റ്, താലൂക്ക് കമ്മിറ്റികള്‍ സ്വന്തം നിലക്ക് സമ്മേളനങ്ങള്‍ നടത്തുന്നതായിരുന്നു പതിവ്. യൂനിറ്റുകളില്‍ എസ് എസ് എഫിന്റെ രൂപവത്കരണ വാര്‍ഷികമായാണ് സമ്മേളനങ്ങള്‍ നടത്തിയിരുന്നത്. അത്തരം സമ്മേളനങ്ങളില്‍ സമസ്തയുടെ മഹാരഥന്മാരായ നേതാക്കള്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. വിദ്യാര്‍ഥി- യുവജനതയോട് സംവദിക്കാനുള്ള വേദിയായാണ് നേതാക്കള്‍ എസ് എസ് എഫ് സമ്മേളനങ്ങളെ പ്രധാനമായും കണ്ടിരുന്നത്.
ദശാബ്ദിയോടനുബന്ധിച്ച് താഴെത്തട്ട് മുതല്‍ സംസ്ഥാന തലം വരെ സാഹിത്യ മത്സരങ്ങള്‍ നടത്തിയിരുന്നു. ഇന്നത്തെ സാഹിത്യോത്സവങ്ങളുടെ പ്രാഗ് രൂപം എന്ന് പറയാം. സിമ്പോസിയവും സെമിനാറുമായിരുന്നു മറ്റൊരു സമ്മേളന വിഭവം. പ്രധാനമായും വിദ്യാര്‍ഥി സംഘടനകളും പ്രവര്‍ത്തനങ്ങളുമാണ് ചര്‍ച്ചയായത്. വിദ്യാര്‍ഥികള്‍ക്ക് ധാര്‍മികത പകര്‍ന്നു നല്‍കേണ്ടതിന്റെ അനിവാര്യത സംബന്ധിച്ച് വിവിധ വിദ്യാര്‍ഥി നേതാക്കളെ ഉള്‍പ്പെടുത്തി വിവിധ കേന്ദ്രങ്ങളില്‍ ആശയസംവാദം നടത്താന്‍ അന്ന് എസ് എസ് എഫിന് സാധിച്ചു. എസ് എസ് എഫിന്റെ ആശയങ്ങളും പ്രവര്‍ത്തനങ്ങളും വലിയൊരു ക്യാന്‍വാസിലേക്ക് പകര്‍ന്നുനല്‍കാന്‍ ഇത്തരം ഉദ്യമങ്ങള്‍ നിമിത്തമായി.
ഡിസംബര്‍ 22 രാവിലെ ഒമ്പതിന് എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന സയ്യിദ് അബ്ദുല്‍ ഖാദിര്‍ അഹ്ദല്‍ അവേലത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രവര്‍ത്തകരെ സാക്ഷിയാക്കി സമ്മേളനത്തിന്റെ പതാക ഉയര്‍ത്തി. ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനമായിരുന്നു രണ്ടാം ദിവസത്തെ പ്രധാന ആകര്‍ഷണം. മൂന്നാം ദിനം അഖിലേന്ത്യാ വിദ്യാര്‍ഥി കണ്‍വെന്‍ഷനും നടന്നു. കോഴിക്കോട് ബീച്ചില്‍ നിന്നാണ് വിദ്യാര്‍ഥി റാലി ആരംഭിച്ചത്. വിദ്യാര്‍ഥികള്‍ മാത്രം റാലിയില്‍ അണിനിരക്കാന്‍ പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു. എസ് എസ് എഫിന്റെ സംസ്ഥാനതലത്തിലെ ആദ്യ റാലി കെങ്കേമമായിരുന്നു. അഫ്ഗാനിസ്ഥാനിലെയും ഫലസ്തീനിലെയും പോരാളികള്‍ക്ക് അഭിവാദ്യങ്ങള്‍ നേര്‍ന്ന്, വിദ്യാലയങ്ങളിലെ അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് റാലി മുന്നോട്ടു നീങ്ങിയത്. റാലി തീരുന്നതിനു മുമ്പ് മാനാഞ്ചിറയില്‍ പൊതു സമ്മേളനം ആരംഭിച്ചിരുന്നു. സയ്യിദ് അബ്ദുര്‍റഹ്‌മാന്‍ അല്‍ ബുഖാരി ഉള്ളാള്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, ഉമറലി ശിഹാബ് തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, പി എ അബ്ദുല്ല മൗലവി തുടങ്ങിയവര്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര സര്‍വീസിലും മുസ്‌ലിംകള്‍ക്ക് ജനസംഖ്യാനുപാതികമായി ജോലി സംവരണം ഏര്‍പ്പെടുത്തുക, ഉര്‍ദു രണ്ടാം ഭാഷയായി അംഗീകരിക്കുക, മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ടിന്റെ ആനുകൂല്യങ്ങള്‍ എല്ലാ മുസ്‌ലിംകള്‍ക്കും ലഭ്യമാക്കുക, പാഠ്യപദ്ധതിയില്‍ ധാര്‍മിക മൂല്യങ്ങള്‍ ഉള്‍പ്പെടുത്തുക, കോളജുകളിലെ സാമ്പത്തിക ശാസ്ത്ര സിലബസില്‍ ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രം ഉള്‍പ്പെടുത്തുക, പൂര്‍ണ മദ്യനിരോധനം നടപ്പാക്കുക, ശാസ്ത്രത്തിന്റെ മറവില്‍ നടക്കുന്ന നിരീശ്വര പ്രചാരണങ്ങള്‍ നിര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു. ഈ പ്രമേയങ്ങള്‍ നോക്കൂ, കാലത്തോട് സംവദിക്കാനുള്ള ഈ പ്രസ്ഥാനത്തിന്റെ പ്രാപ്തി. സമൂഹത്തിലേക്ക് ജാലകം തുറന്നുവെച്ചാണ് എക്കാലവും എസ് എസ് എഫ് മുന്നോട്ടുപോയിട്ടുള്ളത് എന്നതിന്റെ നിദര്‍ശനം കൂടിയാണ് ഈ പ്രമയേങ്ങള്‍.