Connect with us

Kannur

എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റിക്ക് നാളെ സമാപനം 

സമാപനം റാലിയിൽ ഒന്നര ലക്ഷം വിദ്യാർഥികൾ അണിനിരക്കും. പൊതുസമ്മേളനത്തിൽ കാന്തപുരം പ്രഭാഷണം നടത്തും

Published

|

Last Updated

കണ്ണൂർ | “നമ്മൾ ഇന്ത്യൻ ജനത’ എന്ന പ്രമേയത്തിൽ ആറ് ദിവസമായി കണ്ണൂരിൽ നടന്നുവരുന്ന എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി കേരള വിദ്യാർഥി സമ്മേളനം നാളെ  സമാപിക്കും. വൈകുന്നേരം മൂന്നിന് 14 ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഒന്നര ലക്ഷം വിദ്യാർഥികൾ അണിനിരക്കുന്ന റാലിയും തുടർന്ന് പൊതുസമ്മേളനവും നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.റാലി കണ്ണൂർ പ്രഭാത് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് ജവഹർ സ്റ്റേഡിയത്തിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തും.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിക്കും. ഈ മാസം 27ന് ആരംഭിച്ച രണ്ടായിരത്തിലധികം പേർ പങ്കെടുക്കുന്ന സംഘടനാ ക്യാമ്പിനും നാളെ സമാപനമാകും. പുസ്തകലോകം എന്ന പേരിൽ കണ്ണൂർ പോലീസ് മൈതാനിയിൽ ആരംഭിച്ച പുസ്തകോത്സവത്തിൽ ആയിരക്കണക്കിനാളുകളാണ് ഓരോ ദിവസവും എത്തുന്നത്.

എജ്യുസൈൻ എന്ന ശീർഷകത്തിലുള്ള കരിയർ എക്സ്പോ എസ് എസ് എഫ് വിദ്യാർഥി സമ്മേളനത്തിന്റെ പ്രധാന ആകർഷണമായി.   വിദ്യാർഥി സമ്മേളനം, സാംസ്‌കാരിക പരിപാടികൾ, അഭിമുഖം, സംവാദം, ചരിത്ര പ്രദർശനം, ഓപൺ ഫോറം, പ്രഭാഷണങ്ങൾ സംഘടനാ ക്യാമ്പ് അടക്കമുള്ള പരിപാടികൾ നടന്നുകൊണ്ടിരിക്കുന്നു. വിവിധ മേഖലകളിലെ പ്രമുഖരായ എഴുത്തുകാർ ഇതിനകം സമ്മേളനത്തിന്റെ ഭാഗമായി. മൈക്രോസോഫ്റ്റ് ഉൾപ്പെടെ വ്യത്യസ്ത ബഹുരാഷ്ട്ര കമ്പനികളുടെ പ്രതിനിധികളുമായി സംവദിക്കാൻ വിദ്യാർഥികൾക്ക് അവസരമുണ്ടായി. ദീപു എസ് നാഥ്, രാഹുൽ റെഡ്ഢി മൈക്രോസോഫ്റ്റ്, ഐ ഐ എം കാലിക്കറ്റ് പ്രൊഫസർ രൂപേഷ് കുമാർ, മുഹമ്മദ് നദീം, ജമാൽ മാളിക്കുന്ന്, നാസർ കുന്നുമ്മൽ തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.

ഒരു പകൽ നീണ്ട വിദേശ പഠന സമ്മിറ്റും  നടന്നു. ഈ മാസം 26 മുതൽ 28 വരെ നാല് വേദികളിലായി നടക്കുന്ന സാംസ്‌കാരിക പരിപാടികളിൽ രാജ്യത്തിന്റെ വർത്തമാനം, പൗരന്റെ ഭാവി, ദേശീയ വിദ്യാഭ്യാസ നയം, ഭരണകൂട മുഖപത്രങ്ങളും ജനാധിപത്യവും, അംബേദ്കറിന്റെ രാഷ്ട്രസങ്കൽപ്പങ്ങൾ, ഫാസിസത്തിന്റെ സാമൂഹിക ഭാവനകൾ, മതേതര കേരളം: ആകുലതകൾ, ആശ്വാസങ്ങൾ, ചരിത്രത്തിന്റെ നിറംമാറ്റങ്ങൾ; വ്യാജ നിർമിതകളുടെ ബദലുകൾ തുടങ്ങിയ വിഷയങ്ങളിൽ ആർ രാജഗോപാൽ, വിനിൽ പോൾ, പി ജെ വിൻസന്റ്, ഡോ. കെ എം അനിൽ, കെ കെ ബാബുരാജ്, സണ്ണി എം കപിക്കാട്, സുകുമാരൻ ചാലിഗ്ദ്ധ, രാജീവ് ശങ്കരൻ, എം ലിജു, ഡോ. മുസ്തഫ സി യു, പി കെ സുരേഷ് കുമാർ, സനീഷ് ഇളയിടത്ത് തുടങ്ങിയവർ സംബന്ധിച്ചു.

വാർത്താ സമ്മേളനത്തിൽ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ്ഫിർദൗസ് സുറൈജി സഖാഫി, സ്വാഗത സംഘം ജനറൽ കൺവീനർ കെ അബ്ദുർറശീദ്, നിസാർ അതിരകം, സി കെ ശബീറലി പങ്കെടുത്തു,

Latest