Connect with us

National

എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി നാഷണല്‍ കോണ്‍ഫറന്‍സ്; പന്തലിനു കാല്‍നാട്ടി; പ്രതിനിധി സമ്മേളനം നവംബര്‍ 24ന് ആരംഭിക്കും

മൗലാന ഖുര്‍ഷിദ് ജമാല്‍ നൂരി, ജനാബ് ദീന്‍ ദില്‍വാര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് പന്തല്‍ കാല്‍നാട്ടല്‍ കര്‍മം നിര്‍വഹിച്ചു.

Published

|

Last Updated

മുംബൈ | നമ്മള്‍ ഇന്ത്യന്‍ ജനത എന്ന പ്രമേയത്തില്‍ നവംബര്‍ 24, 25, 26 തിയ്യതികളില്‍ മുംബൈ ഏകതാ ഉദ്യാനില്‍ വെച്ചു നടക്കുന്ന എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി നാഷണല്‍ കോണ്‍ഫറന്‍സിന്റെ പന്തലിനു കാല്‍നാട്ടി. ദേശീയ ഭാരവാഹികളുടെയും പൗരപ്രമുഖരുടേയും സാന്നിധ്യത്തില്‍ മൗലാന ഖുര്‍ഷിദ് ജമാല്‍ നൂരി, ജനാബ് ദീന്‍ ദില്‍വാര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് പന്തല്‍ കാല്‍നാട്ടല്‍ കര്‍മം നിര്‍വഹിച്ചു. എസ് എസ് എഫ് മഹാരാഷ്ട്ര ഈസ്റ്റ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ഖാദിര്‍ ഖാദിരി അധ്യക്ഷത വഹിച്ചു. മൗലാന സൂഫി അബ്ദുല്‍ കരീം, ഹാജി അക്‌റാം ഹുസൈന്‍, ഖാരി തൗഫീഖ് മിസ്ബാഹി, മുഹമ്മദ് ശരീഫ് ബെംഗളൂരു, സഫര്‍ അഹ്മദ് മദനി കശ്മീര്‍, യാക്കൂബ് ഖാന്‍, അബ്ദുറഹ്മാന്‍ ബുഖാരി തുടങ്ങിയവര്‍ സംബന്ധിച്ചു.

ആറുലക്ഷം സ്‌ക്വയര്‍ ഫീറ്റ് വരുന്ന സമ്മേളന നഗരിയില്‍ സജ്ജീകരിക്കുന്ന പ്രതിനിധി സമ്മേളനം, എജു എക്‌സ്‌പോ, ബുക്ക് ഫെയര്‍ ഉള്‍പ്പെടെയുള്ള സമ്മേളന പരിപാടികള്‍ക്കുള്ള പന്തലുകള്‍ക്കുള്ള കാല്‍ നാട്ടല്‍കര്‍മമാണ് നിര്‍വഹിക്കപ്പെട്ടത്.

ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ത്രിദിന പ്രതിനിധി സമ്മേളനമാണ് നടക്കുന്നത്. രാജ്യത്തെ വിവിധ ഭാഗങ്ങളിലെ സെക്ടര്‍, ഡിവിഷന്‍, ജില്ല, സംസ്ഥാന ഘടകങ്ങളില്‍ നിന്നും നേരത്തെ രജിസ്റ്റര്‍ ചെയ്ത മൂവായിരം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ കരിയര്‍ മാര്‍ഗനിര്‍ദേശം നല്‍കുന്നതിനുള്ള സ്റ്റാളുകളില്‍ കരിയര്‍ കൗണ്‍സിലര്‍മാര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

ഇന്ത്യയിലെ വിവിധ ഭാഷകളിലുള്ള പ്രസിദ്ധീകരണ ശാലകളില്‍ നിന്നുള്ള ആയിരക്കണക്കിന് പുസ്തകങ്ങളുടെ പ്രദര്‍ശനവും വിപണനവുമുള്‍പ്പെടുത്തിയ മെഗാ ബുക്ക്‌ഫെയറിനും നഗരി വേദിയാകും. 26ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ സയ്യിദ് ആദില്‍ ഉമര്‍ ജിഫ്രി മദീന മുനവ്വറ, സയ്യിദ് അഫീഫുദ്ദീന്‍ ജീലാനി ബാഗ്ദാദ്, സയ്യിദ് അലിയ്യുല്‍ ഹാശിമി, സയ്യിദ് സ്വബാഹുദ്ദീന്‍ രിഫാഈ ബാഗ്ദാദ്, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, ബദ്‌റുസ്സാദാത്ത് സയ്യിദ് ഇബ്റാഹിം ഖലീലുല്‍ ബുഖാരി, അല്ലാമ സ്വാലിഹ് സാമിറാഇ ഇറാഖ്, അല്‍ഹാജ് യഹ്യ റോഡസ് യു എസ് എ തുടങ്ങിയ പ്രമുഖ പണ്ഡിതരും നേതാക്കളും പങ്കെടുക്കും.