Kerala
എസ് എസ് എഫ് ഗോൾഡൻ ജൂബിലി പ്രഖ്യാപനം; കിഴക്കിന്റെ വെനീസിൽ ഇന്ന് വിദ്യാർഥി സാഗരമൊഴുകും
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളും ഇന്ന് എൻഹാൻസ് ഇന്ത്യ കോൺഫറൻസ് സംഘടിപ്പിച്ചിട്ടുണ്ട്.
ആലപ്പുഴ | ധാർമിക വിപ്ലവം മുഖമുദ്രയാക്കി പ്രവർത്തനവീഥിയിൽ അഞ്ച് പതിറ്റാണ്ട് പൂർത്തിയാക്കുന്ന വിദ്യാർഥി പ്രസ്ഥാനം എസ് എസ് എഫ് ഗോൾഡൻ ജൂബിലി പ്രഖ്യാപന റാലിയും പൊതുസമ്മേളനവും ഇന്ന് ചരിത്ര നഗരമായ കിഴക്കിന്റെ വെനീസിൽ നടക്കും. പുന്നപ്ര വയലാറിന്റെ വിപ്ലവ മണ്ണിൽ ധാർമിക പതാകയേന്തിയെത്തുന്ന സുന്നി വിദ്യാർഥി സഹസ്രങ്ങൾ പുതുചരിത്രം രചിക്കും. റാലിയിൽ കണ്ണികളാകാൻ ഇന്നലെ വൈകുന്നേരം മുതൽ തന്നെ പ്രതിനിധികൾ നഗരത്തിലെത്തിത്തുടങ്ങി.
നന്മയുള്ള വിദ്യാർഥിത്വത്തിന്റെ സമർപ്പണമാണ് കോൺഫറൻസ് ലക്ഷ്യംവെക്കുന്നതെന്ന് നേതാക്കൾ വ്യക്തമാക്കി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളും ഇന്ന് എൻഹാൻസ് ഇന്ത്യ കോൺഫറൻസ് സംഘടിപ്പിച്ചിട്ടുണ്ട്. ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന തല കോൺഫറൻസിൽ 14 ജില്ലകളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട കാൽ ലക്ഷത്തോളം പ്രതിനിധികളാണ് സംബന്ധിക്കുന്നത്. യൂനിറ്റുകളിൽ നിന്നുള്ള പ്രതിനിധികൾ, 650 സെക്ടർ ഘടകങ്ങളിലെയും 110 ഡിവിഷനുകളിലെയും 14 ജില്ലാ ഘടകങ്ങളിലെയും പ്രവർത്തക സമിതി അംഗങ്ങൾ എന്നിവരാണ് സംസ്ഥാന തല പ്രഖ്യാപന സമ്മേളനത്തിൽ പങ്കെടുക്കുക. വിവിധ സുന്നി സംഘടനകളുടെ പ്രതിനിധികളും പ്രവർത്തകരും സമ്മേളനത്തിൽ സംബന്ധിക്കും.
ഉച്ചക്ക് 2.30ന് കടപ്പുറത്തെ റിക്രിയേഷൻ ഗ്രൗണ്ടിൽ നിന്ന് റാലി ആരംഭിക്കും. വൈകിട്ട് 5.30ന് ഇ എം എസ് സ്റ്റേഡിയത്തിൽ സമാപിക്കും. മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ വൈവിധ്യങ്ങളെയും ആശയങ്ങളെയും പ്രതീകവത്കരിക്കുന്ന പ്ലോട്ടുകളും ആവിഷ്‌കാരവും റാലിയെ വേറിട്ടതാക്കും. വൈകുന്നേരം 5.30ന് ആരംഭിക്കുന്ന പൊതുസമ്മേളനം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി എൻ ജഅ്ഫർ പ്രമേയ പ്രഭാഷണം നടത്തും. ഗോൾഡൻ ജൂബിലിയുടെ ഭാഗമായി ഒന്നര വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെയും പദ്ധതികളുടെയും പ്രഖ്യാപനം പൊതുസമ്മേളനത്തിലുണ്ടാകും.
അന്പതാം വാർഷികത്തോടെ രാജ്യവ്യാപകമായി എസ് എസ് എഫ് നടത്തുന്ന പദ്ധതി പ്രവർത്തനങ്ങളുടെ രൂപരേഖയും സമ്മേളനത്തിൽ അവതരിപ്പിക്കും. സമസ്ത സെക്രട്ടറി പേരോട് അബ്ദുർറഹ്്മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തും.
സമസ്ത കേന്ദ്ര മുശാവറ അംഗം എ ത്വാഹാ മുസ്്ലിയാർ കായംകുളം, കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിമാരായ വണ്ടൂർ അബ്ദുർ റഹ്്മാൻ ഫൈസി, മജീദ് കക്കാട്, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി, വൈസ് പ്രസിഡന്റ്സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സെക്രട്ടറി എം മുഹമ്മദ് സ്വാദിഖ്, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിമാരായ ജാബിർ സഖാഫി, ഹാമിദലി സഖാഫി, സി ആർ കെ മുഹമ്മദ് സംസാരിക്കും. സയ്യിദ് വി പി എ തങ്ങൾ ആട്ടീരി, ബാദുഷാ സഖാഫി ആലപ്പുഴ, സയ്യിദ് എച്ച് അബ്ദുൽ നാസർ തങ്ങൾ സംബന്ധിക്കും.