Kerala
എസ് എസ് എഫ് ഗ്രീന്‍ കേരള സമ്മിറ്റ് നാളെ
സമ്മിറ്റില്‍ ആക്ടിവിസ്റ്റുകള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, അക്കാദമിക് വിദഗ്ധര്‍ വിവിധ സെഷനുകളില്‍ സംസാരിക്കും
കല്‍പ്പറ്റ | പരിസ്ഥിതി സംബന്ധിയായ വിഷയങ്ങളുടെ പഠനവും ആനുകാലിക പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള ചര്‍ച്ചയും ലക്ഷ്യംവെച്ച് എസ് എസ് എഫ് നടത്തുന്ന ഗ്രീന്‍ കേരള സമ്മിറ്റിന്റെ സെക്കന്റ് എഡിഷന്‍ നാളെ കല്‍പ്പറ്റ പെരുന്തട്ട ജി യു പി സ്‌കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. രാവിലെ പത്ത് മുതല്‍ വൈകീട്ട് 6വരെ നടക്കുന്ന സമ്മിറ്റില്‍ ആക്ടിവിസ്റ്റുകള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, അക്കാദമിക് വിദഗ്ധര്‍ വിവിധ സെഷനുകളില്‍ സംസാരിക്കും. എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് കെ വൈ നിസാമുദ്ദീന്‍ ഫാളിലിയുടെ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി സി എന്‍ ജഅ്ഫര്‍ പരിപാടി ഉദ്ഘാടനം ചെയ്യും.
ആഗോള പരിസ്ഥിതി പ്രസ്ഥാനങ്ങളും പ്രവര്‍ത്തന മാതൃകകളും എന്ന വിഷയത്തില്‍ ഗുവാഹത്തി ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷക വിദ്യാര്‍ത്ഥി സി കെ എം നബീല്‍ സംസാരിക്കും. രാവിലെ 11.30ന് ‘പരിസ്ഥിതിയും സുസ്ഥിര വികസനവും’ എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. പരിസ്ഥിതി പ്രവര്‍ത്തകരായ എം ബി ജയഘോഷ്, ആനന്ദന്‍ പൊക്കുടന്‍, കെ പി ഏലിയാസ് പൗലോസ് പങ്കെടുക്കും.
‘പരിസ്ഥിതി പരിപാലനം സര്‍ക്കാറുകള്‍ ചെയ്യുന്നതും പൊതുജനങ്ങള്‍ ചെയ്യേണ്ടതും’ എന്ന വിഷയത്തില്‍ ശുചിത്വ മിഷന്‍ മലപ്പുറം പ്രോഗ്രാം ഓഫീസര്‍ ജ്യോതിഷ് ഒ സംസാരിക്കും. ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിക്കുന്ന അക്കാദമിക് സെഷനില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ അന്തരീക്ഷ പഠന വിഭാഗം അസി.പ്രൊഫ. ഡോ. എസ് അഭിലാഷ്, യൂണിവേഴ്സിറ്റി ഓഫ് മലേഷ്യയിലെ പോസ്റ്റ് ഡോക്ടോറിയല്‍ ഫെലോ ഡോ. പി വിജയകുമാര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സമാപന സെഷനില്‍ പ്രമുഖ പണ്ഡിതനും ചിന്തകനുമായ ബശീര്‍ ഫൈസി വെണ്ണക്കോട് ‘ഇസ് ലാമിന്റെ പാരിസ്ഥിതിക ദര്‍ശനങ്ങള്‍’ എന്ന വിഷയത്തില്‍ സംസാരിക്കും. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിമാരായ ജാബിര്‍ സഖാഫി പാലക്കാട്, കെ ബി ബഷീര്‍, ജാബിര്‍ നെരോത്ത് എന്നിവര്‍ സംബന്ധിക്കും. ജില്ലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്ക് പുറമെ പൊതുജനങ്ങള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകുമെന്നും സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എസ് എസ് എഫ് വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി നൗഫല്‍ പിലാക്കാവ്, സെക്രട്ടറിമാരായ സഅദ് ഖുതുബി, ജവാദ് അല്‍ ഹസനി, റംശാദ് ബുഖാരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.