SSF Sahithyotsav 2021
എസ് എസ് എഫ് കേരള സാഹിത്യോത്സവ്; നാല് വര്‍ഷം വ്യത്യസ്ത മത്സരയിനങ്ങളില്‍ ഒന്നാം സ്ഥാനം നേടി മഅദിന്‍ വിദ്യാര്‍ഥി
ഇത്തവണ സൂഫീ ഗീതത്തില്‍ എ പ്ലസ് ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സിനാന്‍ 2017 ല്‍ സീനിയര്‍ വിഭാഗം ഇംഗ്ലീഷ് പ്രസംഗത്തിലും 2019 ല്‍ സീറാ പാരായണത്തിലും 2020 ല്‍ അറബി പ്രസംഗത്തിലും ഒന്നാമതായിരുന്നു
മലപ്പുറം | എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവില്‍ നാല് വര്‍ഷങ്ങളില്‍ നാല് ഇനങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി മഅദിന്‍ ദഅവാ കോളേജ് വിദ്യാര്‍ത്ഥി മുഹമ്മദ് സിനാന്‍ ശ്രദ്ധേയനാകുന്നു. ഇത്തവണ സൂഫീ ഗീതത്തില്‍ എ പ്ലസ് ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സിനാന്‍ 2017 ല്‍ സീനിയര്‍ വിഭാഗം ഇംഗ്ലീഷ് പ്രസംഗത്തിലും 2019 ല്‍ സീറാ പാരായണത്തിലും 2020 ല്‍ അറബി പ്രസംഗത്തിലും ഒന്നാമതായിരുന്നു.
സൂഫീയാന രംഗത്ത് പ്രശസ്തനായ ഇച്ച മസ്താന്റെ ‘മുന്നമെ മുന്നമെ നുഖ്തക്ഷരം മുന്നിലെ വെച്ച വെടി അത്’ എന്നു തുടങ്ങുന്ന ഗാനമാണ് ആലപിച്ചത്. മഅദിന്‍ അധ്യാപകനായ കാവനൂര്‍ അബ്ദുല്‍ ഗഫൂര്‍ സഖാഫിയാണ് പാട്ട് ചിട്ടപ്പെടുത്തിയത്.
മഅദിനില്‍ ആദ്യ വര്‍ഷ ബിരുദാനന്തര വിദ്യാര്‍ത്ഥിയായ സിനാന്‍ ഇതിനകം അറബി, ഇംഗ്ലീഷ്, സ്പാനിഷ് തുടങ്ങിയ ഭാഷാപഠന പരിശീലന രംഗത്ത് പ്രത്യേകം നൈപുണ്യം നേടി വിവിധയിടങ്ങളില്‍ അധ്യാപനം നടത്തിവരുന്നുമുണ്ട്. മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ ബുഖാരിയുടെയും അധ്യാപകരുടെയും നിരന്തരമായ പ്രചോദനങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളുമാണ് ഈ വിജയത്തിനു പിന്നിലെന്ന് സിനാന്‍ പറഞ്ഞു. എസ് എസ് എഫ് തൃപ്പനച്ചി സെക്ടര്‍ മഴവില്‍ സെക്രട്ടറി കൂടിയായ സിനാന്‍ തൃപ്പനച്ചിയിലെ മുഹമ്മദ് കുറുങ്ങാടന്‍-ഹസീന ദമ്പതികളുടെ മകനാണ്.