From the print
എസ് എസ് എഫ് കേരള സാഹിത്യോത്സവ്: സർഗവസന്തം പെയ്തിറങ്ങി; കലാകിരീടം മലപ്പുറം ഈസ്റ്റിന്
മലപ്പുറം ഈസ്റ്റിലെ മുഹമ്മദ് ഇബ്‌റാഹീം അർശാദും കണ്ണൂരിലെ മുഹമ്മദ് എ പിയും കലാപ്രതിഭാ പട്ടം പങ്കിട്ടു
മഞ്ചേരി | ഏറനാടിന്റെ മണ്ണിൽ കലയുടെ നിറച്ചാർത്ത് നൽകി എസ് എസ് എഫ് 31ാമത് എഡിഷൻ കേരള സാഹിത്യോത്സവിന് പ്രൗഢസമാപനം. വീറും വാശിയും നിറഞ്ഞ മത്സരങ്ങൾക്കൊടുവിൽ ആതിഥേയരായ മലപ്പുറം ഈസ്റ്റ് 861 പോയിന്റോടെ സാഹിത്യോത്സവ് കിരീടം ചൂടി. 826 പോയിന്റോടെ കോഴിക്കോട് രണ്ടാമതും 783 പോയിന്റ് നേടി മലപ്പുറം വെസ്റ്റ് മൂന്നാമതുമെത്തി. 621 പോയന്റ് നേടി പാലക്കാട് നാലാമതും 552 പോയിന്റോടെ കാസർകോട് അഞ്ചാം സ്ഥാനത്തുമെത്തി.
മലപ്പുറം ഈസ്റ്റിലെ മുഹമ്മദ് ഇബ്‌റാഹീം അർശാദും കണ്ണൂരിലെ മുഹമ്മദ് എ പിയും കലാപ്രതിഭാ പട്ടം പങ്കിട്ടു. മലപ്പുറം ഈസ്റ്റ് ജില്ലയിലെ അൻശിദ ഷെറിൻ, ഫാത്വിമ ഫിദ സർഗപ്രതിഭാ പട്ടം പങ്കിട്ടു.
ഇന്നലെ വൈകിട്ട് നടന്ന സമാപന സംഗമം കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽബുഖാരി ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക കേരളം എന്ന ബ്രാൻഡ് ഐഡന്റിറ്റി മൗലികമായി നവീകരിക്കാൻ നിക്ഷേപം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പുതിയ തലമുറക്ക് അന്താരാഷ്ട്ര പൗരന്മാരായി വളരാൻ സൗകര്യം ഒരുക്കണം. പഠനത്തിനും പരിശീലനത്തിനുമായി പുറംനാടുകളെ ആശ്രയിക്കേണ്ടിവരുന്നത് ഗുണകരമല്ല. പുതുതലമുറയുടെ സാംസ്‌കാരിക വികസനത്തിന് കൂടുതൽ മൂലധന നിക്ഷേപം വേണം. യുവാക്കളുടെ കുതിപ്പിന് സാംസ്‌കാരിക മൂലധനമാണ് കരുതിവെക്കേണ്ടത്. മാനവ വിഭവ വികസനത്തിൽ കൂടുതൽ ശ്രദ്ധചെലുത്തിയാലേ ഇത് സാധ്യമാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ് എസ് എഫ് കേരള പ്രസിഡന്റ് ഫിർദൗസ് സഖാഫി കടവത്തൂർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ജേതാക്കളെ അനുമോദിച്ച് വീഡിയോ സന്ദേശത്തിൽ സംസാരിച്ചു.
ഹംസ മുസ്‌ലിയാർ മഞ്ഞപ്പറ്റ, അബൂഹനീഫൽ ഫൈസി തെന്നല, വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി, സി പി ഉബൈദുല്ല സഖാഫി, അശ്‌റഫ് പാണ്ഡ്യാൽ സംസാരിച്ചു. സയ്യിദ് ഹൈദ്രൂസ് മുത്തുക്കോയ തങ്ങൾ, ശറഫുദ്ദീൻ ജമലുല്ലൈലി, അലവി സഖാഫി കൊളത്തൂർ, കെ വൈ നിസാമുദ്ദീൻ ഫാളിലി സംബന്ധിച്ചു. ഡോ. അബൂബക്കർ സ്വാഗതവും സി കെ ശബീർ അലി നന്ദിയും പറഞ്ഞു.