From the print
എസ് എസ് എഫ് കേരള സാഹിത്യോത്സവ്: കലാവസന്തത്തിന് ഇന്ന് തിരി തെളിയും
ജ്ഞാനപീഠ പുരസ്‌കാര ജേതാവ് ദാമോദര്‍ മൗസോ ഉദ്ഘാടനം ചെയ്യും. സമാപന സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം | കലാ വസന്തത്തിന്റെ പകലിരവുകള്‍ക്ക് തലസ്ഥാന നഗരിയില്‍ ഇന്ന് തിരിതെളിയും. മൂന്നുനാള്‍ നീളുന്ന എസ് എസ് എഫ് 30ാമത് കേരള സാഹിത്യോത്സവിനാണ് ഇത്തവണ തലസ്ഥാന നഗരി ആതിഥ്യമരുളുന്നത്. ‘മനുഷ്യന്‍’ എന്ന പ്രമേയത്തില്‍ നഗരത്തിലെ പ്രധാന സാംസ്‌കാരിക കേന്ദ്രമായ കനകക്കുന്ന് പ്രധാന വേദിയായി നടക്കുന്ന സാഹിത്യോത്സവിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ രാവിലെ 9.30ന് പ്രശസ്ത കൊങ്കിണി സാഹിത്യകാരനും 2021 ലെ ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ ദാമോദര്‍ മൗസോ നിര്‍വഹിക്കും. മന്ത്രി പി എ മുഹമ്മദ് റിയാസ് മുഖ്യാതിഥിയാകും. സമസ്ത ഉപാധ്യക്ഷന്‍ ഹൈദറോസ് മുസ്ലിയാര്‍ കൊല്ലം, എഴുത്തുകാരന്‍ കെ പി രാമനുണ്ണി, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ സഖാഫി, സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ സൈഫുദ്ദീന്‍ ഹാജി പങ്കെടുക്കും.
എട്ട് വിഭാഗങ്ങളായി 170 ഇനങ്ങളില്‍ രണ്ടായിരത്തിലധികം സര്‍ഗ പ്രതിഭകള്‍ മാറ്റുരക്കും. കലാ സാംസ്‌കാരിക മത്സരങ്ങള്‍ക്കൊപ്പം പ്രമേയ സംബന്ധിയായ വിവിധ ചര്‍ച്ചാ സംഗമങ്ങളും കനകക്കുന്നിനെ സജീവമാക്കും. വിവിധ സെഷനുകളിലായി ചിന്തകര്‍, സാഹിത്യകാരന്‍മാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങി 18 പ്രമുഖര്‍ സംവദിക്കും.
മലയാളത്തിലെ വ്യത്യസ്ത പ്രസാധനാലയങ്ങള്‍ പങ്കെടുക്കുന്ന പുസ്തകമേളയും നഗരിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം അഞ്ചിന് മന്ത്രി അഹ്്മദ് ദേവര്‍കോവില്‍ പുസ്തകലോകം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഏഴിന് സാഹിത്യോത്സവ് പുരസ്‌കാര വിതരണം നടക്കും. ശനി, ഞായര്‍ ദിവസങ്ങളിലായി മനുഷ്യര്‍, ഭാഷ, യാത്ര, ഭക്ഷണം, യന്ത്രഭാവന അടക്കമുള്ള വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. കെ ഇ എന്‍ കുഞ്ഞഹമ്മദ്, ജെ പ്രഭാഷ്, കെ പി രാമനുണ്ണി, ടി ഡി രാമകൃഷ്ണന്‍, വി ജി തമ്പി, പി കെ രാജശേഖരന്‍, സനീഷ് ഇളയടത്ത് ചര്‍ച്ചയില്‍ പങ്കെടുക്കും. നാളെ രാവിലെ 11 ന് 17 ടീമുകള്‍ അണിനിരക്കുന്ന അറബന മുട്ട്, രാത്രി ഏഴിന് ഖവാലി ആസ്വാദനം എന്നിവയും നടക്കും.
ഞായറാഴ്ച വൈകുന്നേരം മൂന്നിന് സമാപന സംഗമം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ബുഖാരി അനുമോദന പ്രഭാഷണം നടത്തും. മന്ത്രി ആന്റണി രാജു, ഇസ്സുദ്ദീന്‍ സഖാഫി കൊല്ലം, വിഴിഞ്ഞം അബ്ദുര്‍റഹ്മാന്‍ സഖാഫി, സിദ്ദീഖ് സഖാഫി നേമം പങ്കെടുക്കും. കേരള സാഹിത്യോത്സവില്‍ വിജയികളായ ജില്ലക്ക് അതിഥികള്‍ ചേര്‍ന്ന് പുരസ്‌കാരം സമ്മാനിക്കും.
അടുത്ത വര്‍ഷത്തെ കേരള സാഹിത്യോത്സവിന് ആതിഥേയത്വം വഹിക്കുന്ന ജില്ലയെ വേദിയില്‍ പ്രഖ്യാപിക്കും. കേരള സാഹിത്യോത്സവില്‍ വിജയിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഈ വര്‍ഷം ഹൈദരാബാദില്‍ നടക്കുന്ന നാഷനല്‍ സാഹിത്യോത്സവില്‍ അവസരം ലഭിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ എസ് എസ് എഫ് സംസ്ഥാന അധ്യക്ഷന്‍ ടി കെ ഫിര്‍ദൗസ് സുറൈജ് സഖാഫി, ജനറല്‍ സെക്രട്ടറി സി ആര്‍ കെ മുഹമ്മദ്, സ്വാഗതസംഘം ജന. കണ്‍വീനര്‍ സിദ്ദീഖ് സഖാഫി നേമം, എസ് വൈ എസ് തിരുവനന്തപുരം ജില്ലാ ജന. സെക്രട്ടറി സനൂജ് വഴിമുക്ക്, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഡോ. എം എസ് മുഹമ്മദ് പങ്കെടുത്തു.