ssf
എസ് എസ് എഫ് കേരള സാഹിത്യോത്സവിന് വെള്ളിയാഴ്ച അരങ്ങുണരും
സംസ്ഥാനത്തെ പതിനാലു ജില്ലകളിലെയും തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെയും 1,946 മത്സരാര്‍ഥികള്‍ 170 കലാ-സാംസ്‌കാരിക മത്സരങ്ങളില്‍ മാറ്റുരക്കും
കോഴിക്കോട് | എസ് എസ് എഫ് 31 മത് കേരള സാഹിത്യോത്സവ് നാളെ മഞ്ചേരിയില്‍ ആരംഭിക്കും. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സാഹിത്യ സംഗമം എഴുത്തുകാരനും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ വിശ്വാസ് പാട്ടീല്‍ ഉദ്ഘാടനം നിര്‍വഹിക്കും.
സമാപന സംഗമം ഞായറാഴ്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സിപി ഉബൈദുല്ല സഖാഫി, ഫിര്‍ദൗസ് സുറൈജി സഖാഫി എന്നിവര്‍ പങ്കെടുക്കും.
സംസ്ഥാനത്തെ പതിനാലു ജില്ലകളിലെയും തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെയും 1,946 മത്സരാര്‍ഥികള്‍ 170 കലാ-സാംസ്‌കാരിക മത്സരങ്ങളില്‍ മാറ്റുരക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജീവിതം എന്ന തീമിലാണ് ഇത്തവണത്തെ സാഹിത്യോത്സവ് സംഘടിപ്പിക്കുന്നത്. പൂര്‍ണതയിലേക്കുള്ള സഞ്ചാരമാകണം ഓരോ ജീവിതങ്ങളും എന്ന ആശയത്തെ പ്രചോദിപ്പിക്കുന്നതിനാണ് ജീവിതം എന്ന തീം തെരഞ്ഞെടുത്തത്. പതിമൂന്ന് വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുക. വിദ്യാര്‍ഥികളുടെ കലാ-സാംസ്‌കാരിക മത്സരങ്ങള്‍ക്ക് പുറമെ പ്രമേയത്തില്‍ വിവിധ ചര്‍ച്ചാ സംഗമങ്ങളും നടക്കും. വിവിധ സെഷനുകളിലായി ചിന്തകര്‍, സാഹിത്യകാരന്മാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംവദിക്കും. മലയാളത്തിലെ വ്യത്യസ്ത പ്രസാധനാലയങ്ങള്‍ പങ്കെടുക്കുന്ന പുസ്തകമേളയും സാഹിത്യോത്സവ് നഗരിയില്‍ സജ്ജീകരിച്ചിട്ടുണ്ട്.
മെയ് മുതല്‍ ആഗസ്റ്റ് വരെ രണ്ട് ലക്ഷം വിദ്യാര്‍ഥികള്‍ പങ്കാളികളായ ഫാമിലി, ബ്ലോക്ക്, യൂണിറ്റ്, സെക്ടര്‍, ഡിവിഷന്‍, ജില്ല സാഹിത്യോത്സവുകളില്‍ വിജയിച്ചവരാണ് സംസ്ഥാന സാഹിത്യോത്സവില്‍ മത്സരിക്കാനെത്തുന്നത്. സംസ്ഥാനത്തെ 917 ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, പ്രഫഷണല്‍ കോളജുകളിലെ വിദ്യാര്‍ഥികളും വിവിധ തലങ്ങളിലെ സാഹിത്യോത്സവുകളില്‍ പങ്കെടുത്തിട്ടുണ്ട്.
നാളെ വൈകുന്നേരം നാലിന് നടക്കുന്ന ഉദ്ഘാടന സംഗമത്തില്‍ മഞ്ഞപ്പറ്റ ഹംസ മുസ്ലിയാര്‍, കെ പി രാമനുണ്ണി, ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി, മജീദ് കക്കാട്, മുസ്തഫ കോഡൂര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ എന്നിവര്‍ സംസാരിക്കും. പുസ്തകലോകം നാളെ വൈകുന്നേരം അഞ്ചിന് സംസ്ഥാന കായികമന്ത്രി വി അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യും. ഞായര്‍ വൈകുന്നേരം സംഗമത്തിന് തിരശ്ശീല വീഴും.
വാര്‍ത്താ സമ്മേളനത്തില്‍ ഫിര്‍ദൗസ് സുറൈജി സഖാഫി (പ്രസിഡന്റ്, എസ് എസ് എഫ് കേരള), മുഹമ്മദ് ജാബിര്‍ പി (സെക്രട്ടറി, എസ് എസ് എഫ് കേരള), സ്വാദിഖ് അലി ബുഖാരി (സെക്രട്ടറി, എസ് എസ് എഫ് കേരള), സി എം സ്വാബിര്‍ സഖാഫി (സെക്രട്ടറി, എസ് എസ് എഫ് കേരള), അഫ്സല്‍ ഹുസൈന്‍ (എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗം, എസ്എസ്എഫ് കേരള) എന്നിവര്‍ പങ്കെടുത്തു.