ssf national sahithyotsav 2022
എസ് എസ് എഫ് ദേശീയ സാഹിത്യോത്സവിന് വെള്ളിയാഴ്ച പശ്ചിമ ബംഗാളിൽ തുടക്കം
മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സാഹിത്യോത്സവില്‍ 25 സംസ്ഥാനങ്ങളില്‍ നിന്നുള്ള 3,000 പ്രതിഭകള്‍ ആറ് വിഭാഗങ്ങളിലായി 140 ഇനങ്ങളില്‍ മത്സരിക്കും.
കൊൽക്കത്ത | എസ് എസ് എഫിന്റെ രണ്ടാമത് ദേശീയ സാഹിത്യോത്സവിന് പശ്ചിമ ബംഗാളിലെ ത്വൈബ ഗാര്‍ഡനില്‍ വെള്ളിയാഴ്ച തുടക്കമാകും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സാഹിത്യോത്സവില്‍ 25 സംസ്ഥാനങ്ങളില്‍ നിന്നുള്ള 3,000 പ്രതിഭകള്‍ ആറ് വിഭാഗങ്ങളിലായി 140 ഇനങ്ങളില്‍ മത്സരിക്കും. മൂന്ന് ലക്ഷം കുടുംബങ്ങളില്‍ നടന്ന ഫാമിലി, 25300 ബ്ലോക്ക്, 15000 യൂണിറ്റ്, 2500 സെക്ടര്‍, 700 ഡിവിഷന്‍, 215 ജില്ല, 25 സംസ്ഥാന സാഹിത്യോത്സവുകള്‍ക്ക് ശേഷമാണ് ദേശീയ സാഹിത്യോത്സവ് നടക്കുന്നത്.
നാളെ വൈകീട്ട് ഏഴിന് റൂഹാനി മെഹ്ഫില്‍ ആത്മീയ സംഗമത്തോടെയാണ് സാഹിത്യോത്സവ് ആരംഭിക്കുക. മുഫ്തി മുതീഉര്‍റഹ്മാന്‍, മുഫ്തി സുല്‍ഫീക്കര്‍, ത്വാഹ തങ്ങള്‍ ആത്മീയ സംഗമത്തിന് നേതൃത്വം നല്‍കും. ശനി രാവിലെ 10ന് എസ് എസ് എഫ് ദേശീയ പ്രസിഡൻ്റ് ഡോ.മുഹമ്മദ് ഫാറൂഖ് നഈമിയുടെ അധ്യക്ഷതയില്‍ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ പ്രസൂണ്‍ ഭൗമിക് ഉദ്ഘാടനം ചെയ്യും. ബിജില്‍ കൃഷ്ണ ഐ എ എസ് മുഖ്യാതിഥിയാകും. എസ് എസ് എഫ് ദേശീയ ജനറല്‍ സെക്രട്ടറി നൗഷാദ് ആലം മിസ്ബാഹി മുഖ്യപ്രഭാഷണം നടത്തും. മുഫ്തി സിയാഉർറഹ്മാന്‍ റസ്വി, സുഹൈറുദ്ദീന്‍ നൂറാനി, ശരീഫ് ബെംഗളൂരു, മുഈനുദ്ദീന്‍ ത്രിപുര സംസാരിക്കും.
ഞായർ വൈകിട്ട് നാലിന് സാഹിത്യ കലാ മത്സരങ്ങള്‍ സമാപിക്കും. സമാപന സംഗമം എസ് എസ് എഫ് ദേശീയ ഉപാധ്യക്ഷന്‍ ഉബൈദുല്ല സഖാഫിയുടെ അധ്യക്ഷതയില്‍ പശ്ചിമ ബംഗാള്‍ വ്യവസായ മന്ത്രി ബിപ്‌ളബ് മിത്ര ഉദ്ഘാടനം ചെയ്യും. ബംഗാള്‍ ഉറുദു സാഹിത്യ അക്കാദമി ചെയര്‍മാന്‍ നദീമുല്‍ ഹഖ് മുഖ്യാതിഥിയാകും. ശൗക്കത്ത് ബുഖാരി കശ്മീര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. അബ്ദുല്‍ കരീം അംജദി, ഹാമിദ് റസ ബറകാത്തി, മൗലാന ത്വാഹിര്‍, ശരീഫ് നിസാമി, എം അബ്ദുല്‍ മജീദ് സംസാരിക്കും.