Connect with us

calicut university

കാലിക്കറ്റ് യൂനിവേഴ്സിറ്റി അനാസ്ഥകള്‍ക്കെതിരെ എസ് എസ് എഫ് പെന്‍സ്ട്രൈക്ക്

കുട്ടികളുടെ ഭാവി അപകടത്തിലാക്കുന്ന അവസ്ഥയില്‍, പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും വരെ സമരം തുടരും

Published

|

Last Updated

തേഞ്ഞിപ്പലം | പരീക്ഷകള്‍ മാറ്റിവെച്ചും എഴുതിയ പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കാതെയും നിരന്തരമായി വിദ്യാര്‍ഥി വിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോകുന്ന കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ കെടുകാര്യസ്ഥതക്കെതിരെ എസ് എസ് എഫ് കാലിക്കറ്റ് യൂനിവേഴ്സിറ്റി പരിസരത്ത് പെന്‍സ്‌ട്രൈക്ക് നടത്തി. കൊവിഡ് കാലത്തും വിദ്യാര്‍ഥി വിരുദ്ധ നിലപാടുകള്‍ നിര്‍ബാധം തുടരുന്ന യൂണിവേഴ്സിറ്റി നടപടികള്‍ക്കെതിരെ പ്രതീകാത്മകമായി പേന ഉയര്‍ത്തിയാണ് വിദ്യാര്‍ത്ഥികള്‍ സമരം നടത്തിയത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ പഠിച്ചുകൊണ്ടിരിക്കുന്ന ആയിരത്തിലധികം വിദ്യാര്‍ത്ഥികളാണ് യൂണിവേഴ്‌സിറ്റി പരിസരത്ത് നടന്ന സമരത്തില്‍ പങ്കെടുത്തത്.

സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള കോളജുകള്‍ക്ക് മുന്‍പിലും ഡിവിഷന്‍ കേന്ദ്രങ്ങളിലും ഐക്യദാര്‍ഢ്യ സമരങ്ങള്‍ നടന്നു. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും, അവകാശ പത്രിക വായിച്ചും വിദ്യാര്‍ത്ഥികള്‍ സമരത്തിന്റെ ഭാഗമായി.

വിദ്യാര്‍ഥികള്‍ നിരന്തരം പ്രയാസങ്ങള്‍ അറിയിച്ചിട്ടും യൂനിവേഴ്‌സിറ്റി അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂലമായ പ്രതികരണങ്ങളോ, പരിഹാരങ്ങളോ ലഭ്യമാകാത്ത പശ്ചാത്തലത്തിലാണ് എസ് എസ് എഫ് സമര പരിപാടികളിലേക്ക് നീങ്ങിയത്. ഉദ്യോഗസ്ഥരുടെ അലംബാവവും നിരുത്തരവാദിത്തപരമായ സമീപനങ്ങളും കുട്ടികളുടെ ഭാവി അപകടത്തിലാക്കുന്ന അവസ്ഥയില്‍, പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും വരെ സമരം തുടരാനാണ് സംഘടന തീരുമാനിച്ചിട്ടുളളത്. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് കെ വൈ നിസാമുദ്ദീന്‍ ഫാളിലി, ജന. സെക്രട്ടറി സി എന്‍ ജഅഫര്‍, സെക്രട്ടറി എം ജുബൈര്‍, സിന്‍ഡിക്കേറ്റ് മെമ്പര്‍മാരായ കെ സിദ്ദീഖ് അലി, ടി കെ റമീസ്, സി കെ നജ്മുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

---- facebook comment plugin here -----

Latest