Kerala
എസ് എസ് എഫ് രണ്ടാം ഘട്ട ലഹരിവിരുദ്ധ ക്യാമ്പയിൻ; 125 കേന്ദ്രങ്ങളിൽ ഡിവിഷൻ സമ്മേളനങ്ങൾ
സമ്മേളനങ്ങളോടനുബന്ധിച്ച് വിദ്യാർഥി റാലികളും നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കോഴിക്കോട് | “ശരികളുടെ ആഘോഷം; സെലിബ്രേറ്റിംഗ് ഹ്യൂമാനിറ്റി’ എന്ന ശീർഷകത്തിൽ രണ്ടാം ഘട്ട ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി എസ് എസ് എഫ് സ്ഥാപക ദിനമായ ഈ മാസം 29ന് സംസ്ഥാനത്തെ 125 കേന്ദ്രങ്ങളിൽ ഡിവിഷൻ സമ്മേളനങ്ങൾ സംഘടിപ്പിക്കും. എസ് എസ് എഫ് തുടക്കം കുറിച്ച ലഹരി, സൈബർ ക്രൈംവിരുദ്ധ ക്യാമ്പയിനിന്റെ രണ്ടാം ഘട്ട പരിപാടികളിൽ പ്രധാന പൊതുപരിപാടിയാണിത്. സമ്മേളനങ്ങളോടനുബന്ധിച്ച് വിദ്യാർഥി റാലികളും നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
“അധികാരികളേ, നിങ്ങളാണ് പ്രതി’ എന്ന ശീർഷകത്തിലായിരുന്നു ഒന്നാം ഘട്ട ലഹരിവിരുദ്ധ കാമ്പയിൻ. പഞ്ചായത്ത് തലങ്ങളിൽ ധർണകൾ, എസ് പി ഓഫീസ് മാർച്ച്, ജനകീയ വിചാരസഭകൾ, എം എൽ എ, എം പിമാർ തുടങ്ങിയ ജനപ്രതിനിധികൾക്ക് നിവേദനം നൽകൽ എന്നിങ്ങനെയുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ചിരുന്നത്. ലഹരിക്കെതിരെയുള്ള പോരാട്ടത്തെ ജനകീയവത്കരിക്കാൻ ഈ ക്യാമ്പയിനിന് സാധിച്ചതായും നേതാക്കൾ പറഞ്ഞു.
എഴുന്നൂറ് സെക്ടർ തലങ്ങളിൽ രൂപവത്കരിച്ച പഠനസംഘം വികസിപ്പിച്ചെടുക്കുന്ന റിപോർട്ട് സമ്മേളനാനന്തരം നടക്കുന്ന സംസ്ഥാന ഭാരവാഹികളുടെ സെക്ടർ യാത്രയിൽ സംസ്ഥാന കമ്മിറ്റി ശേഖരിക്കും.എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അബൂബക്കർ ടി, സെക്രട്ടറിമാരായ മുഹമ്മദ് മുനവ്വിർ അമാനി, ശാഫി സഖാഫി , സൈഫുദ്ദീൻ യൂസുഫ് സഖാഫി വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.