Connect with us

socialist

ദുര്‍ബലമായ ആരോഗ്യ സംവിധാനങ്ങളുമായി കൊവിഡിനെ നേരിട്ട രാജ്യം ജനങ്ങളെ നിര്‍ദ്ദയം വധശിക്ഷക്ക് വിധിക്കുകയായിരുന്നുവെന്ന് എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി

കണ്‍കെട്ടുകാരന്റെ മെയ് വഴക്കത്തോടെ ഉദ്‌ഘോഷിക്കുന്ന നൂറുകോടിയുടെ മാമാങ്കത്തിനു പിന്നില്‍ ചവിട്ടിമെതിക്കപ്പെട്ട ഈ രാജ്യത്തിന്റെ നിലവിളിയുണ്ടെന്ന് ഉറക്കെ പറയാതെ വയ്യെന്നും അദ്ദേഹം സൂചിപ്പിച്ചു

Published

|

Last Updated

തിരുവനന്തപുരം | ദുര്‍ബലമായ ആരോഗ്യ സംവിധാനങ്ങളുമായി കൊവിഡിനെ നേരിട്ട രാജ്യം ജനങ്ങളെ നിര്‍ദ്ദയം വധശിക്ഷക്ക് വിധിക്കുകയായിരുന്നുവെന്ന് എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി  സി എന്‍ ജഅഫര്‍ സ്വാദിഖ്‌. നൂറുകോടിയെന്ന സാങ്കേതിക കണക്കിന്റെ ആഘോഷത്തിലൂടെ എണ്ണമറ്റ അടിസ്ഥാന വിഷയങ്ങളെ ചൊല്ലിയുള്ള വിവാദങ്ങളെ മറികടക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. കണ്‍കെട്ടുകാരന്റെ മെയ് വഴക്കത്തോടെ ഉദ്‌ഘോഷിക്കുന്ന നൂറുകോടിയുടെ മാമാങ്കത്തിനു പിന്നില്‍ ചവിട്ടിമെതിക്കപ്പെട്ട ഈ രാജ്യത്തിന്റെ നിലവിളിയുണ്ടെന്ന് ഉറക്കെ പറയാതെ വയ്യെന്നും അദ്ദേഹം സൂചിപ്പിച്ചു.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ
രാജ്യം നൂറ് കോടി കൊവിഡ് വാക്‌സിന്‍ ഡോസ് പിന്നിട്ടതിന്റെ ആഘോഷത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ടെത്തിയാണ് ഈ കൊട്ടിഘോഷത്തിന് നേതൃത്വം നല്‍കുന്നത്. രാജ്യം വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചെങ്കില്‍ നല്ലതെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

എന്നാല്‍ ഈ നൂറു കോടിയുടെ പൊരുളെന്താണ്? കണക്കുകള്‍ പ്രകാരം രാജ്യത്തെ 79 ശതമാനം ജനങ്ങളും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരല്ല എന്നിരിക്കെ ഈ അക്ക പെരുക്കം കാട്ടിയുള്ള മായാജാലം എന്തിനാണ്? ഉത്തരം വളരെ ലളിതമാണ്. നൂറുകോടിയെന്ന സാങ്കേതിക കണക്കിന്റെ ആഘോഷത്തിലൂടെ എണ്ണമറ്റ അടിസ്ഥാന വിഷയങ്ങളെ ചൊല്ലിയുള്ള വിവാദങ്ങളെ മറികടക്കാം എന്നതു തന്നെ.

2014 ല്‍ അധികാരത്തിലേറിയതു മുതല്‍ പ്രധാനമന്ത്രി റേഡിയോ ഭാഷണമല്ലാതെ ഏതെങ്കിലുമൊരു ജീവല്‍ പ്രശ്‌നങ്ങളെ സംവാദാത്മകമായി സമീപിച്ചതായി അറിവില്ല.

ഈയൊരു സാഹചര്യം തന്നെ നോക്കാം. വാക്‌സിന്‍ മാത്രമാണോ നൂറ് കടന്നത്. ഇതിനകം തന്നെ മുമ്പെങ്ങുമില്ലാത്ത വിധം രാജ്യം പട്ടിണിസൂചികയില്‍ നൂറു കടന്നിരിക്കുന്നു. ഏഴു വര്‍ഷത്തിനിടക്ക് 55 ല്‍ നിന്നാണ് രാജ്യം 101 ആം സ്ഥാനത്തെത്തിയത്. നിത്യജീവിതത്തെ പ്രത്യക്ഷമായി ബാധിക്കുന്ന ഇന്ധന വില നൂറും പിന്നിട്ട് കുതിച്ച് കൊണ്ടിരിക്കുന്നു. പാചകവാതക വിലയും നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. സബ്‌സിഡി ബാങ്ക് വഴി എന്ന പ്രതീതി സൃഷ്ടിച്ച് ആരുമറിയാതെ സബ്‌സിഡി എടുത്ത് കളഞ്ഞിരിക്കുന്നു. പ്രഹരം ചുമക്കുന്നതിനിടയില്‍ ആരാണ് ഇവക്ക് ഉത്തരവാദി എന്ന് ചികയാന്‍ പോലും നമ്മള്‍ മറന്നു പോകുന്നു.

കൊവിഡ് സൃഷ്ടിച്ച സാഹചര്യം തന്നെ എത്ര മാത്രം ഗുരുതരമായിരുന്നു. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് മരണങ്ങള്‍ ഇപ്പോള്‍ തന്നെ നാലര ലക്ഷത്തിനും മീതെയാണ്. അഥവാ ഈ മഹമാരി ലക്ഷക്കണക്കിന് വരുന്ന ജനങ്ങള്‍ക്ക് അവരുടെ ഉറ്റവരെ എന്നന്നേക്കുമായി നഷ്ടപ്പെടുത്തിയിരിക്കുന്നു എന്ന് സാരം. തലസ്ഥാന നഗരിയിലടക്കം പ്രാണവായു ലഭിക്കാതെ ജനങ്ങള്‍ പിടഞ്ഞു വീഴുന്ന കാഴ്ചകള്‍, ഇന്ത്യയിലെ നദികളിലൊഴുകി നടന്ന മൃതശരീരങ്ങള്‍ ലോകത്തിനു മുന്നില്‍ ഈ രാജ്യത്തെ തുറന്നു കാണിച്ചു.

വളരെ ദുര്‍ബലമായ ആരോഗ്യ സംവിധാനങ്ങളുമായി കൊവിഡിനെ നേരിട്ട രാജ്യം ജനങ്ങളെ നിര്‍ദ്ദയം വധശിക്ഷക്ക് വിധിക്കുകയായിരുന്നു എന്ന് തന്നെ പറയാം.

നൂറുകോടിയുടെ പിറകിലെ വസ്തുത ഇങ്ങനെയായിരിക്കെ അഭിമാനിക്കാവുന്ന എന്ത് നേട്ടമാണ് നമ്മള്‍ മാത്രമായി നേടിയിട്ടുള്ളത്. വാക്‌സിന്റെ നാള്‍വഴികള്‍ തന്നെയെടുക്കാം. സംസ്ഥാനങ്ങളുടെ സമ്മര്‍ദ്ദം മൂലം സുപ്രീം കോടതിയുടെ നിരന്തര ഇടപെടലിനെ തുടര്‍ന്ന് ഗത്യന്തരമില്ലാത്ത ഒരു ഘട്ടത്തിലാണ് കേന്ദ്രം സൗജന്യ വാക്‌സിന്‍ എന്ന നയത്തിലേക്കെത്തുന്നത്.
രാജ്യത്തിന്റെ ചരിത്രത്തില്‍ ഇന്നേ വരെ നിര്‍ബന്ധിത വാക്‌സിന് ഒരു ജനവും പണമടക്കേണ്ടതായി വന്നിട്ടില്ലായിരുന്നു. എന്നാല്‍ രാജ്യത്ത് വാക്‌സിന്‍ വിതരണം ആരംഭിച്ചത് തന്നെ െ്രെപവറ്റ് മേഖലയെ കൂടി പങ്കു കൊള്ളിച്ചായിരുന്നു. കൊവിന്‍ പോര്‍ട്ടലില്‍ വാക്‌സിന്‍ തേടിയവര്‍ക്ക് യഥേഷ്ടം ഒ ടി പി കള്‍ മാത്രം വിതരണം ചെയ്‌പ്പോള്‍ പോലും സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന്‍ സുലഭമായിരുന്നു എന്നത് മറന്നുകൂടാ. പണമുള്ളവന് വാക്‌സിനും മികച്ച ചികിത്സയും ഈ രാജ്യത്ത് മുടക്കമില്ലാതെ ലഭ്യമായിരുന്നു.

വിഭവ വിതരണത്തിലെ അസന്തുലിതത്വം പരിഹരിക്കാന്‍ ബാധ്യസ്ഥരായ ഭരണകൂടം തന്നെ രാജ്യത്തെ മുഴുവന്‍ സ്വകാര്യവല്‍ക്കരിക്കുന്ന തിരക്കിലാണിപ്പോള്‍. ഈ കാലയളവില്‍ മാത്രം വിറ്റൊഴിക്കപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളുടെ കണക്കും ഭീമമാണ്.

ഒരു മഹാമാരിയെ പോലും സ്വയം പ്രസിദ്ധിക്ക് വേണ്ടി ഉപയോഗിക്കുന്ന ഒരു ഭരണാധികാരിയും ഭരണകൂടവും മറ്റെവിടെ കാണും? അക്കൗണ്ടബിലിറ്റിയുള്ള ഒരു ഭരണാധികാരിയുടെ ദൗത്യം മറന്ന മോദി നിരക്ഷരരായ ജനതയ്ക്കു മുന്നില്‍ തകര്‍ത്തഭിനയിക്കുന്ന അവതാര പുരുഷനായി പരിണമിച്ചതിന്റെ പുതിയ ഉദാഹരണമാണ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിലെ ഫോട്ടോയില്‍ തെളിയുന്നത്. ഭരണ പരാജയത്തിന്റെ കെടുതി നേരില്‍ അനുഭവിക്കുമ്പോഴും തങ്ങളിന്നു ജീവിച്ചിരിക്കുന്നു എന്ന കാരണത്താല്‍ വാഴ്ത്തു പാട്ട് പാടാന്‍ മാത്രം മസ്തിഷ്‌ക മൃണാളനം ചെയ്യപ്പെട്ടവരായി ഒരു ജനം മാറിയിരിക്കുന്നു. അടിസ്ഥാന അവകാശങ്ങളെ ചൊല്ലിയുള്ള ബോധം പോലും മരവിച്ച ഈ രാജ്യത്തിന്ന് ചോദ്യങ്ങളില്ല. ഉണ്ടെങ്കില്‍ തന്നെ അവ പ്രസക്തവുമല്ല.
അതിര്‍ത്തിയിലൊരു വെടിവെപ്പോ ഭരണാധികാരിയുടെ ദേശീയതയില്‍ ചാലിച്ച വിടുവായിത്തങ്ങളോ മതിയാവും അവയെ നിഷ്പ്രഭമാക്കാന്‍ എന്നത് തന്നെ കാരണം. കണ്‍കെട്ടുകാരന്റെ മെയ് വഴക്കത്തോടെ ഉദ്‌ഘോഷിക്കുന്ന നൂറുകോടിയുടെ മാമാങ്കത്തിനു പിന്നില്‍ ചവിട്ടിമെതിക്കപ്പെട്ട ഈ രാജ്യത്തിന്റെ നിലവിളിയുണ്ടെന്ന് ഉറക്കെ പറയാതെ വയ്യ.

 

Latest