Connect with us

ssf golden fifty

കാംബസാര്‍ മദ്‌റസയില്‍ പിറവിയെടുത്ത എസ് എസ് എഫ്

കാലത്തിന്റെ സ്പന്ദനങ്ങളോട് പ്രതികരിക്കുകയെന്ന പണ്ഡിത ധര്‍മം നിറവേറ്റുന്നതായിരുന്നു കണ്ണൂര്‍ എസ് എസ് എഫിന്റെ പിറവി. പില്‍ക്കാലത്ത് കേന്ദ്ര മുശാവറ അംഗമായിരുന്ന സി കെ അബ്ദുല്ല മുസ്‌ലിയാര്‍ മാണിയൂരാണ് രൂപവത്കരണ കണ്‍വെന്‍ഷനില്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കിയത്.

Published

|

Last Updated

സുന്നി പ്രസ്ഥാനത്തിന്റെ അടയാളവും സംസ്‌കാരവും പേറുന്ന, മത-ഭൗതിക വിദ്യാര്‍ഥികളെന്ന വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പ്രാതിനിധ്യം നല്‍കുന്ന ഒരു വിദ്യാര്‍ഥി സംഘടന യാഥാര്‍ഥ്യമാകുന്നതിനുള്ള ആശയങ്ങള്‍ പല കൈവഴികളിലൂടെ ഒഴുകിയിട്ടുണ്ട്. ഈ ആശയക്കൈവഴികള്‍ 1973 ഏപ്രില്‍ 29ന് പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ സംഗമിച്ചതിന്റെ ഫലമായാണ് എസ് എസ് എഫ് ഇന്ന് അര നൂറ്റാണ്ടിന്റെ കര്‍മസാഫല്യത്തിലെത്തിയതും സംസ്ഥാന വിദ്യാര്‍ഥി സമ്മേളനത്തിന് കണ്ണൂര്‍ വേദിയാകുന്നതും. 1964 ഡിസംബറില്‍ രൂപവത്കൃതമായ അവിഭക്ത കണ്ണൂര്‍ ജില്ലാ എസ് എസ് എഫ് അത്തരമൊരു ആശയ കൈവഴിയെന്ന് മാത്രമല്ല, പലപ്പോഴും വിസ്മൃതിയുടെ ആഴിയില്‍ പൂണ്ടുനില്‍ക്കുന്നതുമാണ്. നൂരിയ്യയിലെ വിദ്യാര്‍ഥി സമാജമായ നൂറുല്‍ ഉലമാ സ്റ്റുഡന്റ്സ് അസ്സോസിയേഷന്‍ സംസ്ഥാനാടിസ്ഥാനത്തില്‍ വിളിച്ചു ചേര്‍ത്ത വിദ്യാര്‍ഥി കണ്‍വെന്‍ഷനില്‍ എസ് എസ് എഫിന്റെ പ്രഥമ സംസ്ഥാന കമ്മിറ്റി രൂപവത്കരിക്കുന്നതിന്റെ ഒമ്പത് വര്‍ഷം മുമ്പാണ് കണ്ണൂര്‍ എസ് എസ് എഫ് രൂപംകൊള്ളുന്നത്. 1964 ഡിസംബറില്‍ കണ്ണൂര്‍ നഗരത്തിലെ കാംബസാര്‍ തഅ്ലീമുദ്ദീന്‍ മദ്‌റസയില്‍ നടന്ന ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള മതവിദ്യാര്‍ഥികളുടെ സംഗമത്തിലായിരുന്നു പിറവിയെടുത്തത്.

ജാമിഅയിലെ പ്രഥമ ബാച്ചില്‍ പഠിച്ച എം എ അബ്ദുല്‍ഖാദിര്‍ ഫൈസിയുടെ അധ്യക്ഷതയിലായിരുന്നു സംഗമം. കണ്ണൂരില്‍ നിന്നുള്ള അദ്ദേഹത്തിന്റെ സഹപാഠികള്‍ കൂടി വിദ്യാര്‍ഥി പ്രസ്ഥാനം രൂപവത്കരിക്കുന്നതിന് പിന്നിലുണ്ടായിരുന്നു. അക്കാലത്ത് വിരളമായ അറബിക് കോളജുകളിലെയും സുലഭമായ ദര്‍സുകളിലെയും സമാജങ്ങളെന്ന സംഘടനക്കപ്പുറം വിദ്യാര്‍ഥികള്‍ക്കുള്ള പൊതുവേദി സുന്നി സമൂഹത്തിനുണ്ടായിരുന്നില്ല. ഒരുപക്ഷേ സുന്നി സമൂഹത്തിന് മാത്രമായിരുന്നു വിദ്യാര്‍ഥി സംഘടനയില്ലാത്തത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറമെ സമുദായത്തിലെ ചില വ്യതിചലന വിഭാഗങ്ങള്‍ക്ക് വരെ വിദ്യാര്‍ഥി സംഘടനയുണ്ടായിരുന്നു. ഒരു പോരായ്മ നികത്തുക എന്നതിനപ്പുറം അനിവാര്യതയായിരുന്നു സുന്നികളെ സംബന്ധിച്ചിടത്തോളം വിദ്യാര്‍ഥി സംഘടന. സാമുദായിക- രാഷ്ട്ര നിര്‍മാണങ്ങള്‍ക്ക് ആണിക്കല്ലാകേണ്ട നാളെയുടെ തലമുറയായ വിദ്യാര്‍ഥികള്‍ രണ്ട് കരകളിലായി നിലയുറപ്പിച്ച പ്രതീതിയായിരുന്നു സുന്നി സമൂഹത്തിന്. മതം പഠിക്കുന്നവര്‍ ഒരു ഭാഗത്തും ഭൗതിക വിദ്യ നേടുന്നവര്‍ മറുഭാഗത്തും. ഇരുകൂട്ടരെയും ഒരേ തോണിയില്‍ യാത്ര ചെയ്യിക്കുകയെന്ന മഹാദൗത്യം നിര്‍വഹിക്കാനാണ് വിദ്യാര്‍ഥി സംഘടനയെന്ന ആവശ്യം സുന്നി സമൂഹത്തില്‍ നിന്ന് ഉയര്‍ന്നുവന്നത്.

കാലത്തിന്റെ സ്പന്ദനങ്ങളോട് പ്രതികരിക്കുകയെന്ന പണ്ഡിത ധര്‍മം നിറവേറ്റുന്നതായിരുന്നു കണ്ണൂര്‍ എസ് എസ് എഫിന്റെ പിറവി. പില്‍ക്കാലത്ത് കേന്ദ്ര മുശാവറ അംഗമായിരുന്ന സി കെ അബ്ദുല്ല മുസ്‌ലിയാര്‍ മാണിയൂരാണ് രൂപവത്കരണ കണ്‍വെന്‍ഷനില്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കിയത്. പതിനഞ്ചംഗ ജില്ലാ കമ്മിറ്റി നിലവില്‍ വന്നു (സുന്നി ടൈംസ്, 1964 ഡിസംബര്‍ 24). തൊട്ടടുത്ത വര്‍ഷം സംഘടനയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ വിവരിച്ച്, “വിജ്ഞാപനം കണ്ണൂര്‍ ജില്ലാ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍’ എന്ന ശീര്‍ഷകത്തില്‍ ലഘുലേഖ പുറത്തിറക്കിയിരുന്നു. തളിപ്പറമ്പ് യുനൈറ്റഡ് പ്രസ്സില്‍ നിന്ന് 14.4.1965ലാണ് അത് അച്ചടിച്ചത്. പാശ്ചാത്യ സംസ്‌കാരത്തെ അതേപടി പുല്‍കുന്ന പ്രവണത കേരള മുസ്‌ലിംകളിലും നാമ്പെടുക്കുന്നുവെന്നും ഇത് യുവതലമുറയെയും അതുവഴി മതത്തെ തന്നെയും നശിപ്പിക്കാന്‍ പോന്നതാണെന്നും പറയുന്ന ലഘുലേഖ, വിദ്യാര്‍ഥികള്‍ക്ക് ധാര്‍മിക വിദ്യാഭ്യാസം നല്‍കേണ്ടതിന്റെ അനിവാര്യത എണ്ണിപ്പറയുകയും ചില പരിഹാര നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നുമുണ്ട്. ഉന്നത വിദ്യാഭ്യാസം നടത്തുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുക, അര്‍ഹര്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കുക, പൊതുജനങ്ങള്‍ക്കിടയില്‍ ആശയ പ്രചാരണം നടത്തുന്നതിന് യോജിച്ച പ്രസിദ്ധീകരണങ്ങള്‍ ഇറക്കുക എന്നിവക്കൊപ്പം സുന്നി വിദ്യാര്‍ഥികളെ സംഘടിപ്പിക്കണമെന്നും ലഘുലേഖ ആവശ്യപ്പെട്ടിരുന്നു.

1965 ജനുവരിയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി സംഗമത്തില്‍ ജില്ലയിലെ അര്‍ഹരായ മതവിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ തീരുമാനിക്കുകയും അതിനായി കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തു. 1966 ഏപ്രില്‍ 16ന് കണ്ണൂര്‍ ജില്ലാ എസ് എസ് എഫിന്റെ വാര്‍ഷിക സമ്മേളനവും കാംബസാര്‍ തഅ്ലീമുദ്ദീന്‍ മദ്‌റസയില്‍ വെച്ച് നടന്നു.

പി പി മൊയ്തീന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ കെ വി റംസാന്‍ ഫൈസിയാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. 740 ക 35 പൈസ വരവും 449 ക 59 പൈസ ചെലവും 290 ക 89 പൈസ നീക്കിയിരുപ്പും കാണിക്കുന്ന റിപോര്‍ട്ട് അന്ന് ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ചു. അടുത്ത വര്‍ഷത്തേക്ക് ഇരുപത്തിയഞ്ച് അംഗ പ്രവര്‍ത്തകസമിതി രൂപവത്കരിക്കാനും തീരുമാനിച്ചു. ഇങ്ങനെ ബഹുമുഖ പദ്ധതികളുമായി പ്രവര്‍ത്തന മണ്ഡലത്തില്‍ സജീവ സാന്നിധ്യമായിരുന്ന അവിഭക്ത കണ്ണൂര്‍ ജില്ലാ എസ് എസ് എഫ് പിന്നീട് ചരിത്രത്തില്‍ വിലയം പ്രാപിക്കുകയായിരുന്നു. പട്ടിക്കാട് ജാമിഅ നൂരിയ്യ വിദ്യാര്‍ഥി സംഘടനയായ നൂറുല്‍ ഉലമ അതിന്റെ പ്രവര്‍ത്തനം സംസ്ഥാനതലത്തിലേക്ക് വ്യാപിപ്പിക്കാനുള്ള തീരുമാനം സ്വീകരിച്ചതും സംസ്ഥാനതലത്തില്‍ സുന്നി വിദ്യാര്‍ഥി പ്രസ്ഥാനം വേണമെന്ന ആവശ്യത്തില്‍ തീപിടിച്ച ചര്‍ച്ചകളുണ്ടായതും അതിന്റെ കാരണങ്ങളാണ്. 1970ല്‍ സുന്നി ടൈംസിലെ ജനശബ്ദത്തില്‍ എ കെ ഇസ്മാഈല്‍ വഫയെഴുതിയ വിദ്യാര്‍ഥികളേ നമുക്ക് സംഘടിക്കാം എന്ന കുറിപ്പ് വലിയ ചര്‍ച്ചയായപ്പോള്‍, തുടര്‍ പ്രതികരണങ്ങളില്‍ കണ്ണൂര്‍ എസ് എസ് എഫ് പലരും പരാമര്‍ശിച്ചിരുന്നു. (സുന്നി ടൈംസ് ലേഖനം ഉയര്‍ത്തിയ ആശയ കോളിളക്കങ്ങളെ കുറിച്ച് നാളെ).

Latest