from print
എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് മുതല്‍
4,27,021 വിദ്യാര്‍ഥികൾ എസ് എസ് എല്‍ സിയും11,74,409 വിദ്യാര്‍ഥികൾ ഹയർ സെക്കൻഡറി പരീക്ഷയും എഴുതും

തിരുവനന്തപുരം | എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും. രാവിലെ 9.30 മുതല്‍ 11.45 വരെയാണ് എസ് എസ് എല്‍ സി പരീക്ഷ. ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷ ഉച്ചക്ക് ഒന്നര മുതല്‍ വൈകിട്ട് 4.15 വരെയും നടക്കും. 26 വരെയാണ് പരീക്ഷ. സംസ്ഥാനത്തെ 2,964ഉം ലക്ഷദ്വീപിലെ ഒമ്പതും ഗള്‍ഫ് മേഖലയിലെ ഏഴും കേന്ദ്രങ്ങളിലായി 4,27,021 വിദ്യാര്‍ഥികളാണ് എസ് എസ് എല്‍ സി റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതുന്നത്.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ 1,42,298ഉം എയ്ഡഡില്‍ 2,55,092ഉം അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 29,631 പേരും റഗുലര്‍ വിഭാഗത്തില്‍ പരീക്ഷയെഴുതുന്നു. ഗള്‍ഫ് മേഖലയില്‍ 682ഉം ലക്ഷദ്വീപ് മേഖലയില്‍ 447ഉം കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. ഓള്‍ഡ് സ്‌കീമില്‍ എട്ട് കുട്ടികളും പരീക്ഷ എഴുതുന്നു.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 11,74,409 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. 28,587 വിദ്യാര്‍ഥികള്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും പരീക്ഷയെഴുതും. ഏപ്രില്‍ മൂന്ന് മുതല്‍ 26 വരെയാണ് മൂല്യനിര്‍ണയം. മെയ് മൂന്നാം വാരത്തോടെ ഫലം പ്രഖ്യാപിക്കും.