Connect with us

SSLC EXAM

എസ് എസ് എൽ സി പരീക്ഷ ഇന്ന് തുടങ്ങും; നാല് ലക്ഷത്തിലേറെ വിദ്യാർഥികൾ പരീക്ഷാ ഹാളിലേക്ക്

മൊത്തം 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷ ഇന്ന് ആരംഭിക്കും. ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾ നാളെയാണ് ആരംഭിക്കുന്നത്. 29 ന് അവസാനിക്കുന്ന എസ് എസ് എൽ സി പരീക്ഷക്ക് 4,19,362 റഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ് വിദ്യാർഥികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561 പേർ പെൺകുട്ടികളുമാണ്.

സർക്കാർ മേഖലയിൽ 1,170 സെന്ററുകളും എയ്ഡഡ് മേഖലയിൽ 1,421 സെന്ററുകളും അൺ എയിഡഡ് മേഖലയിൽ 369 സെന്ററുകളും അടക്കം മൊത്തം 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിൽ 518 വിദ്യാർഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർഥികളും ഇത്തവണ പരീക്ഷ എഴുതുന്നുണ്ട്. ഉത്തരക്കടലാസ് മൂല്യനിർണയം 70 ക്യാമ്പുകളിലായി ഏപ്രിൽ മൂന്ന് മുതൽ 26 വരെയുള്ള തീയതികളിലായി പൂർത്തീകരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്.

18,000ലേറെ അധ്യാപകരുടെ സേവനം ഇതിന് ആവശ്യമായി വരും. മൂല്യനിർണയ ക്യാമ്പുകൾക്ക് സമാന്തരമായി ടാബുലേഷൻ പ്രവർത്തനങ്ങൾ ഏപ്രിൽ അഞ്ച് മുതൽ പരീക്ഷാ ഭവനിൽ ആരംഭിക്കും. ടാബുലേഷൻ നടപടികൾ പൂർത്തീകരിച്ച ശേഷം മെയ് രണ്ടാം വാരത്തിൽ ഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണം. പരീക്ഷ എഴുതുന്ന കുട്ടികൾക്കായി ക്ലാസ്സുകളിൽ കുടിവെള്ളം കരുതാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കണം. മന്ത്രി പറഞ്ഞു. സുരക്ഷാ കാര്യങ്ങൾ വിലയിരുത്താൻ ഡി ജി പിയുമായി അദ്ദേഹം ചർച്ച നടത്തി.

Latest