Connect with us

Education

എസ് എസ് എല്‍ സി പരീക്ഷ പൂര്‍ത്തിയായി: മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നിന് തുടങ്ങും

മെയ് 20നകം എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലപ്രഖ്യാപനം നടത്തുമെന്ന് മന്ത്രി.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് എസ് എസ് എല്‍ സി പരീക്ഷ പൂര്‍ത്തിയായി. ഒന്നാം ഭാഷയുടെ ഭാഗം രണ്ടായിരുന്നു അവസാന പരീക്ഷ. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ഒന്നു മുതല്‍ ഒമ്പതു വരെയുള്ള സ്‌കൂള്‍ പരീക്ഷകള്‍ എന്നിവ നാളെ പൂര്‍ത്തിയാകും. ഉത്തരക്കടലാസ് മൂല്യനിര്‍ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി ഏപ്രില്‍ മൂന്ന് മുതല്‍ 26 വരെ നടക്കും. 18,000 അധ്യാപകരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്.

മെയ് 20നകം എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലപ്രഖ്യാപനം നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. വേനലവധിക്കായി വെള്ളിയാഴ്ച സ്‌കൂളുകള്‍ അടയ്ക്കും. ജൂണ്‍ ഒന്നിന് പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനാണ് തീരുമാനം.

മാര്‍ച്ച് ഒമ്പതിന് ആരംഭിച്ച എസ് എസ് എല്‍ സി പരീക്ഷ 2,960 സെന്ററുകളിലായി 4,19,362 റഗുലര്‍ വിദ്യാര്‍ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ഥികളുമാണ് എഴുതിയത്. മൂല്യനിര്‍ണയ ക്യാമ്പുകള്‍ക്ക് സമാന്തരമായി ടാബുലേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ അഞ്ചു മുതല്‍ പരീക്ഷാ ഭവനില്‍ ആരംഭിക്കും. മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കും. 4,25,361 വിദ്യാര്‍ഥികള്‍ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയും 4,42,067 വിദ്യാര്‍ഥികള്‍ രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയും 2,023 കേന്ദ്രങ്ങളിലായി എഴുതുന്നുണ്ട്.

ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍ മെയ് ആദ്യ വാരം വരെ നടക്കും. 80 മൂല്യനിര്‍ണയ ക്യാമ്പുകളിലായി 25,000 അധ്യാപകരെയാണ് വിന്യസിച്ചിട്ടുള്ളത്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ എട്ട് മൂല്യനിര്‍ണയ കേന്ദ്രങ്ങളിലായി 3,500 അധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി ഫലവും മേയില്‍ പ്രസിദ്ധീകരിക്കും.

സംസ്ഥാനത്തെ സ്‌കൂളുകളിലെ വിവിധ ക്ലാസുകളിലേക്കുള്ള പ്രവേശനവും പരീക്ഷാഫലങ്ങളും സംബന്ധിച്ച കലണ്ടര്‍ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. ഒന്നാം ക്ലാസ് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള ഫലപ്രഖ്യാപനം മെയ് രണ്ടിന് നടത്തും. ഒന്നാം ക്ലാസ് പ്രവേശന നടപടികള്‍ ഏപ്രില്‍ 17 മുതല്‍ ആരംഭിക്കും. മെയ് രണ്ടിനു ശേഷം ടി സി കൊടുത്തുള്ള പ്രവേശനം നടത്തും.

സ്‌കൂള്‍ ഫര്‍ണിച്ചറുകള്‍ തകര്‍ത്താല്‍ കര്‍ശന നടപടി
വാര്‍ഷിക പരീക്ഷകള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച സ്‌കൂള്‍ അടക്കുമ്പോള്‍ ആഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ സ്‌കൂള്‍ ഫര്‍ണിച്ചറുകള്‍, മറ്റ് സാധന സാമഗ്രികള്‍ എന്നിവ നശിപ്പിക്കുകയോ കേടുപാടുകള്‍ വരുത്തുകയോ ചെയ്യാതിരിക്കുന്നതിന് പ്രധാനാധ്യാപകരും ക്ലാസ് അധ്യാപകരും ജാഗ്രത പാലിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബു നിര്‍ദേശം നല്‍കി. വിദ്യാര്‍ഥികളില്‍ നിന്ന് ഇത്തരം പ്രവൃത്തികള്‍ ഉണ്ടായാല്‍ നഷ്ടപരിഹാരം ഈടാക്കി കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ഡി ജി ഇ സര്‍ക്കുലറില്‍ നിര്‍ദേശിച്ചു.