Kerala
എസ്എസ്എല്‍സി പരീക്ഷ: ഡ്യൂട്ടിക്കെത്തിയ രണ്ട് അധ്യാപകരില്‍ നിന്നും മൊബൈല്‍ഫോണുകള്‍ പിടിച്ചെടുത്തു
പരീക്ഷാ ഹാളിനകത്ത് മൊബൈല്‍ ഫോണ്‍, ബ്ലൂടൂത്ത് തുടങ്ങിയ സാങ്കേതിക ഉപകരണങ്ങള്‍ക്കെല്ലാം വിലക്കുണ്ട്.

ആലപ്പുഴ | എസ്എസ്എല്‍സി പരീക്ഷാ ഡ്യൂട്ടിക്കെത്തിയ രണ്ട് അധ്യാപകരില്‍ നിന്നും മൊബൈല്‍ഫോണുകള്‍ പിടിച്ചെടുത്തു. നെടുമുടി എന്‍എസ്എസ് സ്‌കൂളില്‍ പരീക്ഷ ഡ്യൂട്ടിക്കിടയിലാണ് സംഭവം നടന്നത്. എസ്എസ്എല്‍സി പരീക്ഷാ ഡ്യൂട്ടിക്കെത്തുന്ന അധ്യാപകര്‍ മൊബൈല്‍ഫോണുകള്‍ പരീക്ഷാഹാളില്‍ കൊണ്ടുപോകാന്‍ പാടില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു. സംസ്ഥാനത്ത് വളരെയധികം സുരക്ഷാ ക്രമീകരണങ്ങളോടെയാണ് എസ്എസ്എല്‍സി പരീക്ഷ നടത്തുന്നത്. ചോദ്യപ്പേപ്പര്‍ ചോര്‍ച്ച തടയാനും പരീക്ഷ ഏറ്റവും സുതാര്യമായ രീതിയില്‍ നടത്തുന്നതിനുമാണ് ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്.
പരീക്ഷാ ഹാളിനകത്ത് മൊബൈല്‍ ഫോണ്‍, ബ്ലൂടൂത്ത് തുടങ്ങിയ സാങ്കേതിക ഉപകരണങ്ങള്‍ക്കെല്ലാം വിലക്കുണ്ട്. അധ്യാപകര്‍ ഈ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം എന്നത് കര്‍ശനമാണ്. എന്നാല്‍ ഇത് ലംഘിച്ചതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകരുടെ പക്കലുണ്ടായിരുന്ന ഫോണുകള്‍ പിടിച്ചെടുത്തിരിക്കുന്നത്. അധ്യാപകരില്‍ നിന്നും വിശദീകരണം തേടുമെന്നാണ് വിവരം.