Kerala
എസ് എസ് എല്‍ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 99.69
4,25, 563 പേര്‍ ഉന്നത പഠനത്തിന് അര്‍ഹത നേടി. ഏറ്റവും കൂടുതല്‍ പേര്‍ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിലാണ്. ഈ മാസം 16 മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം | എസ് എസ് എല്‍ സി പരീക്ഷാ ഫലം പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു.വിജയ ശതമാനം 99.69 . 4,25, 563 പേര്‍ ഉന്നത പഠനത്തിന് അര്‍ഹത നേടി. 71,831 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.ഏറ്റവും കൂടുതല്‍ പേര്‍ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിലാണ്. ജില്ലയില്‍ 4934 പേര്‍ എ പ്ലസ് നേടി.കോട്ടയത്താണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനം. കുറവ് തിരുവനന്തപുരത്തും 892 സര്‍ക്കാര്‍ സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി .1139 എയ്ഡഡ് സ്‌കൂളുകളും നൂറുമേനി കൊയ്തു
പുനര്‍ മൂല്യനിര്‍ണയത്തിന് നാളെ മുതല്‍ 15വരെ അപേക്ഷിക്കാമെന്നും ഫലപ്രഖ്യാപനം നടത്തിക്കൊണ്ട് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സര്‍ട്ടിഫിക്കറ്റ് വിതരണം ജൂണ്‍ ആദ്യവാരം നടക്കും. ഈ മാസം 16 മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം. ജൂണ്‍ 24ന് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങും
അടുത്ത വര്‍ഷം മുതല്‍ പരീക്ഷ രീതി മാറ്റുമെന്നും മന്ത്രി അറിയിച്ചു. എഴുത്ത് പരീക്ഷയില്‍ മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തും. ഓരോ വിഷയത്തിലും 12 മാര്‍ക്ക് മിനിമം വേണം എന്ന രീതിയിലായിരിക്കും അടുത്ത വര്‍ഷം മുതല്‍ പരീക്ഷ.
99.70 ശതമാനം പേരാണ് കഴിഞ്ഞ വര്‍ഷം വിജയിച്ചത്.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 11 ദിവസം നേരത്തേയാണ് ഇത്തവണ ഫലപ്രഖ്യാപനം
ഇതിനൊപ്പം ടി എച്ച് എസ് എല്‍ സി, എ എച്ച് എസ് എല്‍ സി പരീക്ഷാ ഫലവും പ്രഖ്യാപിച്ചു. www.prd.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in വെബ്സൈറ്റുകളിലും പി ആര്‍ ഡി ലൈവ് മൊബൈല്‍ ആപ്പിലും ഫലം ലഭ്യമാകും.
എസ് എസ് എല്‍ സി, ടി എച്ച് എസ് എല്‍ സി, എ എച്ച് എസ് എല്‍ സി വിഭാഗങ്ങളിലായി 4,27,105 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇതില്‍ 2,17,525 പേര്‍ ആണ്‍കുട്ടികളും 2,09,580 പേര്‍ പെണ്‍കുട്ടികളുമാണ്.70 ക്യാമ്പുകളിലായി 10,863 അധ്യാപകരാണ് മൂല്യനിര്‍ണ്ണയത്തില്‍ പങ്കാളികളായത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ സ്‌കൂള്‍ പി കെ എം എം എച്ച് എസ് എടരിക്കോടാണ്. 2,085 വിദ്യാര്‍ഥികളാണ് എടരിക്കോട് സ്‌കൂളില്‍ നിന്ന് പരീക്ഷ എഴുതിയത്.