Connect with us

Kerala

എസ് എസ് എല്‍ സി പരീക്ഷ നാളെ ആരംഭിക്കും

സംസ്ഥാനത്തെ 2955 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലും ഗള്‍ഫ് മേഖലയിലെ ഏഴ് കേന്ദ്രങ്ങളിലുമായി 4,27,105 വിദ്യാര്‍ഥികള്‍ റെഗുലര്‍ വിഭാഗത്തില്‍ എഴുതും.

Published

|

Last Updated

തിരുവനന്തപുരം | എസ് എസ് എല്‍ സി, ടി എച്ച് എസ് എല്‍ സി, എ എച്ച് എല്‍ സി പരീക്ഷ നാളെ ആരംഭിക്കും. സംസ്ഥാനത്തെ 2955 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലും ഗള്‍ഫ് മേഖലയിലെ ഏഴ് കേന്ദ്രങ്ങളിലുമായി 4,27,105 വിദ്യാര്‍ഥികള്‍ റെഗുലര്‍ വിഭാഗത്തില്‍ എഴുതും. ഈമാസം 25 വരെയാണ് പരീക്ഷ.

2,17,525 ആണ്‍കുട്ടികളും 2,09,580 പെണ്‍കുട്ടികളും പരീക്ഷ എഴുതും. സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് 1,43,557 കുട്ടികളും എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് 2,55,360 കുട്ടികളും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് 28,188 കുട്ടികളും പരീക്ഷ എഴുതും.

ഗള്‍ഫ് മേഖലയില്‍ 536 കുട്ടികളും, ലക്ഷദ്വീപ് മേഖലയില്‍ 285 പേരും പരീക്ഷ എഴുതുന്നുണ്ട്. ഇവര്‍ക്ക് പുറമേ ഓള്‍ഡ് സ്‌കീമില്‍ (പി സി ഒ) 26 പേരും എഴുതും. മലപ്പുറം റവന്യൂ ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്നത്- 28,180. ഏറ്റവും കുറച്ച് പേര്‍ പരീക്ഷ എഴുതുന്നത് ആലപ്പുഴ റവന്യൂ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്-1,843.

ടി എച്ച് എസ് എല്‍ സി വിഭാഗത്തില്‍ ഇത്തവണ 48 പരീക്ഷാ കേന്ദ്രങ്ങളിലായി 2,944 പേരാണ് പരീക്ഷ എഴുതുന്നത്. എ എച്ച് എസ് എല്‍ സി വിഭാഗത്തില്‍ ഒരു പരീക്ഷാ കേന്ദ്രമാണ് ഉള്ളത്. ചെറുതുരുത്തി കലാമണ്ഡലം ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണിത്. 60 കുട്ടികളാണ് പരീക്ഷയെഴുതുക. എസ് എസ് എല്‍ സി ഹിയറിംഗ് ഇംപയേഡ് വിഭാഗത്തില്‍ 29 പരീക്ഷാ കേന്ദ്രങ്ങളിലായി 224 പേരും, ടി എച്ച് എസ് എല്‍ സി ഹിയറിംഗ് ഇംപയേഡ് വിഭാഗത്തില്‍ രണ്ടു പരീക്ഷാ കേന്ദ്രങ്ങളില്‍ എട്ടു കുട്ടികളും പരീക്ഷ എഴുതും.

മൂല്യനിര്‍ണയം 70 കേന്ദ്രങ്ങളില്‍
ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണ്ണയം ഏപ്രില്‍ 3 മുതല്‍ 20 വരെ 70 കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകളിലായി നടക്കും. രണ്ട് ഘട്ടങ്ങളിലായാണ് മൂല്യനിര്‍ണയം. ആദ്യഘട്ടം ഏപ്രില്‍ 3 മുതല്‍ 12 വരെയാണ്. രണ്ടാം ഘട്ടം ഏപ്രില്‍ 15 മുതല്‍ 20 വരെയും.