Kerala
എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ഇന്ന് ആരംഭിക്കും; ചോദ്യപേപ്പര്‍ ലഭിക്കാതെ സ്‌കൂളുകള്‍
ചോദ്യപേപ്പര്‍ എത്തിയ സ്‌കൂളുകളിലും പ്രതിസന്ധിയുണ്ട്. പകുതി എണ്ണം ചോദ്യപേപ്പറുകള്‍ മാത്രമാണ് എത്തിച്ചതെന്ന് പരാതിയുണ്ട്

തിരുവനന്തപുരം| സംസ്ഥാനത്ത് എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ഇന്ന് തുടങ്ങാനിരിക്കെ പല സ്‌കൂളുകളിലും ചോദ്യപ്പേപ്പര്‍ എത്തിയില്ലെന്ന പരാതി. ചോദ്യപേപ്പര്‍ എത്തിയ സ്‌കൂളുകളിലും പ്രതിസന്ധിയുണ്ട്. ചില സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന്റെ പകുതി മാത്രം ചോദ്യപേപ്പറുകള്‍ എത്തിച്ചെന്നും പരാതിയുണ്ട്. മോഡല്‍ പരീക്ഷയുടെ ആദ്യ ദിവസമായ ഇന്നും പല സ്‌കൂളുകളിലും ചോദ്യ പേപ്പര്‍ എത്തിയിട്ടില്ല. രാവിലെയും ഉച്ചയ്ക്കുമായി രണ്ടു പരീക്ഷകള്‍ ഉണ്ട്. 9.45 നാണ് ആദ്യ പരീക്ഷ തുടങ്ങുക.
സാധാരണപരീക്ഷയുടെ രണ്ടുദിവസം മുന്‍പ് സ്‌കൂളുകളില്‍ ചോദ്യപേപ്പര്‍ എത്താറുണ്ട്. പക്ഷേ ഇപ്രാവശ്യം അതിന് മാറ്റം വന്നിരിക്കുകയാണ്. പരീക്ഷ തലേന്നും ചോദ്യപേപ്പറുകള്‍ എത്താതായതോടെ അധ്യാപകര്‍ ആശങ്കയിലായി. അതേസമയം അച്ചടി പൂര്‍ത്തിയാവാത്തതിനാല്‍ പ്രതിസന്ധി ഉണ്ടായി എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.
പകുതി ചോദ്യപേപ്പര്‍ ലഭിച്ചവര്‍ ആവശ്യത്തിന് ചോദ്യപേപ്പറുകള്‍ ഫോട്ടോസ്റ്റാറ്റ് എടുത്തു നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചുവെന്നും അധ്യാപകര്‍ പറയുന്നു. ആദ്യ പരീക്ഷ തുടങ്ങും മുന്‍പ് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് സ്‌കൂള്‍ അധികൃതര്‍. പരീക്ഷാ നടത്തിപ്പ് തകിടം മറിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ അധ്യാപക സംഘടനയായ കെപിഎസ്ടിഎ അറിയിച്ചു.