Kerala
പൊതുനിരത്തില്‍ സ്റ്റേജ്; പ്രവര്‍ത്തകര്‍ക്ക് ബിനോയി വിശ്വത്തിന്റെ പരസ്യ ശാസന
നേരത്തേ റോഡില്‍ സ്റ്റേജ് കെട്ടി സമരം ചെയ്തതിന് ബിനോയ് വിശ്വം ഉള്‍പ്പെടെയുളള നേതാക്കളെ ഹൈക്കോടതി വിളിപ്പിച്ചിരുന്നു
തിരുവനന്തപുരം | പൊതുനിരത്തില്‍ സ്റ്റേജ് കെട്ടിയതിന് എ ഐ ടി യു സി പ്രവര്‍ത്തകര്‍ക്ക് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പരസ്യ ശാസന. ഇതോടെ സെക്രട്ടേറിയറ്റിന് മുമ്പില്‍ എ ഐ ടി യു സി സമരത്തിന് കെട്ടിയ സ്റ്റേജ് പൊളിച്ചുമാറ്റി.
പൊതുനിരത്തില്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ലെന്ന് അറിയില്ലേ, പിന്നെ എന്തിനാണ് ഇത് ചെയ്തതെന്നായിരുന്നു പ്രവര്‍ത്തകരോട് ബിനോയിയുടെ ചോദിച്ചു. സംസ്ഥാന സര്‍ക്കാര്‍ തൊഴിലും കൂലിയും, സാമൂഹിക സുരക്ഷയും ഉറപ്പുവരുത്തുക, കേന്ദ്ര സര്‍ക്കാറിന്റെ കേരളത്തോടുളള അവഗണന അവസാനിപ്പിക്കുക എന്നീ കാര്യങ്ങള്‍ ഉന്നയിച്ചായിരുന്നു എ ഐ ടി യു സിയുടെ സെക്രട്ടേറിയേറ്റ് മാര്‍ച്ച്. യൂനിവേഴ്‌സിറ്റി കോളജില്‍ നിന്ന് തുടങ്ങി സെക്രട്ടേറിയറ്റ് വരെയായിരുന്നു സമരം. രണ്ട് ലോറികള്‍ ചേര്‍ത്തായിരുന്നു സമരത്തിന്റെ ഭാഗമായി വേദി കെട്ടിയത്. ഇത് കണ്ടയുടനെ ബിനോയ് വിശ്വം പ്രവര്‍ത്തകരെ ശാസിക്കുകയായിരുന്നു.
നേരത്തേ റോഡില്‍ സ്റ്റേജ് കെട്ടി സമരം ചെയ്തതിന് ബിനോയ് വിശ്വം ഉള്‍പ്പെടെയുളള നേതാക്കളെ ഹൈക്കോടതി വിളിപ്പിച്ചിരുന്നു.