Connect with us

Kerala

പഴകിയ അരി വിതരണം ചെയ്തത് പഞ്ചായത്ത്; മുഖ്യമന്ത്രി പിണറായി വിജയന്‍

മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു.

Published

|

Last Updated

തൃശൂര്‍| വയനാട് മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്ക് പുഴുവരിച്ച അരി വിതരണം ചെയ്തത് പ്രാദേശിക ഭരണകൂടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ഗുരുതരമായ പ്രശ്‌നം തന്നെയാണ്. എന്താണ് അവരുടെ ഉദ്ദേശമെന്ന് വിജിലന്‍സ് അന്വേഷണത്തിലൂടെ വ്യക്തമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു പഴയതും കൊടുക്കാന്‍ പാടില്ല എന്ന സമീപനം സ്വീകരിച്ച സര്‍ക്കാരിന്റെ ഭാഗമായി നില്‍ക്കേണ്ട ഒരു പ്രാദേശിക ഭരണകൂടം, അവരാണ് പഴയ സാധനങ്ങള്‍ വിതരണം ചെയ്തു എന്ന് കേള്‍ക്കുന്നത്.

അന്വേഷണം നടക്കുന്നത് കൊണ്ട് കൂടുതല്‍ വിശദാംശങ്ങളിലേക്ക് ഞാന്‍ പോകുന്നില്ല. ഏതായാലും സര്‍ക്കാര്‍ ഇത്തരം കാര്യങ്ങള്‍ ഒരിക്കലും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ചേലക്കരയില്‍ ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

അതേസമയം വയനാട്ടില്‍ പഴകിയ അരി വിതരണം ചെയ്തത് പ്രാദേശിക ഭരണകൂടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മേപ്പാടി പഞ്ചായത്താണ് ഉത്തരവാദി എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മേപ്പാടി പഞ്ചായത്ത് ഒരു ഭക്ഷ്യസാധനവും കൊടുത്തിട്ടില്ല. എല്ലാം റവന്യൂ അതോറിറ്റി കൊടുത്ത ഭക്ഷ്യസാധനങ്ങളാണ് വിതരണം ചെയ്തതെന്ന് സതീശന്‍ പറഞ്ഞു. ഒക്ടോബര്‍ 15 മുതല്‍ ഈ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണി കഴിയുന്നത് വരെ പഞ്ചായത്ത് മെമ്പര്‍മാര്‍ക്ക് പെരുമാറ്റച്ചട്ടം അനുസരിച്ച് ഇത് വിതരണം ചെയ്യാന്‍ പാടില്ല. അവര്‍ പൂര്‍ണ്ണമായി മാറിനില്‍ക്കുകയാണ്. പിന്നെ എങ്ങനെയാണ് ഈ മുഖ്യമന്ത്രി പച്ചക്കള്ളം പറയുന്നതെന്നും വി ഡി സതീശന്‍ പ്രതികരിച്ചു.

അതിനിടെ മേപ്പാടിയില്‍ പഴകിയ ഭക്ഷ്യ വസ്തുക്കള്‍ ലഭിച്ച കുടുംബങ്ങളിലെ രണ്ട് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. കുന്നമ്പറ്റയിലെ ഫ്‌ലാറ്റിലുള്ളവര്‍ക്കാണ് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. വയറുവേദനയും ഛര്‍ദ്ദിയുമാണ് കുട്ടികള്‍ക്ക് അനുഭവപ്പെട്ടത്. തുടര്‍ന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് ഭക്ഷവിഷബാധയാണെന്ന് പറഞ്ഞതെന്ന് രോഗബാധിതരില്‍ ഒരാളുടെ മാതാവ് പറഞ്ഞു.

ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തില്‍ സി പി ഐ എം പ്രതിഷേധം നടത്തി. മേപ്പാടിയില്‍ സിപിഐഎം പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചും വാഹനങ്ങള്‍ തടഞ്ഞും പ്രതിഷേധിച്ചു. റോഡില്‍ വാഹനങ്ങളുടെ നീണ്ട നിരയായതോടെ പ്രവര്‍ത്തകരെ മാറ്റാന്‍ പോലീസ് ശ്രമം തുടങ്ങി. എന്നാല്‍ പിന്മാറാതെ പ്രവര്‍ത്തകരും പോലീസും ഉന്തും തള്ളുമായി. തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

 

 

 

Latest