National
രൂപയുടെ ചിഹ്നം തമിഴ്‍വത്കരിച്ച് സ്റ്റാലിൻ സർക്കാർ; തമിഴ്നാട്ടിൽ പുതിയ വിവാദം
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ (NEP) ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിൽ പ്രതിഷേധിച്ചാണ് തമിഴ്നാട് സർക്കാറിന്റെ നീക്കം

ചെന്നൈ | രൂപയുടെ ചിഹ്നം പ്രാദേശികവത്കരിച്ച് തമിഴ്നാട് സർക്കാർ. നാളെ നിയമസഭയിൽ അവതരിപ്പിക്കാനിരിക്കുന്ന സംസ്ഥാന ബജറ്റിന്റെ പ്രചാരണ പോസ്റ്ററുകളിൽ ഇന്ത്യൻ രൂപയുടെ ചിഹ്നം (₹) നീക്കം ചെയ്ത് തമിഴ് അക്ഷരം ചേർക്കുകയായിരുന്നു. തമിഴിലെ ആർ എന്ന അക്ഷരമാണ് രൂപയുടെ ചിഹ്നത്തിന് ബദലായി നൽകിയത്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ (NEP) ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിൽ പ്രതിഷേധിച്ചാണ് തമിഴ്നാട് സർക്കാറിന്റെ നീക്കം. സംഭവത്തിൽ ഡിഎംകെ കേന്ദ്രങ്ങൾ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
രൂപയുടെ ചിഹ്നം മാറ്റിയ നടപടി നിയമവിരുദ്ധമല്ലെന്ന് ഡിഎംകെ നേതാവ് സരവണൻ അണ്ണാദുരൈ ഒരു മാധ്യമങ്ങളോട് പറഞ്ഞു. ഇതൊരു എതിർപ്പ് അല്ലെന്നും തമിഴിന് പ്രാധാന്യം നൽകിയാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സംഭവത്തിൽ ശക്തമായി പ്രതിഷേധിച്ച് ബിജെപി രംഗത്ത് വന്നു. തമിഴ്നാട് സർക്കാർ നടപടി ആ സംസ്ഥാനം ഇന്ത്യയിൽ നിന്ന് വ്യത്യസ്തമാണെന്ന് പ്രഖ്യാപിക്കുന്നതിന് തുല്യമാണെന്ന് പാർട്ടി വക്താവ് നാരായണൻ തിരുപതി പ്രതികരിച്ചു. തങ്ങളുടെ ഭരണ പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഡിഎംകെ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അടുത്ത വർഷം തുടക്കത്തിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് തമിഴ്നാട്ടിൽ പുതിയ വിവാദത്തിന് ഡിഎംകെ തിരികൊളുത്തിയിരിക്കുന്നത്. ഡിഎംകെയും എഐഎഡിഎംകെയും തമ്മിലുള്ള കടുത്ത പോരാണ് തിരഞ്ഞെടുപ്പിൽ പ്രതീക്ഷിക്കുന്നത്. ഇതിനിടയിൽ തമിഴ്നാട്ടിൽ ഇതുവരെ അക്കൗണ്ട് തുറക്കാൻ സാധിച്ചിട്ടില്ലാത്ത ബിജെപി ഇത്തവണ ശ്രദ്ധേയമായ പ്രകടനം നടത്തുമെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്.
ഡിഎംകെയും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരും തമ്മിലുള്ള ‘ഭാഷാ യുദ്ധം’ തുടരുന്നതിനിടെയാണ് മാറ്റം എന്നതും ശ്രദ്ധേയമാണ്. ദേശീയ വിദ്യാഭ്യാസ നയത്തിൽ (NEP) എട്ടാം ക്ലാസ് മുതൽ വിദ്യാർത്ഥികൾ മൂന്നാമതൊയി ഒരു ഭാഷ പഠിക്കണമെന്ന് നിർദ്ദേശിക്കുന്നുണ്ട്. 22 ഭാഷകളുടെ പട്ടികയിൽ ഹിന്ദി ഉൾപ്പെടുന്നു. എന്നാൽ, തമിഴ്നാട് സർക്കാർ ഇതിനെതിരെ നിലപാടെടുത്തു. തമിഴും ഇംഗ്ലീഷും മാത്രം പഠിപ്പിക്കുന്ന രണ്ട് ഭാഷാ നയം തന്നെ മതിയെന്നാണ് സംസ്ഥാനത്തിന്റെ വാദം.