National
സാമ്പത്തിക സംവരണ വിധി അംഗീകരിക്കാനാവില്ലെന്ന് സ്റ്റാലിന്‍
സാമൂഹിക നീതിക്കായി നൂറ്റാണ്ടുകളായി നടത്തിയ പോരാട്ടത്തിനേറ്റ തിരിച്ചടിയാണ് സാമ്പത്തിക സംവരണ വിധി. വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കും.
ചെന്നൈ | സാമ്പത്തിക സംവരണ വിധി അംഗീകരിക്കാനാവില്ലെന്നു തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കും.
ഡിഎംകെ സഖ്യത്തിലെ ഓരോ ഘടകകക്ഷിയും പ്രത്യേകം ഹര്‍ജി നല്‍കും. പുനപരിശോധനാ ഹര്‍ജി നല്‍കാനുള്ള പ്രമേയം പാര്‍ലമെന്ററി പാര്‍ട്ടി പ്രതിനിധികളുടെ യോഗം പാസാക്കി. ദ്രാവിഡ രാഷ്ട്രീയം പ്രത്യയശാസ്ത്രമായ തന്റെ സര്‍ക്കാരിന് സാമ്പത്തിക സംവരണ വിധി അംഗീകരിക്കാനാകില്ലെന്ന് നിയമസഭാ കക്ഷി പ്രതിനിധികളുടെ യോഗത്തിന് ശേഷം എം കെ സ്റ്റാലിന്‍ പറഞ്ഞു.
സാമൂഹിക നീതിക്കായി നൂറ്റാണ്ടുകളായി നടത്തിയ പോരാട്ടത്തിനേറ്റ തിരിച്ചടിയാണ് സാമ്പത്തിക സംവരണ വിധി. കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ട് കാലത്തെ സാമൂഹിക മുന്നേറ്റത്തിന് അടിസ്ഥാനം പിന്നാക്ക സംവരണം ആയിരുന്നു. ഭരണഘടനാ ശില്‍പ്പികളുടേയും രാഷ്ട്രശില്‍പ്പികളുടേയും ആശയത്തിന് എതിരാണ് സാമ്പത്തിക സംവരണം.
സാമ്പത്തിക സംവരണത്തിന് നിശ്ചയിക്കപ്പെട്ട മാനദണ്ഡങ്ങള്‍ അശാസ്ത്രീയമാണ്. എട്ട് ലക്ഷം വാര്‍ഷിക വരുമാനമുള്ളവര്‍ എങ്ങനെ പാവപ്പെട്ടവരാകും എന്ന് അദ്ദേഹം ചോദിച്ചു.
സാമ്പത്തിക സംവരണ വിധിയുടെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത പാര്‍ലമെന്ററി പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ നിന്ന് ബി ജെ പിയും എ ഐ എ ഡി എം കെയും വിട്ടുനിന്നു.
ദിവസങ്ങള്‍ക്ക് മുമ്പാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പത്ത് ശതമാനം സാമ്പത്തിക സംവരണം അംഗീകരിച്ച് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. അഞ്ചംഗ ഭരണഘടന ബഞ്ചിലെ മൂന്ന് ജഡ്ജിമാര്‍ ഭരണഘടന ഭേദഗതി അംഗീകരിച്ചു. അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ സാമ്പത്തിക സംവരണവും കോടതി അംഗീകരിച്ചു.