Kerala
ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു; ആവശ്യമെങ്കില്‍ തെളിവുകള്‍ നല്‍കും: ഡോ. പ്രഭുദാസ്
ആരോഗ്യമന്ത്രിക്കെതിരായ പ്രസ്താവന നടത്തിയതിന് പിറകെ അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിനെ ഇന്നലെയാണ് സ്ഥലം മാറ്റിയത്
പാലക്കാട് | കോട്ടത്തറ ആശുപത്രി എച്ച് എം സി അംഗങ്ങള്‍ക്കെതിരായ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നെന്ന് ഡോ. പ്രഭുദാസ്. ആവശ്യമെങ്കില്‍ തെളിവുകള്‍ നല്‍കും. അട്ടപ്പാടിക്കാര്‍ക്ക് മികച്ച സേവനം ലഭിക്കാന്‍ കഴുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രിക്കെതിരായ പ്രസ്താവന നടത്തിയതിന് പിറകെ അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിനെ ഇന്നലെയാണ് സ്ഥലം മാറ്റിയത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കാണ് സ്ഥലംമാറ്റം.
ഭരണ സൗകര്യാര്‍ഥമാണ് നടപടിയെന്നാണ് ആരോഗ്യ സെക്രട്ടറിയുടെ വിശദീകരണം. പട്ടാമ്പി താലൂക്ക് ആശൂപത്രി സൂപ്രണ്ട് മുഹമ്മദ് അബ്ദുള്‍ റഹ്‌മാനാണ് കോട്ടത്തറ ആശുപത്രിയുടെ പകരം ചുമതല.
ആരോഗ്യ മന്ത്രി വീണാജോര്‍ജിന്റെ മിന്നല്‍ സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു ഡോ. പ്രഭുദാസിന്റെ വിമര്‍ശനം. മന്ത്രിയുടെ സന്ദര്‍ശനസമയത്ത് അട്ടപ്പാടി നോഡല്‍ ഓഫീസറായ തന്നെ ബോധപൂര്‍വം മാറ്റിനിര്‍ത്തിയെന്നും കൈക്കൂലി ആവശ്യപ്പെട്ടത് തടഞ്ഞതാണ് തനിക്കെതിരായ നീക്കങ്ങള്‍ക്ക് കാരണമെന്നുമായിരുന്നു ആരോപണം. ബില്ല് മാറാന്‍ കൈക്കൂലി ആവശ്യപ്പെട്ട എച്ച്എംസി അംഗങ്ങളെ തടഞ്ഞതാണ് തനിക്കെതിരായ നീക്കത്തിന് പിന്നിലെന്നാണ് ഡോ. പ്രഭുദാസിന്റെ നിലപാട്.പ്രതിപക്ഷ നേതാവ് എത്തുന്നതിന് മുന്‍പേ എത്താനുള്ള തിടുക്കമാകാം ആരോഗ്യ വകുപ്പ് മന്ത്രിക്കെന്നും പ്രഭുദാസ് പറഞ്ഞിരുന്നു