National
താരപ്രചാരകർ പെരുമാറ്റച്ചട്ടം ലംഘിച്ചു; കോൺഗ്രസ്, ബിജെപി അധ്യക്ഷന്മാർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നാേട്ടീസ്
അമിത് ഷായുടെയും രാഹുൽ ഗാന്ധിയുടെയും പ്രസംഗങ്ങൾ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്ന് കാണിച്ച് ഇരുപക്ഷവും പരസ്പരം നൽകിയ പരാതിയിലാണ് നടപടി
ന്യൂഡൽഹി | താരപ്രചാരകർ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയിൽ കോൺഗ്രസിനും ബിജെപിക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകി. അമിത് ഷായുടെയും രാഹുൽ ഗാന്ധിയുടെയും പ്രസംഗങ്ങൾ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്ന് കാണിച്ച് ഇരുപക്ഷവും പരസ്പരം നൽകിയ പരാതിയിലാണ് നടപടി. ഇക്കാര്യത്തിൽ ഇരുകൂട്ടരോടും കമ്മീഷൻ വിശദീകരണം തേടി.
മഹാരാഷ്ട്രയിലെയും ജാർഖണ്ഡിലെയും വോട്ടെടുപ്പ് അവസാനിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് കമ്മീഷന്റെ നടപടി. ബിജെപി അധ്യക്ഷൻ ജെപി നദ്ദയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും തിങ്കളാഴ്ച പുലർച്ചെ 1 മണിക്ക് കമ്മീഷന് വിദശീകരണം നൽകണം.
നവംബർ ആറിന് രാഹുൽ ഗാന്ധി മുംബൈയിൽ നടത്തിയ പ്രസംഗത്തിനെതിരെ ബിജെപിയാണ് ആദ്യം പരാതി നൽകിയത്. മറ്റ് സംസ്ഥാനങ്ങൾ മഹാരാഷ്ട്രയുടെ അവസരങ്ങൾ തട്ടിയെടുക്കുന്നു എന്ന രാഹുൽ ഗാന്ധിയുടെ ആരോപണം രാജ്യത്തിൻ്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും അത്യന്തം അപകടകരമാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപിയുടെ പരാതി. നവംബർ 11നാണ് ബിജെപി പരാതി നൽകിയത്. ഇന്ത്യയിലെ സംസ്ഥാനങ്ങൾക്കിടയിൽ വിദ്വേഷം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള വാസ്തവവിരുദ്ധമായ പ്രസ്താവനയാണ് രാഹുൽ നടത്തിയതെന്നും ബിജെപി ആരോപിച്ചിരുന്നു.
ബിജെപിയുട പരാതിക്ക് പിന്നാലെ അമിത്ഷാക്ക് എതിരെ നവംബർ 13ന് കോൺഗ്രസും പരാതി നൽകി. നവംബർ 12ന് നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ കോൺഗ്രസിനും സഖ്യകക്ഷികൾക്കും എതിരെ തെറ്റായതും ഭിന്നിപ്പിണ്ടാക്കുന്നതും ദുരുദ്ദേശപരവും അപകീർത്തികരവുമായ പ്രസ്താവനകൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് പരാതി നൽകിയത്. കോൺഗ്രസും സഖ്യകക്ഷികളും പട്ടികജാതി, പട്ടികവർഗവിഭാഗത്തിന് എതിരാണെന്നും രാജ്യത്ത് വർഗീയത പ്രചരിപ്പിക്കുന്നുവെന്നുമായിരുന്നു അമിത്ഷായുടെ പ്രസംഗത്തിന്റെ ചുരുക്കം.