Prathivaram
മണ്ണിലെ നക്ഷത്രങ്ങൾ
കാര്‍ഷിക നഴ്‌സറികളിൽ കൃത്യമായ അളവില്‍ വെള്ളവും വളവും ഫലഭൂയിഷ്ഠമായ മണ്ണും ചേര്‍ന്ന അന്തരീക്ഷത്തില്‍ ചെടികള്‍ നല്ല രീതിയില്‍ വളരുന്നതുപോലെ കുട്ടികളും ശിശുസൗഹൃദമായ സാഹചര്യത്തിലാണ് വളരേണ്ടത്. സ്വതന്ത്രവും നിര്‍ഭയത്വവുമായ അന്തരീക്ഷത്തിൽ സ്വയംപ്രേരിതമായ പഠനമാണ് അവർക്കു വേണ്ടത്.
കുട്ടികൾ പൂമ്പാറ്റകളാണ്. പ്രകൃതിയിലെ അതി മനോഹരമായ ജീവികളിലൊന്നായ ശലഭങ്ങള്‍ പറന്നുവരുന്നതും അവ പൂക്കളില്‍ നിന്നും തേന്‍ നുകരുന്നതും നിമിഷങ്ങള്‍ക്കകം പറന്നകലുന്നതും വീണ്ടും തിരിച്ചെത്തുന്നതും നയന മനോഹരവും നിറസന്തോഷം നൽകുന്നതുമായ കാഴ്ചകളാണ്. എന്ന പോലെ നിഷ്കളങ്കരായ കുട്ടികളുടെ കളിയും ചിരിയും കുസൃതിയുമെല്ലാം കണ്ണഞ്ചിപ്പിക്കുകയും മനസ്സിന് കുളിര് പകരുകയും ചെയ്യുന്നു. എല്ലാ പൂമ്പാറ്റകളും എല്ലാ ഇനം സസ്യങ്ങളെയും സന്ദർശിക്കുകയോ എല്ലാവിധ പൂക്കളിലും വന്നിരിക്കുകയോ ചെയ്യാറില്ല. ഓരോ ഇനം പൂമ്പാറ്റകൾക്കും അവക്കിഷ്ടമുള്ള ചില പൂക്കളും നിറങ്ങളുമുണ്ട്. കുട്ടികളും തഥൈവ. അവരുടെ ശാരീരിക പ്രകൃതിയും മാനസിക അഭിരുചിയും വളരുന്ന സാഹചര്യങ്ങളുമനുസരിച്ച് അവരുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും അഭിരുചിയും വ്യത്യാസപ്പെടുന്നു.
പൂമ്പാറ്റയെ എല്ലാവർക്കും ഏറെ ഇഷ്ടമാണ്. എന്നാൽ ശലഭങ്ങളുടെ മനോഹാരിതയും വൈവിധ്യങ്ങളും അന്വേഷിക്കാനോ ആസ്വദിക്കാനോ അധികമാരും മിനക്കെടാറില്ല. അപ്രകാരം കുട്ടികളെയും ഇഷ്ടപ്പെടാത്തവരുണ്ടാവില്ല. പക്ഷെ, അവരുടെ കഴിവുകളെയും നൈപുണികളെയും വേണ്ടപോലെ തിരിച്ചറിയാനോ ആസ്വദിക്കാനോ ഉപയോഗപ്പെടുത്താനോ പലർക്കും കഴിയാതെ പോകുന്നു എന്നതാണ് യാഥാർഥ്യം.
കളിയും ചിരിയുമായി വീട്ടുവളപ്പിലും ക്ലാസ് മുറികളിലും കളിമുറ്റങ്ങളിലും പൂമ്പാറ്റകളെ പോലെ അവർ പാറി നടക്കുകയും അതിരുകളില്ലാത്ത സ്വപ്നം കാണുകയും ചിലപ്പോൾ അത് പങ്ക് വെക്കുകയും ചെയ്യുന്നു. അവരുടെ സ്വപ്ന സങ്കൽപ്പങ്ങളും ഭാവനാ ലോകവും മനോഹരവും അതിവിശാലവുമാണ്. നിഷ്കളങ്കവും നിർമലവുമായ കുരുന്നു ഭാവനകളെ പണ്ഡിറ്റ് നെഹ്റുജി വർണിച്ചതിങ്ങനെ: “കുഞ്ഞുങ്ങളുടെ മനസ്സിലേ പൂവിന്റെ പരിശുദ്ധിയുള്ളൂ; കുഞ്ഞുങ്ങളുടെ ചിരിയിലേ സൗമ്യതയുടെ സുഗന്ധമുള്ളൂ.’
കുട്ടികള്‍ രാജ്യത്തിന്റെ അമൂല്യമായ സമ്പത്തും ഭാവിയുടെ വാഗ്ദാനങ്ങളുമാണ്. അവരുടെ ഭാവി തീരുമാനിക്കുന്നതിൽ ബാല്യകാല അനുഭവങ്ങൾക്ക് വലിയ പങ്കുണ്ട്. അവരുടെ ബുദ്ധി വികസിക്കുന്നതും സ്വഭാവ രൂപവത്കരണം നടക്കുന്നതും വൈകാരിക തലം വളരുന്നതുമെല്ലാം കൂടുതലായും ശൈശവത്തിലാണ്. മനുഷ്യ ജീവിതത്തിന്റെ പ്രാരംഭ ഘട്ടമായ ശൈശവം (Early child hood) ജീവിതത്തിന്റെ തിരക്കഥ എഴുതുന്ന പ്രായമാണെന്ന് മനഃശാസ്ത്രജ്ഞന്മാർ പറയുന്നു. ശുദ്ധ പ്രകൃതിയിൽ ജനിക്കുന്ന കുട്ടികൾ വഴിപിഴക്കുന്നതിന് രക്ഷിതാക്കളുടെ അശ്രദ്ധ വലിയ കാരണമാകുന്നു. പ്രമുഖ മനഃശാസ്ത്രജ്ഞനായ എറിക് ബേൺ പറയുന്നു: “കുട്ടികൾ രാജകുമാരന്മാരും രാജകുമാരികളുമായാണ് ജനിക്കുന്നത്, അവരുടെ മാതാപിതാക്കൾ തവളകളാക്കി വളർത്തുന്നു’. ആകയാൽ ശൈശവ കാലത്തെ വളരെ കരുതലോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. കുട്ടികളുടെ മാനസിക പ്രകൃതി പഠിച്ചവര്‍ക്കു മാത്രമേ അവരെ കൈകാര്യം ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഓരോ കുഞ്ഞിനെയും നിരന്തരം നിരീക്ഷിക്കുകയും അവരുമായി അടുത്ത് ഇടപെടുകയും ചെയ്യുമ്പോഴാണ് അതു മനസ്സിലാക്കാന്‍ സാധിക്കുന്നത്.
ശൈശവത്തിലെ വ്യക്തിത്വ രൂപവത്കരണ പരിശീലനക്കളരി കളിയിടങ്ങളാണ്. കുട്ടികളുടെ ശാരീരികവും മാനസികവും ബുദ്ധിപരവും വൈകാരികവും സാമൂഹികവുമായ വളര്‍ച്ചയെ സമഞ്ജസമായി ത്വരിതപ്പെടുത്തുന്ന ഏറ്റവും നല്ല വ്യായാമങ്ങളാണ് കളികള്‍. ഓര്‍മ ശക്തി, ബുദ്ധിവൈഭവം, സര്‍ഗാത്മകത എന്നിവയെല്ലാം വളർത്തിയെടുക്കാനും വികസിപ്പിക്കാനും പ്രശ്‌നപരിഹാരം, ക്രിയാത്മകത, സഹകരണ മനോഭാവം, ത്യാഗം സഹിക്കാനുള്ള കഴിവ് തുടങ്ങിയവ നേടാനും കളികളിലൂടെ സാധിക്കുന്നു. കണ്ടും കേട്ടും അനുഭവിച്ചുമാണ് ഈ പ്രായത്തിൽ കുട്ടികൾ പഠിക്കേണ്ടത്. ആകയാൽ നല്ലത് കാണാനും കേൾക്കാനും അനുഭവിക്കാനുമുതകുന്ന കളികളിലധിഷ്ഠിതമായ പഠന പ്രക്രിയയാണ് അവർക്ക് അഭികാമ്യം.
കൂട്ടിൽ അടച്ചിടപ്പെട്ട പക്ഷിക്കുഞ്ഞുങ്ങളെ പോലെ കഴിയാൻ വിധിക്കപ്പെടുന്ന ബാല്യങ്ങൾ, വികൃതി കാണിച്ചെന്ന് പറഞ്ഞ് ഇരു കൈകളും ബന്ധിക്കുന്ന കലാലയങ്ങൾ, നിയന്ത്രിക്കാൻ കഴിയാത്തതിന്റെ പേരിൽ ഉറക്കഗുളിക നൽകി മയക്കി കിടത്തുന്നവർ, സ്‌കൂളുള്ളതിനാല്‍ രക്ഷപ്പെട്ടു എന്ന് പറയുന്ന രക്ഷിതാക്കൾ, വേഗത്തിൽ ഭക്ഷണം കഴിക്കാത്തതിന്റെ പേരിൽ ശകാരിക്കുന്ന അമ്മമാർ, കളിമുറ്റം പോലുമില്ലാതെ ചെറിയ മുറിക്കുള്ളിൽ കഴിയേണ്ടിവരുന്നവർ, കുട്ടികളുടെ മനഃശാസ്ത്രമറിയാത്ത അയോഗ്യരായ ടീച്ചർമാർ, കുട്ടി മനസ്സിലെ മഴവിൽ വർണങ്ങൾ മായ്ചുകളയുന്ന കാടൻ നിയമങ്ങൾ… ഇതെല്ലാമാണ് ചിലയിടങ്ങളിലെ ഭാവി തലമുറയുടെ ബാല്യകാല വിശേഷങ്ങൾ. എന്നാൽ വിദേശ രാജ്യങ്ങളിൽ മികച്ച പരിശീനം ലഭിച്ച ഉയർന്ന ശമ്പളക്കാരാണ് പ്ലേ സ്കൂളിലും പ്രിസ്കൂളിലും പഠിപ്പിക്കുന്നവർ. നമ്മുടെ നാട്ടിൽ നഴ്സറികൾ തുടങ്ങുന്നതിനും ടീച്ചർമാരെ നിയമിക്കുന്നതിനും പാഠ്യപദ്ധതി രൂപകൽപ്പന ചെയ്യുന്നതിനും കൃത്യമായ മാനദണ്ഡങ്ങളും നിയമാവലികളും പാലിക്കാത്തത് സങ്കടകരമാണ്.
കുട്ടികളെ ഏറെ ഇഷ്ടം വെച്ചിരുന്ന, സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമായ നവംബർ 14ന് ദേശീയ ശിശുദിനമായാണ് ആചരിക്കുന്നത്. കുട്ടികളുടെ ആഘോഷ ദിനമായ ശിശുദിനം കൊണ്ട് പ്രധാനമായും ഉദ്ധേശിക്കുന്നത് സാമൂഹികവും മാനസികവും വൈകാരികവുമായ സംഘർഷങ്ങളെ അതിജീവിക്കാൻ എങ്ങനെ സാധിക്കുമെന്ന് അവരെ പഠിപ്പിക്കലാണ്. അതോടൊപ്പം വിദ്യാഭ്യാസവും ആരോഗ്യവും സംസ്കാരവുമുള്ള ഉത്തമ പൗരന്മാരായി വളരാനുള്ള അവസരങ്ങളും സാഹചര്യങ്ങളും അവർക്ക് പരിചയപ്പെടുത്തിക്കൊടുക്കലുമാണ്.
കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി യു എൻ ജനറൽ അസംബ്ലി രൂപപ്പെടുത്തിയ കുട്ടികളുടെ സാർവലൗകിക അവകാശ ഉടമ്പടിയിൽ അവരുടെ അവകാശങ്ങളെപ്പറ്റി വളരെ കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. കരുതൽ നടപടികൾ (Provision), സംരക്ഷണം (Protection), ഉന്നമനം (Development), പങ്കാളിത്തം (Participation) എന്നിങ്ങനെ നാല് ഭാഗങ്ങളിലായി സംരക്ഷണം, ആഹാരം, വസ്ത്രം, പാർപ്പിടം, വിദ്യാഭ്യാസം, ചികിത്സ, ബാലവേല നിരോധനം, ശാരീരിക മാനസിക പീഡനങ്ങളിൽനിന്നുള്ള സംരക്ഷണം, അഭിപ്രായ സ്വാതന്ത്ര്യം, തീരുമാനങ്ങളിലെ പങ്കാളിത്തം എന്നിവയെല്ലാം പ്രതിപാദിക്കുന്നുണ്ട്. കുട്ടികളുടെ സുരക്ഷിതത്വം, വിദ്യാഭ്യാസം, തൊഴിൽ ചൂഷണത്തിൽ നിന്നും ലൈംഗിക ചൂഷണത്തിൽ നിന്നും മറ്റുമുള്ള പരിരക്ഷ, ആരോഗ്യം, അന്തസ്സ് തുടങ്ങിയവ ഉറപ്പു വരുത്തുന്നതിനുള്ള വ്യവസ്ഥകൾ ഇന്ത്യൻ ഭരണഘടനയും അനുശാസിക്കുന്നുണ്ട്.
കാര്‍ഷിക നഴ്‌സറികളിൽ കൃത്യമായ അളവില്‍ വെള്ളവും വളവും ഫലഭൂയിഷ്ഠമായ മണ്ണും ചേര്‍ന്ന അന്തരീക്ഷത്തില്‍ ചെടികള്‍ നല്ല രീതിയില്‍ വളരുന്നപോലെ കുട്ടികളും ശിശുസൗഹൃദമായ സാഹചര്യത്തിലാണ് വളരേണ്ടത്. സ്വതന്ത്രവും നിര്‍ഭയത്വവുമായ അന്തരീക്ഷത്തിൽ സ്വയംപ്രേരിതമായ പഠനമാണ് അവർക്കുവേണ്ടത്. സ്നേഹ നിധിയായ പെറ്റമ്മയെ പോലെ പെരുമാറുന്ന ടീച്ചേഴ്സും ബാലമനഃശാസ്ത്ര പ്രകാരം രൂപകൽപ്പന ചെയ്ത പാഠ്യപദ്ധതിയും കുട്ടികളുടെ അവകാശങ്ങൾ മുഖവിലക്കെടുക്കുന്ന സമൂഹവുമാണ് പുതിയ കാലത്തിനാവശ്യം.