Poem
മിണ്ടിത്തുടങ്ങണം
അരുത് മിണ്ടരുതെന്നുറക്കെ പറയും ഭരണകൂടങ്ങളെ, പ്രത്യയശാസ്ത്രങ്ങളെ, ആൾക്കൂട്ട സദാചാരങ്ങളെ, നിങ്ങളോട് മൂർച്ചയുള്ള വാക്കിനാലിനിമിണ്ടിത്തുടങ്ങും തീർച്ച...
ഇനിയെങ്കിലും മിണ്ടിത്തുടങ്ങണം
ഇടർച്ചയില്ലാതെയുള്ളിൽ നിന്ന്.
വാക്കിന്റെ പൊള്ളലിലടർന്നു പോയൊരു
സ്നേഹങ്ങളെ തിരികെ പിടിക്കാൻ
ഇനിയെങ്കിലും മിണ്ടിത്തുടങ്ങണം
ഇമകൾകൊണ്ടാല്ലാതെയെന്നും
മനസ്സിലെ മതിൽ പൊളിച്ചയൽക്കാരനോടു
മറയില്ലാത്തൊരു വാക്കിനാൽ
മിണ്ടി മിണ്ടിയകന്നു പോയൊരു
പ്രണയിനിയെ വീണ്ടും
വഴിയിലെങ്ങാനും കണ്ടാൽ
ചെന്നൊന്നിനിയെങ്കിലും മിണ്ടിത്തുടങ്ങണം
മിണ്ടുവാനൊന്നുമില്ലാതൊരു വീട്ടിൽ
പരസ്പരം അകന്നിരുന്ന്
നെടുവീർപ്പുതിർക്കും ഞങ്ങൾക്കാഴ
ത്തിലിനിയെങ്കിലുമൊന്നു മിണ്ടിത്തുടങ്ങണം
വീടിനോടിനിയെങ്കിലും മിണ്ടിത്തുടങ്ങണം
അച്ഛനോടു മിണ്ടണം
അമ്മയോടു മിണ്ടണം
കൂടപ്പിറപ്പുകളോടു മിണ്ടണം
ഇനിയെങ്കിലും മിണ്ടിത്തുടങ്ങണം
ചങ്കിലെ സൗഹൃദങ്ങളോടകം നിറയുന്ന
വാക്കിന്റെ തുമ്പിൽ കെട്ടിയ
ഊഞ്ഞാലിലൊരുമിച്ചിരുന്നു…
അരുത് മിണ്ടരുതെന്നുറക്കെ പറയും
ഭരണകൂടങ്ങളെ,
പ്രത്യയശാസ്ത്രങ്ങളെ,
ആൾക്കൂട്ട സദാചാരങ്ങളെ, നിങ്ങളോട്
മൂർച്ചയുള്ള വാക്കിനാലിനി
മിണ്ടിത്തുടങ്ങും തീർച്ച…
ഇനിയെങ്കിലും മിണ്ടിത്തുടങ്ങണം നമ്മൾ
കാറ്റിലിലകൾ മിണ്ടുന്നപോൽ
പൊള്ളുന്ന മണ്ണിന്റെ നനവിൽ
കെട്ടിപ്പുണർന്ന വേരു പോൽ
മിണ്ടിത്തുടങ്ങണം.