Connect with us

ration scam

ബി ജെ പി സർക്കാറിനെ വെട്ടിലാക്കി സംസ്ഥാന ഓഡിറ്റ് റിപോർട്ട്; മധ്യപ്രദേശിൽ  റേഷനിൽ കൈയിട്ട് വാരി

അഴിമതി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ മേൽനോട്ടത്തിലുള്ള വകുപ്പിൽ

Published

|

Last Updated

ഭോപാൽ | മധ്യപ്രദേശിൽ കുട്ടികൾക്കും സ്ത്രീകൾക്കുമുള്ള പോഷകാഹാര പദ്ധതിയടക്കം വിവിധ റേഷൻ പദ്ധതികളിൽ വൻ അഴിമതി നടത്തി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാർ. സംസ്ഥാനത്തിന്റെ സ്വന്തം അക്കൗണ്ടന്റ് ജനറലിന്റെ റിപോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ. 36 പേജുള്ള റിപോർട്ട് എൻ ഡി ടിവിയാണ് പുറത്തുവിട്ടത്. റേഷൻ ട്രക്കുകളെന്ന പേരിൽ മോട്ടോർ സൈക്കിളുകളാണ് ഓടുന്നത്. റേഷൻ ഗുണഭോക്താക്കളുടെ എണ്ണം പെരുപ്പിച്ച് കാട്ടി വൻ അഴിമതിയാണ് നടക്കുന്നത്. വൻ പോഷകഹാര കുറവാണ് കുട്ടികൾ നേരിടുന്നത്. നികുതിദായകർക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് അഴിമതിയിലൂടെ ഉണ്ടായതെന്നും അക്കൗണ്ടന്റ് ജനറലിന്റെ റിപോർട്ടിൽ വ്യക്തമാക്കുന്നു.

സ്‌കൂൾ കുട്ടികൾക്കുള്ള സൗജന്യ ഭക്ഷണ പദ്ധതിക്കുള്ള ഉത്പാദനം, വിതരണം, ഗുണനിലവാരം എന്നിവയിൽ വലിയ അഴിമതിയും വഞ്ചനയുമാണ് നടത്തിയിരിക്കുന്നത്. ‘ടേക്ക് ഹോം റേഷൻ’ പദ്ധതിയിൽ 2021ൽ മാത്രം സംസ്ഥാനത്ത് 49.58 ലക്ഷം കുട്ടികളും സ്ത്രീകളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവരിൽ ആറ് മാസത്തിനും മൂന്ന് വയസ്സിനും ഇടയിലുള്ള 34.69 ലക്ഷം കുട്ടികൾ, ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരുമായി 14.25 ലക്ഷം പേർ, 11നും 14നും ഇടയിലുള്ള പെൺകുട്ടികളായ 64,000 പേർ തുടങ്ങിയവരും ഉൾപ്പെടുന്നു. ഇവരിൽ 24 ശതമാനം പേരിൽ നിന്ന് വിവരം തേടി തയ്യാറാക്കിയ റിപോർട്ടിലാണ് ഈ കണ്ടെത്തൽ.

ട്രക്കുകൾ എവിടെ?
6.94 കോടി രൂപ വില വരുന്ന 1,125.64 മെട്രിക് ടൺ റേഷൻ സാധനങ്ങളുടെ വിതരണത്തിനായി ട്രക്കുകളും ആറ് പ്ലാന്റുകളുമുണ്ടെന്നായിരുന്നു കാണിച്ചിരുന്നത്. എന്നാൽ പരിശോധനയിൽ മോട്ടോർ സൈക്കിളുകളും കാറുകളും ഓട്ടോറിക്ഷകളുമാണ് കണ്ടെത്തിയത്. റേഷന് അർഹതയുള്ള സ്‌കൂൾ വിദ്യാർഥിനികളെ കണ്ടെത്താൻ 2018ൽ സർവേ നടത്തൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. 2021 ഫെബ്രുവരി വരെ സർവേ പൂർത്തിയാക്കാൻ സംസ്ഥാന വനിതാ- ശിശു വികസന വകുപ്പിനായിട്ടില്ല.

എണ്ണം കൂട്ടി തട്ടിപ്പ്
2018-19 കാലയളവിൽ സ്‌കൂളിൽ പോകാത്ത പെൺകുട്ടികളുടെ എണ്ണം 9,000 എന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നത്. എന്നാൽ യാതൊരു അടിസ്ഥാന സർവേകളും നടത്താതെ കുട്ടികളുടെ എണ്ണം വനിതാ- ശിശു വികസന വകുപ്പ് 36.08 ലക്ഷമാക്കി പെരുപ്പിച്ചു.
എട്ട് ജില്ലകളിലെ 49 അങ്കൺവാടികളിലായി സ്‌കൂളിൽ പോകാത്ത മൂന്ന് പെൺകുട്ടികൾ മാത്രമാണ് 2018-21 കാലയളവിൽ രജിസ്റ്റർ ചെയ്തത്. എന്നാൽ പെൺകുട്ടികളുടെ എണ്ണം 63,748 ആക്കി കള്ളക്കണക്കുണ്ടാക്കി. ഇവരിൽ 29,104 പേർക്ക് സഹായം ചെയ്തതായും കാണിച്ചു. 110.83 കോടി രൂപയുടെ റേഷൻ തട്ടിപ്പാണ് ഇതിലൂടെ നടത്തിയത്. ബാഡി, ധാർ, മാണ്ഡ്‌ല, റേവ, സാഗർ, ശിവ്പുരി എന്നിവിടങ്ങളിലെ ആറ് പ്ലാന്റുകൾ വഴി 821 മെട്രിക് ടൺ റേഷൻ വിതരണം ചെയ്യാൻ 4.95 കോടി രൂപയാണ് ചെലവ് വന്നത്. എന്നാൽ കൃത്രിമ കണക്കിലൂടെ 58 കോടി വെട്ടിപ്പ് നടത്തി. എട്ട് ജില്ലകളിലെ ശിശു വികസന പ്രൊജക്ട് ഓഫീസർമാർക്ക് വിതരണത്തിനായി 97,000 മെട്രിക് ടൺ റേഷൻ അനുവദിച്ചു. ഇതിൽ 86,000 മെട്രിക് ടൺ മാത്രമാണ് അങ്കൺവാടികളിലെത്തിയത്. 62.72 കോടി രൂപ വില വരുന്ന 10,000 മെട്രിക് ടണ്ണിൽ അധികം റേഷൻ സാധനങ്ങൾ കടത്തിയിട്ടുണ്ട്.

പ്രതികരിക്കാതെ
സ്വന്തം ഓഡിറ്ററുടെ റിപോർട്ടിനെ കുറിച്ച് പ്രതികരിക്കാൻ മധ്യപ്രദേശ് സർക്കാർ തയ്യാറായിട്ടില്ല. 2020ലെ ഉപതിരഞ്ഞെടുപ്പിൽ ബി ജെ പി നേതാവ് ഇമാർത്തി നേതാവ് പരാജയപ്പെട്ടതോടെ മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. തുടർന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ മേൽനോട്ടത്തിലാണ് വനിതാ ശിശു വികസന വകുപ്പ് പ്രവർത്തിക്കുന്നത്. അഡീഷനൽ ചീഫ് സെക്രട്ടറിയാണ് വകുപ്പിന്റെ തലവൻ. ഇദ്ദേഹത്തെ സഹായിക്കാൻ സംസ്ഥാന തലത്തിൽ ഒരു ഡയറക്ടറും പത്ത് ജോയിന്റ് ഡയറക്ടർമാരും 52 ജില്ലാ പ്രോഗ്രാം ഓഫീസർമാരും 453 ചൈൽഡ് ഡെവലപ്‌മെന്റ് പ്രൊജക്ട് ഓഫീസർമാരുമുണ്ട്.

Latest