Kerala
സംസ്ഥാന ബജറ്റ് നാളെ; സാമ്പത്തിക സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുന്നതില്‍ ഫോക്കസ്
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനും മുമ്പുള്ള അവസാന സമ്പൂര്‍ണ ബജറ്റായതിനാല്‍ ചില ജനപ്രിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നു
![](https://assets.sirajlive.com/2025/02/untitled-6-1-897x538.jpg)
തിരുവനന്തപുരം | തദ്ദേശ ഭരണ തിരഞ്ഞെടുപ്പിനു കളമൊരുങ്ങവെ സംസ്ഥാന ബജറ്റ് നാളെ. കേന്ദ്രസര്‍ക്കാര്‍ ഏല്‍പ്പിക്കുന്ന കടുത്ത സാമ്പത്തിക സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള മാര്‍ഗങ്ങളായിരിക്കും ബജറ്റിന്റെ ഫോക്കസ്.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനും മുമ്പുള്ള അവസാന സമ്പൂര്‍ണ ബജറ്റായതിനാല്‍ ചില ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്നും കരുതുന്നു. വരുമാന വര്‍ധനക്കായി പ്രഖ്യാപിത ഇടതു നയങ്ങളില്‍ നിന്ന് വഴിമാറിയുള്ള നീക്കങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കുന്നു.
മൂന്ന് വര്‍ഷം കൊണ്ട് മുഴുവന്‍ പ്രവര്‍ത്തന സജ്ജമാകുന്ന വിഴിഞ്ഞം തുറമുഖം മുന്നില്‍ കണ്ടുള്ള സാമ്പത്തിക ആസൂത്രണവും ബജറ്റിലുണ്ടാവും. വിഴിഞ്ഞം അനുബന്ധ വികസനത്തിന് വലുതും ചെറുതുമായ ഒട്ടേറെ പദ്ധതികള്‍ പരിഗണനയിലുണ്ട്.
വ്യവസായ നിക്ഷേപ സൗഹൃദ അന്തരീക്ഷം വളര്‍ത്തുന്നതിന് സാങ്കേതിക നൂലാമാലകള്‍ ഒഴിവാക്കുന്നതിനുള്ള എല്ലാ സാധ്യതകളും ബജറ്റ് തുറന്നിടുമെന്ന സൂചന ധനമന്ത്രി നല്‍കിയിട്ടുണ്ട്. കിഫ്ബി റോഡിലെ ടോള്‍ പിരിവ്, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കുന്നു.
വരുമാന വര്‍ധന ലക്ഷ്യമിട്ട് തദ്ദേശ സ്ഥാപങ്ങളിലെ വിവിധ സേവന നിരക്കുകള്‍ പരിഷ്‌കരിക്കാനും സാധ്യതയുണ്ട്. പ്രകടന പത്രികയില്‍ പ്രഖ്യാപിച്ചതനുസരിച്ച് ക്ഷേമ പെന്‍ഷനില്‍ വര്‍ധന വരുത്താനുള്ള നീക്കമുണ്ടായേക്കും. കിഫ്ബി പദ്ധതിക്കായി സംസ്ഥാനം എടുത്ത വായ്പകളെ സംസ്ഥാനത്തിന്റെ പൊതുകടത്തിന്റെ പരിധിയില്‍ കൊണ്ടുവന്നത് അടക്കം കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോടുകാണിക്കുന്ന അവഗണനയുടെ പശ്ചാത്തലില്‍ വികസന പ്രവര്‍ത്തനത്തിനു പണം കണ്ടെത്താനുള്ള ബജറ്റിലെ മാര്‍ഗം എന്തായിരിക്കുമെന്ന് ജനം ഉറ്റുനോക്കുകയാണ്.