Kerala
ക്ഷേമപെന്‍ഷനുകള്‍ അവകാശമല്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ സംസ്ഥാന ഭിന്നശേഷി കമ്മിഷണര്‍
ഭിന്നശേഷിക്കാരുടെ പെന്‍ഷന്‍ ഔദാര്യമല്ലെന്നും അതിനാല്‍ സത്യവാങ്മൂലത്തില്‍ തിരുത്തല്‍ വരുത്തണമെന്നും അദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കി
കൊല്ലം | ക്ഷേമ പെന്‍ഷനുകള്‍ അവകാശമല്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ സംസ്ഥാന ഭിന്നശേഷി കമ്മിഷണര്‍. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഭിന്നശേഷി പെന്‍ഷന്റെ കാര്യത്തില്‍ തിരുത്തല്‍ വരുത്തണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മിഷണര്‍ എസ് എച്ച് പഞ്ചാപകേശന്‍ ആവശ്യപ്പെട്ടു.
ക്ഷേമപെന്‍ഷന്‍ സംബന്ധിച്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം നിയമവിരുദ്ധമാണ്. ഭിന്നശേഷിക്കാരുടെ പെന്‍ഷന്‍ ഔദാര്യമല്ലെന്നും അതിനാല്‍ സത്യവാങ്മൂലത്തില്‍ തിരുത്തല്‍ വരുത്തണമെന്നും അദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കി. പൊതുതാത്പര്യ ഹര്‍ജിയില്‍ ധനവകുപ്പ് അണ്ടര്‍ സെക്രട്ടറി നല്‍കിയ എതിര്‍ സത്യവാങ്മൂലത്തിലെ പരാമര്‍ശങ്ങളിലാണ് ഭിന്നശേഷി കമ്മിഷണറേറ്റ് തിരുത്തല്‍ ആവശ്യപ്പെട്ടത്. സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ നിയമപരമായ അവകാശമല്ല സഹായം മാത്രമാണെന്നും പെന്‍ഷന്‍ എപ്പോള്‍ എത്രത്തോളം വിതരണംചെയ്യണമെന്നത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നുമാണ് സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിരുന്നത്.
സാധാരണ ക്ഷേമപെന്‍ഷനെക്കാള്‍ 25 ശതമാനം തുക ഭിന്നശേഷിക്കാരന് അധികമായി നല്‍കണമെന്നാണ് നിയമം അനുശാസിക്കുന്നത്. ഭിന്നശേഷി അവകാശ നിയമത്തിലെ 24-ാം വകുപ്പില്‍ ഇതേപ്പറ്റി പറയുന്നുണ്ട്. 2016-ലെ നിയമത്തിലെ മൂന്നുമുതല്‍ 48 വരെ വകുപ്പുകള്‍ ഭിന്നശേഷിക്കാരുടെ നിയമപരമായ അവകാശങ്ങള്‍ ഉറപ്പുനല്‍കുന്നു. അവ ലംഘിച്ചാല്‍ കുറ്റകൃത്യമായി കണക്കാക്കും. ആദ്യമായി ചെയ്യുന്ന കുറ്റകൃത്യത്തിന് 10,000 രൂപയാണ് പിഴ. ആവര്‍ത്തിച്ചാല്‍ അത് 50,000 രൂപവരെയാകും.പരമാവധി അഞ്ചുലക്ഷം രൂപവരെ പിഴ ഈടാക്കാം. പ്രത്യേക കോടതിയാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ പരിഗണിക്കുക. ഇതൊന്നും കണക്കിലെടുക്കാതെയാണ് ഭിന്നശേഷിപെന്‍ഷന്‍ ഔദാര്യമാണെന്ന സത്യവാങ്മൂലത്തിലെ പരാമര്‍ശമെന്നും ഇത് സത്യത്തിനും വസ്തുതകള്‍ക്കും നിയമത്തിനും വിരുദ്ധമാണെന്നും ഭിന്നശേഷി കമ്മിഷണര്‍ ചൂണ്ടിക്കാട്ടി.