up bulldozer raj
യു പിയില്‍ ഭരണകൂട ഫാസിസം
മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പേരില്‍ സൃഷ്ടിക്കപ്പെടുന്ന സംഘര്‍ഷങ്ങള്‍ക്ക് പ്രതികാരം ചെയ്യുന്നത് ഒന്നുമറിയാതെ ഉപജീവനത്തിനായി കഷ്ടപ്പെടുന്ന സാധാരണക്കാരുടെ മേല്‍ ബുള്‍ഡോസര്‍ കയറ്റി ഇടിച്ചു നിരത്തിയല്ല. ഇത് തനി ഫാസിസവും അധികാര ദുര്‍വിനിയോഗവും ഭരണകൂട ഭീകരതയുമാണ.്
ബി ജെ പി നേതാവിന്റെ പ്രവാചകവിരുദ്ധ പരാമര്‍ശത്തിനെതിരെ ആഗോളതലത്തില്‍ പ്രതിഷേധം അലയടിക്കവെ, രാജ്യത്തെ വീണ്ടും നാണം കെടുത്തുന്ന വാര്‍ത്തകളാണ് യോഗി ആദിത്യനാഥിന്റെ ഭരണത്തിന്‍ കീഴിലുള്ള ഉത്തര്‍ പ്രദേശില്‍ നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കാണ്‍പൂരിലും പ്രയാഗ്രാജിലും പ്രവാചകവിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതിഷേധിച്ചവരെ യു പി പോലീസ് വേട്ടയാടുക മാത്രമല്ല, പ്രതിഷേധക്കാരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചു നിരപ്പാക്കുകയുമാണ് മുനിസിപ്പല്‍ അധികൃതര്‍. അനധികൃതമായി റോഡിലേക്ക് തള്ളിനില്‍ക്കുന്നുവെന്നാരോപിച്ചാണ് ചില മുസ്‌ലിം വീടുകള്‍ക്കു നേരേ ബുള്‍ഡോസര്‍ പ്രയോഗിച്ചത്. എന്നാല്‍ അതേ ലൈനിലെ സമാന രീതിയിലുള്ള ഇതര മതസ്ഥരുടെ കെട്ടിടങ്ങള്‍ക്കു നേരേ യാതൊരു നിയമനടപടിയുമില്ല.
പ്രതിഷേധത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന സഫര്‍ ഹയാത്ത് ഹാശ്മിയുടെ കടകളും, ബത്തൂരില്‍ നിര്‍മാണത്തിലിരിക്കുന്ന അദ്ദേഹത്തിന്റെ പെട്രോള്‍ പമ്പും ഹാശ്മിയുടെ അടുത്ത ബന്ധുവിന്റെ വീടും രാഷ്ട്രീയ നേതാവായ മുഹമ്മദ് ജാവേദിന്റെ വീടും പൊളിച്ചുനീക്കിയവയില്‍ പെടും. മുഹമ്മദ് ജാവേദിനെ ഗുണ്ടാ നിയമപ്രകാരം അറസ്റ്റ് ചെയ്യുകയും ചെയ്തു. മുനിസിപ്പല്‍- പോലീസ് സംഘങ്ങള്‍ വീടിനുള്ളില്‍ കയറി സാധനങ്ങളെല്ലാം വലിച്ചുവാരി പുറത്തേക്കിടുകയുമുണ്ടായി. പ്രതിഷേധക്കാരില്‍ ചിലരെ പോലീസ് മുറിയിലിട്ട് അടിച്ചൊതുക്കുന്നതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. സര്‍ക്കാറിന്റെ ദുര്‍ഭരണത്തിനും തെറ്റായ നയങ്ങള്‍ക്കുമെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ രാജ്യദ്രോഹ നിയമമാണ് നേരത്തേ ചുമത്തിയിരുന്നത്. സുപ്രീം കോടതി അടുത്തിടെ ഈ നിയമം റദ്ദാക്കിയതോടെയാണ് ദേശ സുരക്ഷാ- ഗുണ്ടാ നിയമം പ്രയോഗിക്കാന്‍ തുടങ്ങിയത്.
പ്രവാചകവിരുദ്ധ പരാമര്‍ശത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി പരേഡ് മാര്‍ക്കറ്റില്‍ ഒരു വിഭാഗം ആളുകള്‍ കടകള്‍ അടക്കുകയും മറ്റുള്ളവരെ അടപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് ആരോപിക്കപ്പെടുന്നത്. തുടര്‍ന്ന് ചേരിതിരിഞ്ഞ് സംഘര്‍ഷവും കല്ലേറുമുണ്ടായത്രെ. എന്നാല്‍ സംഘര്‍ഷത്തിനുത്തരവാദികള്‍ ആരാകട്ടെ, അവര്‍ക്കെതിരെ ശിക്ഷാവിധി പ്രഖ്യാപിക്കേണ്ടത് ജുഡീഷ്യറിയാണ്. കുറ്റവാളികളെ പിടികൂടി കോടതി മുമ്പാകെ ഹാജരാക്കുകയും അവര്‍ നടത്തിയ നിയമലംഘനം കോടതിയെ ബോധ്യപ്പെടുത്തുകയും മാത്രമാണ് ഭരണകൂടങ്ങളുടെയും നിയമപാലകരുടെയും കടമ. അതിലപ്പുറം നിയമ നടപടികളിലേക്ക് നീങ്ങാനോ ശിക്ഷ നടപ്പാക്കാനോ സര്‍ക്കാറുകള്‍ക്ക് അധികാരമില്ല. മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പേരില്‍ സൃഷ്ടിക്കപ്പെടുന്ന സംഘര്‍ഷങ്ങള്‍ക്ക് പ്രതികാരം ചെയ്യുന്നത് ഒന്നുമറിയാതെ ഉപജീവനത്തിനായി കഷ്ടപ്പെടുന്ന സാധാരണക്കാരുടെ മേല്‍ ബുള്‍ഡോസര്‍ കയറ്റി ഇടിച്ചു നിരത്തിയല്ല. ഇത് തനി ഫാസിസവും അധികാര ദുര്‍വിനിയോഗവും ഭരണകൂട ഭീകരതയുമാണ.്
യു പിയില്‍ രണ്ടാം തവണയും യോഗി അധികാരത്തിലെത്തിയത് അദ്ദേഹത്തിന്റെ അധികാര പ്രയോഗത്തിന്റെ ചിഹ്നമായ ബുള്‍ഡോസര്‍ കൂടി ഉയര്‍ത്തിക്കാട്ടിയാണ്. മാഫിയകളുടെ പേര് പറഞ്ഞാണ് തുടക്കത്തില്‍ അദ്ദേഹം ബുള്‍ഡോസര്‍ ഉപയോഗിച്ചു തുടങ്ങിയതെങ്കില്‍ പിന്നീട് തന്റെ ദുര്‍ഭരണത്തിനും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനുമെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ നിരന്തരം ബുള്‍ഡോസര്‍ പ്രയോഗം നടപ്പാക്കുകയാണ് അദ്ദേഹം. പ്രവാചകവിരുദ്ധ പരാമര്‍ശം നടത്തിയ നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച യു പി മുസ്‌ലിംകള്‍ പ്രതിഷേധത്തിനിറങ്ങിയപ്പോള്‍, ബുള്‍ഡോസര്‍ കൊണ്ട് നേരിടുമെന്ന് യോഗി മുന്നറിയിപ്പു നല്‍കിയിരുന്നു. നീതിക്കും ഇന്ത്യന്‍ നിയമങ്ങള്‍ക്കും കോടതികള്‍ക്കും പുല്ലുവില കല്‍പ്പിച്ചാണ് അദ്ദേഹത്തിന്റെ “ക്രമസമാധാന’ പാലനം.
യു പിയില്‍ മാത്രമല്ല, ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിശിഷ്യാ മുസ്‌ലിംകള്‍ക്കെതിരെ അധികാര ദുര്‍വിനിയോഗവും വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് വീടുകളും കടകളും പൊളിച്ചു മാറ്റി വഴിയാധാരമാക്കലും ഒരു പതിവു സംഭവമായിരിക്കുകയാണ് ബി ജെ പി ഭരണത്തില്‍ രാജ്യത്തുടനീളം. മധ്യപ്രദേശില്‍ രാമനവമി ദിനത്തിലെ സംഘര്‍ഷത്തിനു പിന്നാലെ ഖര്‍ഗാവില്‍ ബുള്‍ഡോസര്‍ ഉരുണ്ടത് വന്‍ വിവാദമായതാണ്. ഒന്നര മാസം മുമ്പാണ് ഹനുമാന്‍ ജയന്തി ഘോഷയാത്രയെ തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷത്തിനു പിന്നാലെ വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ നിരവധി മുസ്‌ലിം വീടുകള്‍ പൊളിച്ചു നീക്കിയത്. അനധികൃത കൈയേറ്റമെന്ന പേരിലായിരുന്നു അവിടെയും ഈ ക്രൂര നടപടി. നിര്‍മാണം നിയമവിധേയമാണെന്നു തെളിയിക്കാനുള്ള സാവകാശം പോലും അനുവദിച്ചില്ല. വിഷയം അടിയന്തരമായി പരിഗണിച്ച സുപ്രീം കോടതി പൊളിക്കല്‍ നടപടി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടും ബി ജെ പി ഭരിക്കുന്ന കോര്‍പറേഷന്‍ ഇടിച്ചുനിരത്തല്‍ പിന്നെയും തുടര്‍ന്നു. രണ്ടാമതും ഇടപെട്ട സുപ്രീം കോടതി, ഉത്തരവ് അടിയന്തരമായി കൈമാറാന്‍ നിര്‍ദേശിച്ച ശേഷമാണ് നടപടി നിര്‍ത്തിവെച്ചത്. അപ്പോഴേക്കും ഒമ്പത് ബുള്‍ഡോസറുകള്‍ അടങ്ങുന്ന സംഘം പ്രദേശത്തെ കടകള്‍ അടക്കമുള്ള നിരവധി കെട്ടിടങ്ങള്‍ തകര്‍ക്കുകയും ഒട്ടേറെപ്പേരുടെ ഉപജീവന മാര്‍ഗം ഇല്ലാതാക്കുകയും ചെയ്തിരുന്നു.
മതവികാരത്തെ വ്രണപ്പെടുത്തുകയും വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുകയും ചെയ്യുന്ന ഹിന്ദുത്വര്‍ സസുഖം പോലീസ് സംരക്ഷണയില്‍ കഴിയുകയും, അതിനെതിരെ ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കുന്നവര്‍ പോലീസ് മര്‍ദനവും മൂന്നാംമുറ പ്രയോഗവും ഏറ്റുവാങ്ങേണ്ടിയും വരുന്നതാണ് യു പിയിലെ നിലവിലെ സ്ഥിതി. യോഗിയുടെ ബുള്‍ഡോസര്‍ രാജിനെതിരെ മനുഷ്യാവകാശ, സന്നദ്ധ പ്രവര്‍ത്തകര്‍ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. യോഗി ഭരണത്തിനു കീഴില്‍ യു പിയില്‍ ഗുണ്ടാരാജാണ് നടക്കുന്നതെന്നാണ് പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ അഭിപ്രായപ്പെട്ടത്. കേന്ദ്ര സര്‍ക്കാറോ കോടതികളോ ഇടപെട്ട് ഇത്തരം ഭരണകൂട ഗുണ്ടായിസങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ രാജ്യത്തിന് ലോകരാഷ്ട്രങ്ങള്‍ക്കു മുമ്പില്‍ വീണ്ടും വീണ്ടും തലകുനിക്കേണ്ടി വരും.