Kerala
സജി മഞ്ഞക്കടമ്പിലിന് പിന്നാലെ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് ഉരുളികുന്നം രാജിവച്ചു
മോന്‍സ് ജോസഫ് എം.എല്‍.എയുടെ പാര്‍ട്ടിയിലെ ഏകാധിപത്യ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് പ്രസാദ് പ്രതികരിച്ചു.
കോട്ടയം|കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് ഉരുളികുന്നം രാജിവച്ചു. മോന്‍സ് ജോസഫ് എം.എല്‍.എയുടെ പാര്‍ട്ടിയിലെ ഏകാധിപത്യ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് പ്രസാദ് പ്രതികരിച്ചു. മോന്‍സ് ജോസഫുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സജി മഞ്ഞക്കടമ്പില്‍ യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനവും ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡന്റ് സ്ഥാനവും രാജിവച്ചിരുന്നു.
സജിയുടെ രാജിയില്‍ കോണ്‍ഗ്രസ് നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തി.
കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സജിയെ പുകഴ്ത്തി ജോസ് കെ മാണി രംഗത്തു വന്നിരുന്നു. ജോസ് കെ മാണിയുടെ നല്ല വാക്കുകളില്‍ അഭിമാനിക്കുന്നു എന്ന് സജി പ്രതികരിച്ചിരുന്നു. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് വിളിച്ച പി.ജെ. ജോസഫിനെ കാണില്ലെന്നും സജി വ്യക്തമാക്കി.
സജി മഞ്ഞക്കടമ്പലിനെ പുകഴ്ത്തി മന്ത്രി റോഷി അഗസ്റ്റിനും രംഗത്തെത്തിയിരുന്നു. സജി മികച്ച സംഘാടകനും രാഷ്ട്രീയക്കാരനുമെന്ന് റോഷി പറഞ്ഞു. എന്നാല്‍ കേരളാ കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെങ്കില്‍ നിലപാട് വ്യക്തമാക്കേണ്ടത് സജിയാണെന്നും റോഷി അഗസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.