Kerala
എയിംസിനായി നടപടികള്‍ ഊര്‍ജിതമാക്കി സംസ്ഥാന സര്‍ക്കാര്‍; കിനാലൂരിലെ ഭൂമി കൈമാറും
അനുമതി നല്‍കി പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കി
തിരുവനന്തപുരം | കേരളത്തില്‍ എയിംസ് സ്ഥാപിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കി സംസ്ഥാന സര്‍ക്കാര്‍. എയിംസിനായി തത്വത്തില്‍ അനുമതി ലഭിച്ചതോടെയാണിത്. കോഴിക്കോട് കിനാലൂരിലെ വ്യവസായ വകുപ്പിന്റെ ഭൂമി ആരോഗ്യവകുപ്പിന് എയിംസ് സ്ഥാപിക്കാനായി കൈമാറും. ഇതിന് അനുമതി നല്‍കി പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കി.
കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ കെ മുരളീധരന്‍ എം പി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ തത്വത്തില്‍ അനുമതിയായതായി കേന്ദ്രം അറിയിച്ചത്. അനുകൂല സ്ഥലം കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. തിരുവനന്തപുരം നെട്ടുകാല്‍തേരി, കോട്ടയം മെഡിക്കല്‍ കോളേജ്, കളമശ്ശേരി എച്ച് എം ടി, കോഴിക്കോട് കിനാലൂര്‍ എന്നീ സ്ഥലങ്ങളാണ് എയിംസിനായി കേരളം മുന്നോട്ട് വച്ചത്. ഇതില്‍ കോഴിക്കോട് കിനാലൂരിലെ വ്യവസായ വകുപ്പിന്റെ 150 ഏക്കര്‍ ഭൂമിയാണ് പദ്ധതിക്കായി തിരഞ്ഞെടുത്ത് ആരോഗ്യവകുപ്പിന് കൈമാറാന്‍ തീരുമാനമായത്. ഭൂമി കൈമാറാന്‍ അനുമതി നല്‍കി കൊണ്ട് പ്രിന്‍സിപ്പില്‍ സെക്രട്ടറി ഇന്നലെയാണ് ഉത്തരവിറക്കിയത്. എയിംസിനായി 100 ഏക്കര്‍ അധിക ഭൂമിയും ഏറ്റെടുത്ത് നല്‍കാമെന്നാണ് കേരളത്തിന്റെ ശിപാര്‍ശ. എയിംസിനായുള്ള കേരത്തിന്റെ ഏറെ നാളായുള്ള കാത്തിരിപ്പാണ് യാഥാര്‍ഥ്യത്തിലേക്ക് നീങ്ങുന്നത്.