Connect with us

hajj 2022

സംസ്ഥാന ഹജ്ജ് ക്യാമ്പിന്റെ സമാപനം ഇന്ന്; അവസാനദിനം മൂന്ന് വിമാനങ്ങൾ

ജൂലൈ 14 മുതലാണ് ജിദ്ദ വഴി തീര്‍ത്ഥാടകരുടെ മടക്ക യാത്ര ആരംഭിക്കുന്നത്.

Published

|

Last Updated

നെടുമ്പാശ്ശേരി | സംസ്ഥാന ഹജ്ജ് ക്യാമ്പിന്റെ സമാപന ദിവസമായ ഇന്ന് മൂന്ന് വിമാനങ്ങള്‍ സര്‍വീസ് നടത്തും. പുലര്‍ച്ചെ 3.10ന് എസ് വി 5739, വൈകുന്നേരം ആറിന് എസ് വി 5747, രാത്രി 10.55ന് എസ് വി 5743 എന്നീ നമ്പര്‍ വിമാനങ്ങളാണ് സര്‍വീസ് നടത്തുക. ഇതോടെ സംസ്ഥാനത്ത് നിന്ന് ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഈ വര്‍ഷത്തെ തീര്‍ത്ഥാടന യാത്ര അവസാനിക്കും.

അവസാന വിമാനത്തിലെ തീര്‍ത്ഥാടകര്‍ക്കുള്ള പ്രത്യേക യാത്രയയപ്പ് പ്രാര്‍ഥനാ സംഗമം ഇന്ന് വൈകുന്നേരം അഞ്ചിന് നടക്കും. ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍, ക്യാമ്പ് ഓര്‍ഗനൈസിംഗ് കമ്മിറ്റി ഭാരവാഹികള്‍ സംബന്ധിക്കും. ജൂലൈ 14 മുതലാണ് ജിദ്ദ വഴി തീര്‍ത്ഥാടകരുടെ മടക്ക യാത്ര ആരംഭിക്കുന്നത്.

ഹജ്ജ് കമ്മിറ്റി മുഖേന നെടുമ്പാശ്ശേരിയില്‍ നിന്ന് ഇന്ന് രണ്ട് വിമാനങ്ങള്‍ സര്‍വീസ് നടത്തി. ഉച്ചക്ക് 12.30ന് എസ് വി 5717 നമ്പര്‍ വിമാനവും രാത്രി 7.50ന് എസ് വി 5563 നമ്പര്‍ വിമാനവുമാണ് സര്‍വീസ് നടത്തിയത്. ഉച്ചക്ക് പുറപ്പെട്ട വിമാനം സഊദി സമയം വൈകുന്നേരം നാല് മണിയോടെ മദീനയില്‍ എത്തി. ഇതില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള 224 തീര്‍ത്ഥാടകരും പോണ്ടിച്ചേരിയില്‍ നിന്നുള്ള 38 തീര്‍ത്ഥാടകരും ആൻഡമാനില്‍ നിന്നുള്ള 103 തീര്‍ത്ഥാടകരുമാണ് യാത്രയായത്.

ആൻഡമാനില്‍ നിന്നുള്ള തീര്‍ത്ഥാടക സംഘം ആദ്യമായാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്രയാകുന്നത്. നേരത്തേ ചെന്നൈ വഴിയായിരുന്നു ഇവരുടെ യാത്ര. രാത്രി പുറപ്പെട്ട എസ് വി 5563 നമ്പര്‍ വിമാനത്തില്‍ കേരളത്തില്‍ നിന്നുള്ള 209 തീര്‍ത്ഥാടകരും തമിഴ്‌നാട്ടില്‍ നിന്നുള്ള 156 പേരും ഉള്‍പ്പെടെ 365 പേരാണ് യാത്രയായത്.