Connect with us

From the print

സംസ്ഥാനത്ത് അത്യാധുനിക ബ്ലഡ് ബാഗ് ട്രേസബിലിറ്റി സംവിധാനം; ഒരു തുള്ളി രക്തവും പാഴാകില്ല

രക്തം ശേഖരിക്കുന്നത് മുതൽ നൽകുന്നത് വരെ നിരീക്ഷണം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ രക്ത ശേഖരണ രംഗത്ത് അത്യാധുനിക സാങ്കേതിക വിദ്യയോടെ പുതിയ സംവിധാനം വരുന്നു. രക്തം ശേഖരിക്കുന്നത് മുതൽ ആവശ്യക്കാർക്ക് നൽകുന്നത് വരെ നിരീക്ഷിക്കാൻ കഴിയുന്ന അത്യാധുനിക ബ്ലഡ് ബാഗ് ട്രേസബിലിറ്റി സംവിധാനമാണ് നടപ്പാക്കുന്നത്.

വെയിൻ ടു വെയിൻ ട്രേസബിലിറ്റി സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഇതിലൂടെ താപനില കൃത്യമായി തിരിച്ചറിയാനും കാലാവധി കഴിഞ്ഞ് രക്തം നഷ്ടമാകാതിരിക്കാനും സാധിക്കുന്നു. പരീക്ഷണം വിജയകരമായതിനെ തുടർന്ന് സംസ്ഥാനത്തെ 42 സർക്കാർ ബ്ലഡ് ബേങ്കുകളിലും 57 ബ്ലഡ് സ്റ്റോറുകളിലും ഈ സംവിധാനം നടപ്പാക്കാനുള്ള പരിശ്രമത്തിലാണ് ആരോഗ്യ വകുപ്പെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
രക്തം സാധാരണ സൂക്ഷിക്കുന്നത് രണ്ട് മുതൽ എട്ട് വരെ ഡിഗ്രി താപനിലയിലാണ്. ഇത് കുറഞ്ഞാലോ കൂടിയാലോ രോഗിയുടെ ശരീരത്തിൽ പാർശ്വഫലമുണ്ടാകും. പുതിയ സാങ്കേതികവിദ്യയിലൂടെ കൃത്യമായ താപനില നിരീക്ഷിക്കാൻ കഴിയും. ഇതിനായി ബ്ലഡ് ബാഗിൽ ആർ എഫ് ഐ ഡി ലേബൽ ഘടിപ്പിക്കുന്നു. ഇതിലൂടെ രക്തത്തിന്റെ താപനില കൂടിയാലോ കുറഞ്ഞാലോ രജിസ്റ്റർ ചെയ്ത മൊബൈലിലോ ഇ മെയിലിലോ സന്ദേശം വരും. ഉടനെ ആ രക്തം പിൻവലിക്കാനുമാകും.

മാത്രമല്ല, ഗുണമേന്മ ഉറപ്പാക്കാനുമാകും. രക്തത്തിന്റെ കാലഹരണ തീയതി കഴിയാതെ പോർട്ടലിലൂടെ കൃത്യമായി ഓർമിപ്പിക്കാനും സാധിക്കുന്നു. അതിനാൽ പാഴാവുന്ന രക്തം പരമാവധി കുറയുന്നു.

പലതരം പ്രക്രിയകളിലൂടെയാണ് സുരക്ഷിതമായ രക്തശേഖരണം നടത്തുന്നത്. ആദ്യം അണുവിമുക്തമായ കവറിൽ രക്തം ശേഖരിക്കും. തുടർന്ന് രക്തത്തിലൂടെ പകരുന്ന രോഗങ്ങളുണ്ടോയെന്ന് പരിശോധിക്കുന്ന സീറോളജി ടെസ്റ്റ് നടത്തും. എച്ച് ഐ വി, ഹെപറ്റൈറ്റിസ് ബി- സി, മലേറിയ, സിഫിലിസ് എന്നീ രോഗങ്ങളുണ്ടെന്ന് കണ്ടെത്തിയാൽ ആ രക്തം നശിപ്പിക്കും. ഒപ്പം ആ രക്തദാതാവിനെ വീണ്ടും പരിശോധിച്ച് രോഗം സ്ഥിരീകരിക്കുകയാണെങ്കിൽ കൗൺസലിംഗിനും ചികിത്സക്കും വിധേയമാക്കും.