Kerala
മാതൃകയായി വീണ്ടും സംസ്ഥാനം; രാജ്യത്ത് ആദ്യമായി ജില്ലാ ആശുപത്രികളില്‍ ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍
കരള്‍ രോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സിച്ച് ജീവന്‍ രക്ഷിക്കുക ലക്ഷ്യം.

പത്തനംതിട്ട | സംസ്ഥാനത്ത് ജില്ലാ ആശുപത്രികളില്‍ ആദ്യമായി ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കരള്‍ രോഗങ്ങള്‍, പ്രത്യേകിച്ച് ഫാറ്റി ലിവര്‍ രോഗം നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്. ജനസംഖ്യയില്‍ നല്ലൊരു ശതമാനത്തോളം ആളുകളെ നിശ്ശബ്ദമായി ബാധിക്കുന്ന ഒരു രോഗമായി നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് (എന്‍ എ എഫ് എല്‍ ഡി) മാറിയിരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് നിര്‍ണായക ഇടപെടല്‍ നടത്തുന്നത്. ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ട്. ആദ്യഘട്ടമായി തിരുവനന്തപുരം ജനറല്‍ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്. ഘട്ടംഘട്ടമായി സംസ്ഥാനത്ത് ഉടനീളം ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
രക്തപരിശോധനാ ലാബുകള്‍, സ്‌കാനിംഗ് തുടങ്ങി നിലവിലുള്ള സംവിധാനങ്ങള്‍ക്ക് പുറമേ ഫാറ്റി ലിവറിന്റെ കാഠിന്യമറിയാനുള്ള ഫൈബ്രോ സ്‌കാനിംഗ് മെഷീന്‍ ഉള്‍പ്പെടെ സജ്ജമാക്കിയാണ് ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്. നിലവില്‍ പ്രധാന മെഡിക്കല്‍ കോളജുകളിലും ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തിച്ചു വരുന്നു.
വളരെ നേരത്തെ കണ്ടുപിടിച്ച് ചികിത്സിച്ചില്ലെങ്കില്‍ കരളിന്റെ പ്രവര്‍ത്തനം തന്നെ അപകടത്തിലായി അതീവ ഗുരുതരാവസ്ഥയിലേക്ക് പോകുന്ന ഒരു രോഗമാണ് ഫാറ്റി ലിവര്‍. മദ്യപാനത്തിലൂടെയോ അല്ലെങ്കില്‍ മരുന്നുകളുടെ ദുരുപയോഗം കൊണ്ടോ ഉണ്ടാകുന്ന രോഗമാണ് ഫാറ്റി ലിവര്‍ എന്നാണ് പലരും കരുതിയിരുന്നത്. എന്നാല്‍ ഇവയല്ലാതെ ഉണ്ടാകുന്ന രോഗമാണ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍. വലിയ രോഗലക്ഷണങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ കണ്ടെത്താനും താമസം വരുന്നു. അതിനാല്‍ ഈ രോഗത്തിന്റെ സങ്കീര്‍ണതകളായ ലിവര്‍ സിറോസിസോ കാന്‍സറോ ആയി മാറാന്‍ സാധ്യതയുണ്ട്. നേരത്തെ കണ്ടുപിടിക്കുന്നതിലൂടെയും ചികിത്സയിലൂടെയും ജീവിതശൈലീ മാറ്റങ്ങളിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും ഈ രോഗത്തെ നിയന്ത്രിക്കാന്‍ സാധിക്കും. അതിനായി ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ഏറെ സഹായിക്കും.
സാധാരണയായി അമിതവണ്ണം, പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയ അവസ്ഥകളിലുള്ളവരിലാണ് ഫാറ്റി ലിവര്‍ കാണപ്പെടുന്നത്. ഫാറ്റി ലിവര്‍ രോഗത്തിന് പലപ്പോഴും ലക്ഷണങ്ങള്‍ ഉണ്ടാകാറില്ല. സാധാരണ മഞ്ഞപ്പിത്തം മൂലം കണ്ണുകളിലെ മഞ്ഞ, ശരീരത്തില്‍ പെട്ടെന്നുണ്ടാകുന്ന രക്തസ്രാവം, നിറവ്യത്യാസമുള്ള മൂത്രം തുടങ്ങിയ ലക്ഷണങ്ങളാണ് കാണുന്നത്. അമിതമായ ക്ഷീണം, വയര്‍ പെരുക്കം തുടങ്ങിയ ലക്ഷണങ്ങളും കാണാറുണ്ട്. പക്ഷെ മറ്റ് പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ കാണാത്തതിനാല്‍ ഇത് പലപ്പോഴും അവഗണിക്കുകയാണ് ചെയ്യുന്നത്.
വളരെ ലളിതമായ പരിശോധനയിലൂടെ കണ്ടുപിടിക്കാവുന്ന രോഗമാണിത്. രക്തത്തിലെ എന്‍സൈമുകള്‍, ബിലിറൂബിന്‍ എന്നിവയുടെ അളവ് പരിശോധിച്ച് കരള്‍ രോഗങ്ങള്‍ കണ്ടെത്താം. എ എല്‍ ടി, എ എസ് ടി, എ എല്‍ പി, ബിലിറൂബിന്‍ എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇത് കൂടാതെ ഒരു അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് കൂടി നടത്തിയാല്‍ പെട്ടെന്ന് തന്നെ രോഗം കണ്ടുപിടിക്കാന്‍ കഴിയുന്നു. ഇതിന്റെ കാഠിന്യം അറിയുന്നതിന് ഫൈബ്രോ സ്‌കാന്‍ എന്ന പരിശോധന കൂടി നടത്തേണ്ടതുണ്ട്. ഇതിലൂടെ കരള്‍ രോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സിക്കാനും ജീവന്‍ രക്ഷിക്കാനും സാധിക്കും.