Connect with us

markaz

സംസ്ഥാന സ്കൂൾ കലോത്സവം: വിജയത്തിളക്കവുമായി മർകസ്

ചെയർമാൻ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരും ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസിയും അഭിനന്ദിച്ചു.

Published

|

Last Updated

കോഴിക്കോട് | 61ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച നേട്ടവുമായി മർകസ് വിദ്യാർഥികൾ. മത്സരിച്ച ഒമ്പത് ഇനങ്ങളിൽ എ ഗ്രേഡ് നേടിയാണ് വിവിധ മർകസ് സ്ഥാപനങ്ങളിലെ വിദ്യാർഥികൾ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയത്. കാശ്മീരി ഹോമിൽ താമസിച്ചു പഠിക്കുന്ന അഞ്ച് കാശ്മീരി സ്വദേശികളും മർകസ് ഗ്രീൻവാലി അനാഥാലയത്തിൽ പഠിക്കുന്ന കർണാടക സ്വദേശിനിയും കേരളത്തിലെ കലോത്സവത്തിന്റെ പ്രൗഢിയും പെരുമയും അനുഭവിച്ചറിഞ്ഞ് എ ഗ്രേഡ് നേടിയെന്നത് ഈ വിജയങ്ങളുടെ മാറ്റുകൂട്ടുന്നു.

ഹൈസ്കൂൾ വിഭാഗം ഉറുദു പ്രസംഗത്തിൽ മുഹമ്മദ് റൈഹാൻ, ഉറുദു കവിതാ രചനയിൽ  ബിലാൽ അഹ്‌മദ്‌,  ഉറുദു കഥാ രചനയിൽ ഫൈസാൻ റസ, ഹയർ സെക്കൻഡറി വിഭാഗം ഉറുദു പ്രസംഗത്തിൽ നാസർ മഹ്‌മൂദ്‌, ഉറുദു കവിതാ രചനയിൽ മഹ്‌മൂദ്‌ അഹ്‌മദ്‌ എന്നിവരാണ് മർകസ് ബോയ്സ് എച്ച് എസ് എസ് സ്കൂളിനെയും കോഴിക്കോട് ജില്ലയേയും പ്രതിനിധീകരിച്ച് ഗ്രേഡ് നേടിയ കാശ്മീർ സ്വദേശികൾ. കാശ്മീരി വിദ്യാർഥികളുടെ ഉന്നമനത്തിനായി സ്ഥാപിച്ച മർകസ് എമിറേറ്റ്സ് ഹോം ഫോർ കാശ്മീരി സ്റ്റുഡന്റ്സിൽ താമസിച്ചു പഠിക്കുന്നവരാണിവർ. സ്കൂൾ കലോത്സവത്തിൽ എല്ലാ വർഷവും ഉന്നതവിജയം കാശ്മീരി വിദ്യാർഥികൾ നേടാറുണ്ട്.

പിതാവിന്റെ ആകസ്മിക വേർപ്പാടിനെ തുടർന്ന് കേരളത്തിലെത്തിയ ആദ്യവർഷം തന്നെ കലോത്സവത്തിൽ പങ്കെടുത്ത് നേട്ടം കൊയ്താണ് കർണാടക മംഗലാപുരം കുക്കാജെ സ്വദേശിനിയും മർകസ് ഫാത്വിമാബി ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുമായ ഫാത്വിമത്ത് നസീറ സ്കൂളിന്റെ അഭിമാനമായത്. ഹൈസ്കൂൾ വിഭാഗം കന്നഡ കവിതാ രചനയിൽ എ ഗ്രേഡ് കരസ്ഥമാക്കിയ നസീറ പെൺകുട്ടികൾക്ക് വേണ്ടി മർകസ് സ്ഥാപിച്ച മരഞ്ചാട്ടി ഗ്രീൻവാലിയിൽ താമസിച്ചാണ് സ്കൂൾ പഠനം തുടരുന്നത്.

ഒരേ ടീമുമായെത്തി ഹൈസ്കൂൾ വിഭാഗം ദഫ്മുട്ടിലും അറബനമുട്ടിലും എ ഗ്രേഡോടെ കലോത്സവ നഗരിയിൽ നിന്നും മടങ്ങിയാണ് എരഞ്ഞിപ്പാലം മർകസ് ഇന്റർനാഷണൽ സ്കൂളിലെ മുഹമ്മദ് മിദ്‌ലാജും സംഘവും കന്നിയങ്കം കളറാക്കിയത്. മുഹമ്മദ് നാഫിൽ ടി  ടി, മുഹമ്മദ് ഫിൻശാർ ടി, മുഹമ്മദ് ബിലാൽ, മുഹമ്മദ് ഇസ്മാഈൽ എ, മുഹമ്മദ് റിൻശാദ് പി എ, മുഹമ്മദ് സിഹാൻ, മഹ്ബൂബ് അലി, സിറാജുദ്ദീൻ ടി, മുഹമ്മദ് സിനാൻ, മുഹമ്മദ് സ്വഫ്‌വാൻ എന്നിവരാണ് ടീമിലെ മറ്റംഗങ്ങൾ. ഒരു കലോത്സവത്തിൽ രണ്ട് എ ഗ്രേഡ് നേടാനായതിന്റെ സന്തോഷത്തിലാണ് ഈ കൂട്ടുകാർ.ഹൈസ്കൂൾ അറബിക് കഥാ രചനയിൽ എ ഗ്രേഡ് കരസ്ഥമാക്കി ആഇശ നജ മർകസ് ഗേൾസ് എച്ച് എസ് എസിന്റെ അഭിമാനമുയർത്തി. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്തവരെയും നേട്ടം കൊയ്തവരെയും മർകസ് സ്ഥാപനങ്ങളുടെ ചെയർമാൻ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരും ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസിയും അഭിനന്ദിച്ചു.

---- facebook comment plugin here -----

Latest