Connect with us

Kerala School Kalolsavam

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലാമേള ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

തിരുവനന്തപുരം| 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. എംടിയുടെ സ്മരണാര്‍ത്ഥം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പ്രധാനവേദിയായ എംടി നിളയിലായിരുന്നു ഉദ്ഘാടന ചടങ്ങ്. മുഖ്യമന്ത്രി അടക്കമുള്ള വിശിഷ്ട വ്യക്തികള്‍ കല്‍വിളക്ക് തെളിച്ചതോടെയാണ് സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായത്.

എട്ടു വര്‍ഷത്തിന് ശേഷമാണ് തലസ്ഥാനത്ത് സ്‌കൂള്‍ കലോത്സവം നടക്കുന്നത്. ഉദ്ഘാടനത്തിന് മുന്‍പായി കേരള കലാമണ്ഡലം ചിട്ടപ്പെടുത്തിയ സ്വാഗത നൃത്തവും അരങ്ങേറി. കൗമാര പ്രതിഭകള്‍ 25 വേദികളിലായി മികവ് തെളിയിക്കാന്‍ മാറ്റുരയ്ക്കും. 11 മണിയോടെ എല്ലാ വേദികളിലും മത്സരം ആരംഭിക്കും. ഹയര്‍ സെക്കണ്ടറി വിഭാഗം പെണ്‍കുട്ടികളുടെ സംഘനൃത്തം, ഒപ്പന, ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മാര്‍ഗം കളി എന്നിവ ആദ്യ ദിവസം വേദിയിലെത്തും. തിരുവനന്തപുരം നഗരത്തിലെ 25 വേദികളിലായി 249 ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. 15000ത്തിലധികം വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുക്കാനായെത്തുന്നത്.

പുത്തരിക്കണ്ടത്തെ ഭക്ഷണശാലയില്‍ രാവിലെ മന്ത്രി കെ എന്‍ ബാലഗോപാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം വിളമ്പി ഉദ്ഘാടനം ചെയ്തതോടെ ഊട്ടുപുര സജീവമായി. കലോത്സവം വന്‍ വിജയമാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ആരോഗ്യകരമായ മത്സരങ്ങളാണ് കലോത്സവത്തില്‍ അരങ്ങേറേണ്ടത്. തെറ്റായ ഒരു പ്രവണതയും പ്രോത്സാഹിപ്പിക്കില്ല. വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും കലോത്സവത്തിന്റെ അന്തസ്സ് ഉള്‍ക്കൊണ്ട് പെരുമാറണമെന്നും മന്ത്രി പറഞ്ഞു.