From the print
സംസ്ഥാന സ്‌കൂള്‍ കലോത്സവം എം ടിയോട് ആദരം: പ്രധാന വേദിക്ക് പുതിയ പേര് 'എം ടി നിള'
നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത്.
തിരുവനന്തപുരം | 63ാമത് കേരള സ്‌കൂള്‍ കലോത്സവത്തിലെ പ്രധാന വേദിക്ക് ‘എം ടി നിള’ എന്ന പേര് നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ്. അന്തരിച്ച വിഖ്യാത എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരമാണ് പേരില്‍ മാറ്റം വരുത്തിയത്. നേരത്തേ വേദികള്‍ക്ക് നദികളുടെ പേരിടാന്‍ തീരുമാനിച്ചിരുന്നു. ഇതോടൊപ്പം ‘അറിയാത്ത അത്ഭുതങ്ങളെ ഗര്‍ഭത്തില്‍ വഹിക്കുന്ന മഹാസമുദ്രങ്ങളേക്കാള്‍ അറിയുന്ന, എന്റെ നിളാനദിയാണെനിക്കിഷ്ടം’ എന്ന എം ടിയുടെ പ്രശസ്തമായ ഉദ്ധരണി പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആലേഖനം ചെയ്യാനും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
തലസ്ഥാന നഗരം ആതിഥേയത്വം വഹിക്കുന്ന ഈ വര്‍ഷത്തെ സ്‌കൂള്‍ കലോത്സവം നാല് മുതല്‍ എട്ട് വരെയാണ്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്ന് 101 ഉം, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നിന്ന് 110ഉം സംസ്‌കൃതോത്സവത്തില്‍ 19ഉം അറബിക് കലോത്സവത്തില്‍ 19ഉം ഇനങ്ങളിലായി ആകെ 249 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. കലോത്സവ ചരിത്രത്തില്‍ ആദ്യമായി അഞ്ച് ഗോത്ര നൃത്തരൂപങ്ങള്‍ കൂടി ഈ വര്‍ഷം മത്സര ഇനങ്ങളാകുന്നുണ്ട്. മംഗലംകളി, പണിയ നൃത്തം, പളിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവയാണ് പുതുതായി ഉള്‍പ്പെടുത്തിയ തദ്ദേശീയ നൃത്തരൂപങ്ങള്‍. കലോത്സവത്തിന്റെ പ്രോഗ്രാം ഷെഡ്യൂള്‍ പ്രകാശനം ഡിസംബര്‍ 20ന് നടന്നിരുന്നു.