Kerala
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലാമേള ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം| 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം. എട്ടു വര്‍ഷത്തിന് ശേഷമാണ് തലസ്ഥാനത്ത് സ്‌കൂള്‍ കലോത്സവം നടക്കുന്നത്. രാവിലെ 10 മണിക്ക് പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലാമേള ഉദ്ഘാടനം ചെയ്യും. 44 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന നൃത്തശില്‍പത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുക.
ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാട് വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ നൃത്തവും ഉദ്ഘാടന ചടങ്ങില്‍ ഉണ്ടാകും. ഹയര്‍ സെക്കണ്ടറി വിഭാഗം പെണ്‍കുട്ടികളുടെ സംഘനൃത്തം, ഒപ്പന, ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മാര്‍ഗം കളി എന്നിവ ആദ്യ ദിവസം വേദിയിലെത്തും.
തിരുവനന്തപുരം നഗരത്തിലെ 25 വേദികളിലായി 249 ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. 15000ത്തിലധികം വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുക്കാനായെത്തുന്നത്. പ്രധാന വേദിയായി സെന്‍ട്രല്‍ സ്റ്റേഡിയമാണ് നിശ്ചയിച്ചിട്ടുള്ളത്. മത്സരവേദികള്‍ക്ക് കേരളത്തിലെ പ്രധാന നദികളുടെ പേരുകളാണ് നല്‍കിയിട്ടുള്ളത്.
കലോത്സവം വന്‍ വിജയമാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ആരോഗ്യകരമായ മത്സരങ്ങളാണ് കലോത്സവത്തില്‍ അരങ്ങേറേണ്ടത്. തെറ്റായ ഒരു പ്രവണതയും പ്രോത്സാഹിപ്പിക്കില്ല. വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും കലോത്സവത്തിന്റെ അന്തസ്സ് ഉള്‍ക്കൊണ്ട് പെരുമാറണമെന്നും മന്ത്രി പറഞ്ഞു.