Connect with us

Kerala

സംസ്ഥാന സ്‌കൂള്‍ കായികമേള നവംബര്‍ 4 മുതല്‍ 11 വരെ എറണാകുളത്ത്

വിവിധ മത്സരങ്ങളിലായി 24,000 കായികതാരങ്ങള്‍ പങ്കെടുക്കും. തക്കുടു (അണ്ണാറക്കണ്ണന്‍) ആണ് മേളയുടെ ഭാഗ്യ ചിഹ്നം.

Published

|

Last Updated

കൊച്ചി | ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കായിക മേള നവംബര്‍ 4 മുതല്‍ 11 വരെ എറണാകുളം ജില്ലയില്‍. 17 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നടന്‍ മമ്മൂട്ടി ഉദ്ഘാടന വേദിയില്‍ എത്തും.

വിവിധ മത്സരങ്ങളിലായി 24,000 കായികതാരങ്ങള്‍ പങ്കെടുക്കുമെന്നും ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ടീമിന് മുഖ്യമന്ത്രിയുടെ എവര്‍ റോളിങ് ട്രോഫി സമ്മാനമായി നല്‍കുമെന്നും മന്ത്രി അറിയിച്ചു.

തക്കുടു (അണ്ണാറക്കണ്ണന്‍) ആണ് മേളയുടെ ഭാഗ്യ ചിഹ്നം. രാത്രിയും പകലുമായി മത്സരങ്ങള്‍ നടക്കും. സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ (ഭിന്നശേഷി) കൂടി ഉള്‍പ്പെടുത്തിയാകും മേള സംഘടിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.

കായികമേള സ്‌കൂള്‍ ഒളിംപിക്സ് എന്ന് പേര് മാറ്റാനായി ഒളിംപിക്‌സ് അസോസിയേഷനെ സമീപിച്ചെങ്കിലും സംഘടനയിലെ വിഭാഗീയതയെ തുടര്‍ന്ന് മറുപടി ലഭിച്ചില്ലെന്ന് മന്ത്രി വ്യക്തമാക്കി. അതുകൊണ്ടു തന്നെ കൂടുതല്‍ നിയമ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സ്‌കൂള്‍ ഒളിമ്പിക്‌സ് എന്ന പേര് ഇത്തവണ ഉപയോഗിക്കില്ല. ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് ഇന്ത്യയില്‍ തന്നെ ആദ്യമായി നടപ്പാക്കുന്ന സംസ്ഥാനം ആണ് കേരളം. ആദ്യ ഘട്ടത്തില്‍ 1600 ഓളം കുട്ടികള്‍ പങ്കെടുക്കും. സവിശേഷ പരിഗണന അര്‍ഹിക്കുന്ന കൂടുതല്‍ കുട്ടികളെ അടുത്ത വര്‍ഷം മുതല്‍ മേളയുടെ ഭാഗമാക്കുമെന്നും മന്ത്രി അറിയിച്ചു.

 

 

Latest