From the print
സംസ്ഥാന സ്റ്റുഡന്റ്‌സ് കൗൺസിൽ: ഏകപക്ഷീയ അധികാരപ്രയോഗങ്ങൾക്ക് ഉന്നത വിദ്യാഭ്യാസത്തെ വിട്ടുകൊടുക്കരുത്: എസ് എസ് എഫ്
സംസ്ഥാന പ്രതിനിധി സമ്മേളനം ഇന്ന്
കൽപ്പറ്റ | ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക് ഘടനയിൽ പ്രധാനപ്പെട്ട മാറ്റങ്ങൾ നിർദേശിച്ച് യു ജി സി പുറത്തിറക്കിയ മാർഗരേഖ ഏകപക്ഷീയമായ അധികാര പ്രയോഗങ്ങൾക്ക് ഉന്നത വിദ്യാഭ്യാസരംഗത്തെ ഉപയോഗപ്പെടുത്താനുള്ള കേന്ദ്ര സർക്കാറിന്റെ ശ്രമമാണെന്ന് എസ് എസ് എഫ്. ഈ മാസം ആറിന് ഇറക്കിയ കരടിന്മേൽ, നിർദേശം സമർപ്പിക്കാനുള്ള സമയം ഫെബ്രുവരി അഞ്ച് വരെ മാത്രമാണ്. ഒരു മാസം പോലും തികച്ചില്ലാതെ ഇത്ര നിർണായകമായ കരടുരേഖ പഠിക്കുക സാധ്യമല്ല. ഈ തിടുക്കത്തിന് പിറകിൽ കേന്ദ്രസർക്കാറിന് വ്യക്തമായ താത്പര്യങ്ങളുണ്ട്.
ഉന്നത വിദ്യാഭ്യാസ കാര്യത്തിൽ സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ പോലും നിഷേധിച്ച്, കേന്ദ്ര സർക്കാറിൽ സകല അധികാരവും കേന്ദ്രീകരിക്കുന്ന നയത്തിന്റെ ഭാഗം തന്നെയാണ് യു ജി സി മാർഗരേഖയും. കൺകറന്റ് ലിസ്റ്റിലെ വിഷയങ്ങളിൽ അന്തിമമായി കേന്ദ്രത്തിനുതന്നെയാണ് പരമാധികാരം. അതിനാൽ ഏതെങ്കിലും നിയമനിർമാണത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ ഭിന്നതയുണ്ടായാൽ, കേന്ദ്രത്തിന് പാർലിമെന്റിലൂടെ പാസ്സാക്കുന്ന നിയമം വഴി സംസ്ഥാനത്തെ മറികടക്കാനാകും. ഇതു മുന്നിൽ കണ്ടുകൊണ്ട് ‘ഈ വ്യവസ്ഥകൾ ലംഘിച്ചാൽ കോഴ്സുകൾക്ക് അംഗീകാരം നഷ്ടമാകുമെന്നു മാത്രമല്ല, സ്ഥാപനങ്ങൾക്കുള്ള എല്ലാ സഹായവും ഇല്ലാതാകും’ എന്നൊരു മുന്നറിയിപ്പു കൂടി യു ജി സി മാർഗരേഖയിലുണ്ട്: വി സിയാകാൻ ഇനി അധ്യാപന പരിചയം നിർബന്ധമില്ല. വ്യവസായം, പൊതുഭരണം, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങി, അക്കാദമിക് മേഖലക്ക് പുറത്ത് ‘അനുഭവ സമ്പത്ത്’ തെളിയിച്ചവർക്ക് വി സിയാകാമെന്ന വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ടതാണ് യു ജി സി മാർഗരേഖയിലെ ഏറ്റവും അപകടകരമായ നിർദേശം. ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന വ്യവസ്ഥകളാണിവ. അക്കാദമിക് മേഖലക്ക് പുറത്തുള്ള പത്ത് വർഷത്തെ ‘അനുഭവ സമ്പത്ത്’ വിലയിരുത്താനാകില്ല. അധ്യാപന പരിചയവും ഗവേഷണ മേഖലയിലെ മികവും അടക്കമുള്ള അക്കാദമിക് വൈദഗ്ധ്യം ആവശ്യമില്ലാത്ത, വെറുമൊരു ഭരണത്തലവൻ എന്ന നിലക്കുള്ള പദവിയായി വി സി മാറുകയാണ്. ചാൻസലറായ ഗവർണറുടെ ഏകപക്ഷീയ അധികാരപ്രയോഗങ്ങൾക്കെതിരെ നിയമപോരാട്ടം നടത്തുന്ന സംസ്ഥാനങ്ങളുടെ ശ്രമങ്ങളെയെല്ലാം ഒറ്റയടിക്ക് റദ്ദാക്കുന്നതാണ് യു ജി സി മാർഗരേഖ.
എസ് എസ് എഫ് ദേശീയ പ്രസിഡന്റ് നൗഷാദ് ആലം മിസ്ബാഹി ഒഡിഷ കൗൺസിൽ ഉദ്ഘാടനം ചെയ്തു. കേരള ഹജ്ജ് കമ്മിറ്റി മുൻ ചെയർമാൻ സി മുഹമ്മദ് ഫൈസി കൗൺസിലിനെ അഭിവാദ്യം ചെയ്തു. എസ് എസ് എഫ് ദേശീയ സെക്രട്ടറി മുഹമ്മദ് ശരീഫ് ബെംഗളൂരു, ഐ പി ബി ഡയറക്ടർ എം അബ്ദുൽ മജീദ് അരിയല്ലൂർ സംസാരിച്ചു. സ്വാദിഖ് സഖാഫി പെരിന്താറ്റിരി, കെ വൈ നിസാമുദ്ദീൻ ഫാളിലി, സി എൻ ജാഫർ സ്വാദിഖ് എന്നിവരുടെ നേതൃത്വത്തിൽ കൗൺസിൽ നടപടികൾ പൂർത്തിയായി.
സംസ്ഥാന പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ എട്ടിന് സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജന.സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീൽ ബുഖാരി, വൈ. പ്രസിഡൻറ് പേരോട് അബ്ദുർ റഹ്മാൻ സഖാഫി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം, ടി എ അലി അക്ബർ തൃശൂർ സെഷനുകൾക്ക് നേതൃത്വം നൽകും.